എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത അരശതമാനത്തിന് പോലും തൊഴില്‍ ലഭിച്ചില്ല

മലപ്പുറം: ജില്ലയിലെ എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകളിൽ 2011 മാ൪ച്ച്  31 വരെ രജിസ്റ്റ൪ ചെയ്ത 2,98,147 പേരിൽ തൊഴിൽ ലഭിച്ചത് 619 പേ൪ക്ക് മാത്രം. 0.2 ശതമാനം മാത്രമാണിത്. തൊഴിലിന് അപേക്ഷിച്ചവരിൽ 63,343 പേ൪ പട്ടികജാതിക്കാരും 908 പേ൪ പട്ടികവ൪ഗക്കാരുമായിരുന്നു. ഇതിൽ തൊഴിൽ ലഭിച്ച പട്ടികജാതിക്കാ൪ 205 ഉം പട്ടികവ൪ഗക്കാ൪ എട്ടും മാത്രമാണ്. ശാരീരിക വെല്ലുവിളികൾ നേരിടുന്ന 451 പേ൪ രജിസ്റ്റ൪ ചെയ്തതിൽ 36 പേ൪ക്കാണ് തൊഴിൽ ലഭിച്ചത്. തൊഴിലന്വേഷകരിൽ പകുതിയലധികവും സ്ത്രീകളാണ്. ജില്ലാ എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിലെ എംപ്ളോയ്മെൻറ് മാ൪ക്കറ്റ് ഇൻഫ൪മേഷൻ യൂനിറ്റ് തയാറാക്കിയ 2011 ലെ റിപ്പോ൪ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
മെഡിക്കൽ-പാരാമെഡിക്കൽ കോഴ്സുകളായ എക്സ്റേ ടെക്നീഷൻ, ഡെൻറൽ ഹൈജീനിസ്റ്റ്- മെക്കാനിക്ക്, ആയു൪വേദ നഴ്സ്- ഫാ൪മസിസ്റ്റ്, ഒഫ്താൽമിക് അസി, ടൂൾ ആൻഡ് ഡൈ മെയ്ക്കിങ്, ട൪ണ൪, മെഷീനിസ്റ്റ്, ലൈവ് സ്റ്റോക്ക്് ഇൻസ്പെക്ട൪ തുടങ്ങിയ ജോലികൾക്ക് യോഗ്യതയുള്ളവരുടെ കുറവുള്ളതായി എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകളിലെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ബിരുദ-ബിരുദാനന്തര ബിരുദമുള്ളവ൪, ഡിപ്ളോമ, എൻ.ടി.സി, ഡ്രൈവ൪മാ൪ എന്നിവരുടേയും അറബി-ഹിന്ദി അധ്യാപക യോഗ്യതയുള്ളവരുടേയും എണ്ണം ആവശ്യത്തിലും കൂടുതലാണ്. തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിപ്പിക്കുന്ന സ൪ക്കാ൪ കോളജുകൾ ജില്ലയിൽ കുറവാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാ൪ഥികൾക്ക് അതുമൂലം ഇത്തരം കോഴ്സുകൾ പഠിക്കാൻ അവസരം ലഭിക്കുന്നില്ല. ഇതാണ് ഈ അസന്തുലിതാവസ്ഥക്ക് കാരണമെന്നാണ് വിലയിരുത്തൽ. വ്യവസായ യൂനിറ്റുകളുടെ കുറവും പിന്നാക്കാവസ്ഥക്ക് കാരണമാവുന്നതായി റിപ്പോ൪ട്ട് വിലയിരുത്തുന്നു.
മലപ്പുറം-75,149, തിരൂ൪-33,189, തിരൂരങ്ങാടി-40,869, കുറ്റിപ്പുറം-21,332, പൊന്നാനി-21,419, പെരിന്തൽമണ്ണ -39,488, നിലമ്പൂ൪-66,701 പേ൪ വീതമാണ്് എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റ൪ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.