കുരുന്നുകള്‍ക്ക് വിസ്മയമായി കിറ്റിയെത്തി

ഇടുക്കി: ‘ഉണ൪വ്’ ആരോഗ്യ സന്ദേശവുമായി എത്തിയ കിറ്റി എന്ന കുട്ടിക്കുരങ്ങൻ കുരുന്നുകൾക്ക് വിസ്മയമായി. ജില്ലയിലെ ഇൻഫ൪മേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പ് ആവിഷ്കരിച്ച ഉണ൪വ് പദ്ധതിയുടെ ഭാഗമായി ആരോഗ്യകേരളം അവതരിപ്പിച്ച കിറ്റി ഷോ അഥവാ വെൻട്രിലോക്കിസം എന്ന പരിപാടിയാണ് കുട്ടികൾക്ക് ഒരുപോലെ അറിവും വിനോദവുമായത്.
എലി പരത്തുന്ന രോഗങ്ങൾ, എലിയെ എന്തുകൊണ്ട് ഉന്മൂലനം ചെയ്യണം, ചപ്പുചവറുകൾ എവിടെ നിക്ഷേപിക്കണം,ആരോഗ്യ ശീലങ്ങളോടൊപ്പം പാലിക്കേണ്ട ശുചിത്വ ശീലങ്ങൾ എന്തെല്ലാം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ ചോദ്യോത്തര ശൈലിയിൽ ആവിഷ്കരിച്ച് ഉത്തരം നൽകി മുന്നേറിയ കിറ്റി ഷോ കുട്ടികൾക്ക് പുത്തൻ അനുഭവമായി.
കുസൃതിത്തരങ്ങളോടെ ചോദ്യങ്ങൾ ചോദിച്ച കിറ്റി അവയുടെ  ഉത്തരങ്ങളും കുരുന്നുകളുടെ മനസ്സിൽ ഉറപ്പിച്ചു.
ചോദ്യാത്തരങ്ങൾ അവസാനിപ്പിച്ച് വീണ്ടും കാണാമെന്ന് പറഞ്ഞപ്പോൾ കുരുന്നുകൾക്ക് സങ്കടം. വിനോദ് നരനാട്ട് എന്ന കലാകാരനാണ് വെൻട്രിലോക്കിസം എന്ന കലാവിദ്യ കിറ്റി എന്ന കുരങ്ങുപാവയിലൂടെ അവതരിപ്പിച്ച് കുട്ടികളുടെ മനം കവ൪ന്നത്.
കരിങ്കുന്നം ജി.എൽ.പി സ്കൂളിൽ കിറ്റി ഷോയുടെ ഉദ്ഘാടനം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ രവി കുട്ടപ്പൻ നി൪വഹിച്ചു. സീനിയ൪ അസിസ്റ്റൻറ് സി.ടി. സരസമ്മ അധ്യക്ഷത വഹിച്ചു. അസി.ഇൻഫ൪മേഷൻ ഓഫിസ൪ സിനി കെ. തോമസ്, ആരോഗ്യകേരളം ബ്ളോക്തല കോഓഡിനേറ്റ൪ ശ്രീകാന്ത് എന്നിവ൪ പങ്കെടുത്തു. കിറ്റിഷോ വെള്ളിയാമറ്റം എസ്.ജെ യു.പി, അറക്കുളം എസ്.ജി യു.പി , മൂലമറ്റം ജി.യു.പി, എടാട്ടുമല ജി.എൽ.പി എന്നീ സ്കൂളുകളിൽ 14 നും ജി.എൽ.പി അയ്യപ്പൻകോവിൽ, ജി.എൽ.പി കാഞ്ചിയാ൪, ജി.യു.പി തങ്കമണി, എസ്.ജി.യു.പി വാഴത്തോപ്പ് എന്നീ സ്കൂളുകളിൽ  15 നും ജി.ടി.യു.പി കുമളി, ജി.എച്ച് വഞ്ചിവയൽ, ജി.യു.പി വണ്ടിപ്പെരിയാ൪, ജി.യു.പി പാമ്പനാ൪ എന്നീ സ്കൂളുകളിൽ 16 നും  ജി.എൽ.പി ചെങ്കുളം, ജി.യു.പി തോക്കുപാറ, ജി.യു.പി മച്ചിപ്ളാവ്, എസ്.ജി.എൽ.പി കല്ലാ൪കുട്ടി എന്നീ സ്കൂളുകളിൽ 19 നും ജി.എച്ച് മുക്കുടം, ജി.എച്ച് അടിമാലി, ജി.എൽ.പി വെള്ളത്തൂവൽ, ജി.എൽ.പി മുതിരപുഴ എന്നീ സ്കൂളുകളിൽ 20 നും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.