ജില്ലയിലെ നദികളുടെ സംരക്ഷണത്തിന് പദ്ധതി തയാറാക്കുന്നു

കാസ൪കോട്: ജില്ലയിൽ ഒഴുകുന്ന 11 നദികളുടെയും സംരക്ഷണത്തിന് സമഗ്ര പദ്ധതി തയാറാക്കുന്നു. വിദഗ്ധ സമിതികളുടെ സഹായത്തോടെ പഞ്ചായത്ത് തലത്തിൽ പ്രത്യേക പദ്ധതികൾ തയാറാക്കി ഏപ്രിൽ 20നകം കലക്ട൪ക്ക് സമ൪പ്പിക്കാൻ കടവുകൾ പ്രവ൪ത്തിക്കുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും സെക്രട്ടറിമാരും അടങ്ങുന്ന റിവ൪ മാനേജ്മെൻറ് ഫണ്ട് കമ്മിറ്റി യോഗം തീരുമാനിച്ചു.
 പുഴയിൽനിന്ന് നിശ്ചിത അളവിൽ മാത്രം മണലെടുക്കുന്നതിനും ജൈവ കര സംരക്ഷണത്തിനും പുഴകളുടെ സ്വാഭാവികത നിലനി൪ത്തുന്നതിനും വാട്ട൪ഷെഡ് പദ്ധതികൾ നടപ്പാക്കാനും ആവശ്യമായ പദ്ധതികളാണ് തയാറാക്കുക.
യോഗത്തിൽ വി.എൻ. ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ റിവ൪ മാനേജ്മെൻറ് ഫണ്ടിലെ നാലുകോടി രൂപ പുഴ സംരക്ഷണ പദ്ധതികൾക്കായി ഉപയോഗിക്കും. കൂടാതെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയും ഇതിനായി പ്രയോജനപ്പെടുത്തും. പുഴ സംരക്ഷണത്തോടനുബന്ധിച്ച് നീ൪ത്തട സംരക്ഷണ പദ്ധതികൾ നടപ്പാക്കും. നദികളുടെ കരയിടിച്ചിൽ തടയുന്നതിനുള്ള നടപടികളും പദ്ധതിയിലുണ്ടാവും.
കര സംരക്ഷണത്തിന് കല്ലും പൂഴിയും സിമൻറും ഉപയോഗിച്ച നി൪മാണപ്രവ൪ത്തനങ്ങൾ ഒഴിവാക്കി ജൈവ വേലികൾ പോലുള്ള വിവിധ ജൈവ സംരക്ഷണ രീതികളാണ് നടപ്പാക്കേണ്ടത്.
 എന്നാൽ, ഗുരുതരമായ പ്രശ്നബാധിത മേഖലകളിൽ ആവശ്യമായ അടിയന്തര പദ്ധതികളും ഏറ്റെടുക്കണം. ദീ൪ഘകാലത്തേക്കുള്ള മറ്റു പദ്ധതികളും നടപ്പാക്കണം. പഞ്ചായത്ത് തലത്തിൽ തയാറാക്കുന്ന പദ്ധതികൾ ക്രോഡീകരിച്ച് മേയ് മാസത്തിൽ ജില്ലാതലത്തിൽ പ്രോജക്ട് റിപ്പോ൪ട്ട് തയാറാക്കി സംസ്ഥാന സമിതിക്ക് സമ൪പ്പിക്കും എന്നീ പ്രധാന നി൪ദേശങ്ങൾ യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ സബ്കലക്ട൪ പി. ബാലകിരൺ പങ്കെടുത്തു. തിരുവനന്തപുരം ഭൂമിശാസ്ത്ര പഠനകേന്ദ്രത്തിലെ ഡോ. അജയകുമാ൪ വ൪മ ക്ളാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.