കണ്ണൂ൪: വ്യാപകമായി മഞ്ഞപ്പിത്തബാധ കണ്ടെത്തിയ ഉളിക്കൽ കാലാങ്കിയിൽ മെഡിക്കൽ സംഘമെത്തി. ജില്ലാ മെഡിക്കൽ ഓഫിസറുടെ നി൪ദേശപ്രകാരം ഇരിട്ടി സ൪ക്കാ൪ ആശുപത്രിയിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലുള്ള ഹെൽത്ത് ഇൻസ്പെക്ട൪മാരും ഹെൽത്ത് നഴ്സുമാരും ഉൾപ്പെട്ട സംഘമാണ് എത്തിയത്.
പ്രദേശത്തെ വീടുകളിൽ കയറിയിറങ്ങിയ സംഘം രോഗപ്രതിരോധ നടപടികളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്നാണ് നി൪ദേശിച്ചത്.കാലാങ്കി മാമൻകുന്ന് പ്രദേശത്തെ സ്വകാര്യവ്യക്തികളുടെ കശുമാവ് തോട്ടത്തിൽ തളിച്ച കീടനാശിനി കിണ൪ വെള്ളത്തിലൂടെയും മറ്റും മനുഷ്യശരീരത്തിലെത്തിയതാണ് മഞ്ഞപ്പിത്തം പടരാൻ കാരണമെന്ന് നാട്ടുകാ൪ സംശയിക്കുന്നു. 60 പേ൪ക്കാണ് ഇതിനകം രോഗബാധ കണ്ടെത്തിയത്.
വെള്ളത്തിലൂടെ പടരുന്ന വൈറസ് കാരണമുണ്ടായ മഞ്ഞപ്പിത്തമാണിതെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ പറഞ്ഞു. ലാഘവത്തോടെയാണ് ആരോഗ്യവകുപ്പ് അധികൃത൪ പ്രശ്നത്തെ സമീപിക്കുന്നതെന്ന് ആക്ഷേപമുണ്ട്. വിദഗ്ധ ഡോക്ട൪മാ൪ സ്ഥലം സന്ദ൪ശിക്കുകയോ കുടിവെള്ളം, രോഗികളുടെ രക്തം എന്നിവയുടെ സാമ്പിൾ ശേഖരിക്കുകയോ ചെയ്തിട്ടില്ലെന്ന് നാട്ടുകാ൪ പറയുന്നു. സെവിൻ എന്ന പേരിൽ വിൽക്കപ്പെടുന്ന കാ൪ബറിൽ എന്ന മാരക കീടനാശിനിയാണ് വീടുകളുടെ പരിസരത്തെ കശുമാവ് തോട്ടങ്ങളിൽ തളിച്ചത്. ഇത് കുടിവെള്ളത്തിലൂടെയോ വായുവിലൂടെയോ ശരീരത്തിലെത്തി കരളിൻെറ പ്രവ൪ത്തനത്തെ ബാധിച്ചത് മഞ്ഞപ്പിത്തത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് കീടനാശിനികൾ സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധരുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.