ഹൈകോടതി വിധി മറികടന്നും മൂക്കുന്നിമല കൊത്തിയരിയുന്നു

തിരുവനന്തപുരം: മൂക്കുന്നിമലയിൽ പാറഖനനം നിരോധിച്ച് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ട് ഒരുമാസം പിന്നിടുന്നു.
ഉത്തരവ് ലംഘിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ജില്ലാ കലക്ട൪ ഉൾപ്പെടെയുള്ള ഉന്നതാധികാരികൾക്ക് പരാതി നൽകിയിട്ടും അധികൃതരുടെ മൗനം നാട്ടുകാരിൽ പ്രതിഷേധം ഉയ൪ത്തുന്നു.
പള്ളിച്ചൽ വില്ലേജിൽ ഉൾപ്പെടെ മൂക്കിന്നിമലയിൽ നൂറോളം അനധികൃത ക്വോറികളാണ് പ്രവ൪ത്തിക്കുന്നത്. പ്രസ്തുത ഭൂമി 1960ൽ റബ൪കൃഷിക്കായി സ൪ക്കാ൪ പ്രത്യേകം നീക്കിവെച്ച് 89 സ്വകാര്യ വ്യക്തികൾക്ക് പട്ടയം നൽകിയിട്ടുള്ളതാണെന്ന് കാണിച്ച് മൂക്കുന്നിമലയിലെ താമസക്കാരായ മൂന്ന് സ്ത്രീകൾ ഹൈകോടതിയിൽ പരാതി നൽകുകയായിരുന്നു.
ക്വോറി പ്രവ൪ത്തനം തടയണമെന്നാവശ്യപ്പെട്ട് ഇവ൪ 1960 ൽ തങ്ങൾക്ക് പതിച്ചുകിട്ടിയ താൽകാലിക പട്ടയത്തിലും 1970 ൽ വെള്ളറട തഹസിൽദാ൪ നൽകിയ സ്ഥിരം പട്ടയത്തിലും സൂചിപ്പിച്ചിട്ടുള്ള സ൪ക്കാ൪ നിബന്ധനകൾ ചൂണ്ടിക്കാട്ടിയാണ് ഹൈകോടതിയെ സമീപിച്ചത്. ആ൪. ശങ്കറിൻെറ കാലത്താണ് റബ൪കൃഷി പരിപോഷിപ്പിക്കുന്നതിന് സംസ്ഥാനത്തൊട്ടാകെ സ൪ക്കാ൪ ഭൂമി ആരോഗ്യവാന്മാരായ ചെറുപ്പക്കാ൪ക്ക് പതിച്ചുനൽകുന്നത്. മൂന്നര ഏക്ക൪ വീതംവരുന്ന 89 പ്ളോട്ടുകളാണ് മൂക്കുന്നിമലയിൽ സ്വകാര്യ വ്യക്തികൾക്ക് അന്ന് അനുവദിച്ചത്.
അര ഏക്ക൪ വീടിനും ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനും ബാക്കിയുള്ളത് റബ൪ കൃഷിക്കായിട്ടും ഉദ്ദേശിച്ചായിരുന്നു ഇത്. നി൪ദിഷ്ട സ്ഥലം കൈവശാവകാശി റബ൪ കൃഷിക്കായി മാത്രമേ ഉപയോഗിക്കാവൂ എന്നും ഏതെങ്കിലും വിധത്തിൽ ദുരുപയോഗം ചെയ്താൽ സ൪ക്കാറിന് തിരിച്ചെടുക്കാൻ അധികാരമുണ്ടായിരിക്കും എന്നതുൾപ്പെടെ ഏഴ് നിബന്ധനകളോടെയാണ് ക൪ഷക൪ക്ക് വിതരണം ചെയ്ത പട്ടയം.
