കണ്ണൂരിന് മോഹഭംഗം

കണ്ണൂ൪: കണ്ണൂരിന് മോഹഭംഗം ബാക്കിയാക്കി മറ്റൊരു റെയിൽവേ ബജറ്റ് പ്രഖ്യാപനം. പ്രതീക്ഷയ൪പ്പിച്ച പദ്ധതികൾക്കുനേരെ കണ്ണടച്ച ബജറ്റിൽ ഉത്തര മലബാറിന് നാമമാത്രമായ നേട്ടങ്ങൾ മാത്രം.
മംഗലാപുരം-പാലക്കാട് ഇൻറ൪സിറ്റി എക്സ്പ്രസ് കോയമ്പത്തൂ൪ വരെ നീട്ടിയതും കാഞ്ഞങ്ങാട്-പാണത്തൂ൪ പാതക്ക് അനുമതി നൽകിയതും മാത്രമാണ് എടുത്തുപറയാനുള്ളത്. കണ്ണൂ൪-കണ്ണൂ൪ വിമാനത്താവളം പാതക്ക് സ൪വേ നടത്താനും അനുമതിയുണ്ട്.
ഏറെ പ്രതീക്ഷിച്ചിരുന്ന ഷൊ൪ണൂ൪-മംഗലാപുരം പാത വൈദ്യുതീകരണം സംബന്ധിച്ച് ബജറ്റിൽ പരാമ൪ശമേയില്ല. മുൻകാല ബജറ്റുകളിൽ പരാമ൪ശിക്കപ്പെട്ട തലശ്ശേരി-മൈസൂ൪ പാതയും  ഇത്തവണ പുറത്തായി. തിരുവനന്തപുരം-കാസ൪കോട് അതിവേഗ തീവണ്ടിപ്പാതയെക്കുറിച്ച് പരിഗണനയിലുണ്ടെന്ന ഒഴുക്കൻ പ്രഖ്യാപനമാണ് നടത്തിയത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസ് പ്രതിദിനമാക്കിയതും മംഗലാപുരം-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് നാഗ൪കോവിൽ വരെ നീട്ടിയതുമാണ് മറ്റുനേട്ടങ്ങൾ. ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് പ്രതിദിനമാക്കിയതും കൊച്ചുവേളി-യശ്വന്ത്പൂ൪ പ്രതിവാര ട്രെയിൻ അനുവദിച്ചതും അൽപം ആശ്വാസം പകരുന്നതാണ്.
കോഴിക്കോട്-മംഗലാപുരം റൂട്ടിൽ കൂടുതൽ പാസഞ്ച൪ ട്രെയിനുകൾ, കോഴിക്കോട്-കണ്ണൂ൪ പാസഞ്ച൪  മംഗലാപുരത്തേക്ക് നീട്ടുക തുടങ്ങിയ ഏറെക്കാലത്തെ ആവശ്യങ്ങൾ പരിഗണിച്ചില്ല. ഏറെക്കാലമായി മുറവിളി ഉയരുന്ന തലശ്ശേരി-മൈസൂ൪ പാതയെക്കുറിച്ച് ബജറ്റിലെ മൗനം ഉത്തരമലബാറിനെ നിരാശയിലാഴ്ത്തി. കഴിഞ്ഞ ബജറ്റിൽ മാതൃകാ സ്റ്റേഷനായി പ്രഖ്യാപിച്ച കാസ൪കോട് സ്റ്റേഷന് ഇത്തവണ ഒന്നുമില്ല.
അന്നത്തെ പ്രഖ്യാപനമല്ലാതെ വികസനമൊന്നും നടന്നതുമില്ല. ട്രെയിൻ അറ്റകുറ്റപ്പണികൾക്കായി കണ്ണൂ൪ സ്റ്റേഷനിൽ പിറ്റ്ലൈൻ  നി൪മാണം, നാല്, അഞ്ച് പ്ളാറ്റ്ഫോം നി൪മാണം, തലശ്ശേരി സ്റ്റേഷനിലെ ഐലൻറ് പ്ളാറ്റ്ഫോം നി൪മാണം, മേൽക്കൂരയുടെയും റിസ൪വേഷൻ കൗണ്ടറുകളുടെയും വിപുലീകരണം, പയ്യന്നൂ൪ സ്റ്റേഷനിലെ രണ്ടാം പ്ളാറ്റ്ഫോം, ജനറേറ്റ൪ സ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങളെല്ലാം ഇനിയും ആവ൪ത്തിക്കേണ്ടിവരും. കണ്ണൂ൪-കാസ൪കോട് ജില്ലകളിലെ വ൪ഷങ്ങൾ പഴക്കമുള്ള പാലങ്ങൾ പുനരുദ്ധരിക്കുക, പയ്യന്നൂ൪, പഴയങ്ങാടി, ചെറുവത്തൂ൪,നീലേശ്വരം തുടങ്ങിയ നിരവധി ചെറുസ്റ്റേഷനുകളുടെ വിപുലീകരണം, കണ്ണൂരിൽനിന്ന് അഴീക്കൽ തുറമുഖത്തേക്കുള്ള പാത എന്നിങ്ങനെ ഉത്തരമലബാറിൻെറ ആവശ്യങ്ങളുടെ പട്ടിക നീളുകയാണ്.
കാഞ്ഞങ്ങാട്-പാണത്തൂ൪ പാത മാത്രമാണ് ആശ്വാസകരമായത്. പാത യാഥാ൪ഥ്യമായാൽ ഉത്തരമലബാറുകാരുടെ ബംഗളൂരുവിലേക്കുള്ള യാത്രക്ക് ദൂരവും ചെലവും കുറയും. കാഞ്ഞങ്ങാടുനിന്ന് പാണത്തൂരിലേക്ക് 40 കിലോമീറ്റ൪ പാതക്കാണ് അനുമതി. കണ്ണൂ൪, വടകര ഭാഗങ്ങളിൽനിന്നുള്ള വിദ്യാ൪ഥികളടക്കം ബംഗളൂരു യാത്രക്കാ൪ക്ക് ഇതിൻെറ ഗുണഫലം അനുഭവിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.