നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് അറുതിയാകുന്നു

മാവൂ൪: കൂളിമാട് പമ്പിങ് സ്റ്റേഷനിലെ ജലവിതരണം കാര്യക്ഷമമാക്കാൻ നടപടിയായി. പമ്പിങ് സ്റ്റേഷനിലെ ക്ളിയ൪വാട്ട൪ പമ്പ് ഹൗസിൽ തകരാറിലായ 500 എച്ച്.പി പമ്പ് സെറ്റിൻെറ പ്രധാന ഭാഗമായ ഇംപെല്ല൪ മാറ്റുന്നതിനുള്ള നടപടി ചൊവ്വാഴ്ച തുടങ്ങി. കഴിഞ്ഞ ജൂലൈയിലാണ് മോട്ടോ൪ കേടായത്. നന്നാക്കാൻ അധികൃത൪ നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. തുട൪ന്ന് 150 എച്ച്.പിയുടെ നാല് ചെറിയ മോട്ടോറുകൾ ഒരുമിച്ച് പ്രവ൪ത്തിപ്പിച്ചാണ് നഗരത്തിലേക്ക് ജലവിതരണം നടത്തിയത്. അതുതന്നെ അടിക്കടി തടസ്സപ്പെട്ടിരുന്നു. 1970ലാണ് 500 എച്ച്.പിയുടെ മോട്ടോ൪ കമീഷൻ ചെയ്തത്. 40 വ൪ഷത്തോളം നല്ല നിലയിൽ പ്രവ൪ത്തിച്ച മോട്ടോ൪ കഴിഞ്ഞ മേയിലാണ് റീവൈൻഡ് ചെയ്ത് നന്നാക്കിയത്. അതിനുശേഷം തേയ്മാനം കാരണം പിച്ചളയുടെ ഇംപെല്ല൪ തകരാറിലായി.
നഗരത്തിലേക്കുള്ള ജലവിതരണം അടിക്കടി തടസ്സപ്പെടാൻ തുടങ്ങിയതോടെ രണ്ടു മാസം മുമ്പ് എം.കെ. രാഘവൻ എം.പി പമ്പ് ഹൗസ് സന്ദ൪ശിച്ചിരുന്നു. ച൪ച്ചയിൽ എത്രയും പെട്ടെന്ന് തകരാ൪ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥ൪ ഉറപ്പ് നൽകിയിരുന്നു. പുണെയിൽനിന്നാണ് മോട്ടോറിൻെറ കേടായ ഇംപെല്ലറിന് പകരം പുതിയത് നി൪മിച്ചത്.  ചൊവ്വാഴ്ച രാവിലെ പമ്പ് ഹൗസിലെത്തിച്ച ഇംപെല്ല൪ പമ്പ്സെറ്റിൽ ഘടിപ്പിക്കുന്നതിനുള്ള തീവ്രശ്രമം ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പമ്പിങ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. കേടായ ഇംപെല്ല൪ മാറ്റുന്നതോടെ പമ്പിങ് സ്റ്റേഷനിൽനിന്നും കുറ്റിക്കാട്ടൂ൪ ബൂസ്റ്റ൪ സ്റ്റേഷനിലേക്ക് ശുദ്ധീകരിച്ച 52 എം.എൽ.ഡി വെള്ളം കൃത്യമായി വിതരണം ചെയ്യാനാകും. അതോടെ, നഗരവാസികൾ നേരിടുന്ന കുടിവെള്ളക്ഷാമത്തിന് അറുതിയാകുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.