പരാതിക്കാ൪ മൂക്കുന്നിമലയിലെ ക്വോറി പ്രവ൪ത്തനത്തെ ചോദ്യം ചെയ്ത് കലക്ട൪ക്ക് നൽകിയ പരാതിയിൽ കലക്ട൪ ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പിനോട് ചോദിച്ച വിശദീകരണത്തിന് ജിയോളജിസ്റ്റിൻെറ മറുപടിയിൽ മൂക്കുന്നിമലയിലെ വിവിധ ഭാഗങ്ങളിൽ കരിങ്കൽ ക്വോറികളും ക്രഷ൪ യൂനിറ്റുകളും പ്രസ്തുത ഓഫിസിൻെറ അനുമതിയില്ലാതെ വ൪ഷങ്ങളായി പ്രവ൪ത്തിക്കുന്നുവെന്നാണ്.2011 ലെ പരാതിക്ക് മൈനിങ് ആൻഡ് ജിയോളജി ഡയറക്ട൪ 2011 ഒക്ടോബ൪ മൂന്നിന് നൽകിയ മറുപടിയിൽ പറയുന്നത്
മൂക്കുന്നിമല പ്രദേശത്ത് റബ൪ കൃഷിക്കായി സ൪ക്കാ൪ പ്രത്യേകം നീക്കിവെച്ച് പട്ടയം നൽകിയ ഭൂമിയിൽ പാറഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചിട്ടുണ്ടെന്നാണ്.പരാതിയെ തുട൪ന്ന് മൂക്കുന്നിമലയിലെ എല്ലാ ക്വോറി പ്രവ൪ത്തനങ്ങളും നി൪ത്തിവെക്കാൻ 2012 ഫെബ്രുവരി ഏഴിന് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് നടപ്പാക്കാൻ പൊലീസിനോട് നി൪ദേശിക്കുകയും ചെയ്തു. എന്നാൽ വിധി വന്ന് ഒരുമാസം പിന്നിട്ടിട്ടും മൂക്കുന്നിമലയിലെ ക്വോറി, ക്രഷ൪ പ്രവ൪ത്തനം നി൪ബാധം തുടരുകയാണ്. ഇവിടെ ഇപ്പോൾ 10ൽ താഴെമാത്രം കുടുംബങ്ങളേയുള്ളൂ. ബാക്കിയുള്ളവരിൽ നിന്ന് ഈയടുത്തകാലത്ത് ക്വോറി മാഫിയ സ്ഥലം തുച്ഛവില നൽകി സ്വന്തമാക്കുകയായിരുന്നു.
ബാക്കിയുള്ള താമസക്കാ൪ക്ക് അവരുടെ പ്ളോട്ടിന് സെൻറിന് അഞ്ച് ലക്ഷം രൂപവെച്ച് നൽകാം എന്ന മോഹവില വാഗ്ദാനം ചെയ്തിട്ടും നടക്കാത്തതിനാൽ അവരെ ഭീഷണിപ്പെടുത്തി കുടിയിറക്കാനും ശ്രമം നടക്കുന്നുണ്ടത്രെ. സ്വാധീനം ചെലുത്തി കള്ളക്കേസിൽ കുടുക്കി നിരന്തരം ശല്യപ്പെടുത്തി നാടുകടത്താനും ശ്രമിക്കുന്നതായിട്ടാണ് നാട്ടുകാ൪ പരാതിപ്പെടുന്നത്.
ഡൈനമിറ്റ്, ഇലക്ട്രിക് ഡിറ്റനേറ്റ൪, ജലാറ്റിൻ സ്റ്റിക്, വെടിയുപ്പ്, വെടിമരുന്ന് എന്നീ ഉഗ്ര സ്ഫോടക വസ്തുക്കളുപയോഗിച്ച് രാത്രിയും പകലുമില്ലാതെ തുടരുന്ന പാറഖനനം കാരണം സമീപവാസികൾക്ക് ഉറക്കമില്ലാതായിട്ട് വ൪ഷങ്ങളായി.
സ്ഫോടനത്തിൻെറ ആഘാതത്തിൽ ചുവരുകൾ വിണ്ടുകീറിയും കരിങ്കൽ കഷണങ്ങൾ വീട്ടിലും പുരയിടങ്ങളിലും ചിതറി വീണും അപായങ്ങളും കൃഷി നാശവും നിത്യസംഭവമായിട്ടുണ്ട്. കാട് നഷ്ടപ്പെട്ടതോടെ മൂക്കുന്നിമലയിലെ ജന്തുമൃഗാദികൾ അപ്രത്യക്ഷമായി.
പാറഖനനം നിലവിട്ടതോടെ  കുടിവെള്ള ക്ഷാമവുമായി.പൊലീസിനും രാഷ്ട്രീയ പാ൪ട്ടികൾക്കും മാസപ്പടി കൃത്യമായി നൽകി മൂക്കുന്നിമലയിൽ ഇവ൪ നി൪ബാധം ഖനനം തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.