കോട്ടയം: പൊലീസിനെയും നാട്ടുകാരെയും മണിക്കൂറുകൾ മുൾമുനയിൽ നി൪ത്തി ചിങ്ങവനത്ത് ‘നുണബോംബ്’ പൊട്ടി. നാടകീയ രംഗങ്ങൾക്ക് ഒടുവിലാണ് ബോംബ് ഭീതി വിട്ടൊഴിഞ്ഞത് . തിങ്കളാഴ്ച രാവിലെ 9.30നാണ് സംഭവങ്ങളുടെ തുടക്കം.
ചിങ്ങവനം പോളച്ചിറ കൊണ്ടകശേരിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ഹരിഹരൻെറ വീടിന് മുന്നിലെ റോഡിലാണ് അലുമിനിയം ഫോയിലിൽ പൊതിഞ്ഞ പന്തിൻെറ ആകൃതിയിലെ വസ്തു ആശങ്ക സൃഷ്ടിച്ചത്.
വഴിയാത്രക്കാരിൽ ചില൪ പ്രകടിപ്പിച്ച സംശയമാണ് ‘ബോംബിലേക്ക്’ വഴിമാറിയത്. 250 ഗ്രാമിലേറെ തൂക്കം വരുന്ന വസ്തു കൈയിലെടുത്ത് പരിശോധിച്ച ഹരിഹരൻ അലുമിനിയം ഫോയിൽനിന്ന് പുറത്തേക്ക് വന്ന രണ്ട് വയറുകൾ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു. ഇതോടെ ബോംബാണെന്ന ധാരണയിൽ സാധനം നിലത്തേക്ക് ഇട്ടു. ചുറ്റും കൂടിനിന്നവരും ബോംബാണെന്ന് പറഞ്ഞതോടെ ചിങ്ങവനം പൊലീസിനെ വിവരം അറിയിച്ചു. ചിങ്ങവനം എസ്.ഐ. തോംസണിൻെറ നേതൃത്വത്തിലുള്ള സംഘം പരിശോധനക്ക് എത്തിയതോടെ നൂറുകണക്കിനാളുകളും തടിച്ചുകൂടി.
പൊലീസ് പരിശോധനയിലും ഭീതി നിറഞ്ഞതോടെ തൊട്ടടുത്ത റബ൪തോട്ടത്തിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റേണ്ടി വന്നു. വെള്ളം നിറച്ച ബക്കറ്റിലിട്ട് ‘ബോംബ്’ നി൪വീര്യമാക്കാനായിരുന്നു പിന്നീട് പൊലീസ് ശ്രമം.ഇതിനിടെ ആളുകളുടെ എണ്ണം ക്രമാതീതമായി ഉയ൪ന്നതോടെ നിയന്ത്രിക്കാൻ പൊലീസും ഏറെ ബുദ്ധിമുട്ടി. ബോംബ് സ്ക്വാഡ് എസ്.ഐ എം.ടി രതീഷിൻെറ നേതൃത്വത്തിലുള്ള സംഘം പരിശോധനക്ക് എത്തിയതോടെ കൂടിനിന്നവരിൽ ഭീതിയും വ൪ധിച്ചു.
ആളുകളെ മാറ്റിനി൪ത്തിയശേഷം നടത്തിയ ആദ്യപരിശോധനയിൽ യന്ത്രത്തിൽനിന്ന് ശബ്ദം പുറത്തേക്ക് വന്നതോടെ ബോംബാണെന്ന സംശയം വ൪ധിച്ചു. അലുമിനിയം ഫോയിൽ പൊതിഞ്ഞതിനാലാണ് ശബ്ദം കേട്ടതെന്നും സ്ഫോടകവസ്തുക്കൾ ഒന്നും തന്നെയില്ലെന്നും സംഘം വിശദീകരിച്ചിട്ടും ആളുകളുടെ ഭയം മാറിയില്ല.
ഒടുവിൽ മറ്റൊരു യന്ത്രത്തിൻെറ സഹായത്തോടെ നടത്തിയ വിദഗ്ധ പരിശോധനയിൽ സ്ഫോടകവസ്തുക്കൾ ഇല്ലെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ചിങ്ങവനം സ്റ്റേഷനിൽ കൊണ്ടുപോയ വസ്തു ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ രാജേഷ് എന്ന പൊലീസുകാരൻ അഴിച്ചുനോക്കിയതോടെയാണ് ഭീതി വിട്ടൊഴിഞ്ഞത്.
അലുമിനിയം ഫോയിൽ പൊതിഞ്ഞ് വയ൪ ഘടിപ്പിച്ച ‘ഐസ്ക്രീം’ ബാളിനകത്ത് മണ്ണ് നിറച്ചതാണെന്ന് കണ്ടെത്തിയതോടെ മണിക്കൂറുകൾ നീണ്ട ആശങ്കക്ക് അറുതിയായി. രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കിയ ‘കെണി’ ചില൪ ബോധപൂ൪വം സൃഷ്ടിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.