സത്യത്തിൻെറ നേരാവിഷ്കാരം കലയല്ലെന്നാണ് കഥാകരാനായ പി.കെ പാറക്കടവിൻെറ പക്ഷം. യാഥാ൪ത്ഥ്യത്തോടൊപ്പം ഫാൻറസിയും കൂടിക്കലരുമ്പോളാണ് അത് കലാ സൃഷ്ടിയാവുന്നത്. മറിച്ച് അത് ചരിത്രമാവും. പി.കെയുടെ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ നാം വ൪ത്തമാന കാലത്തും അഭൗമിക ലോകത്തും പാറി നടക്കുകയാവും.മനുഷ്യ ചിന്തകളൂടെ അപ്പുറത്തെ ജീവജാലങ്ങളെ കഥയിൽ കൊണ്ടുവരുന്നത് കലാ സൃഷ്ടിയുടെ സ്വാഭാവികത ചോ൪ത്തും എന്ന വിമ൪ശനം നേരത്തെയുണ്ട്. എന്നാൽ, ഷേക്സ്പിയ൪ നാടകങ്ങളിലെ അഭൗമിക ശക്തികൾ അതിൻെറ സ്വാഭാവികതക്ക് ഭംഗം വരുത്തുന്നില്ല. അതേസമയം, കലാ സൃഷ്ടിയുടെ സാമൂഹ്യ പ്രസക്തിയെന്ത് എന്ന ചോദ്യവും പണ്ടു മുതൽക്ക് തന്നെ ചോദിച്ചുവരുന്നു.
പാറക്കടവിൻെറ ആദ്യത്തെ നോവൽ- മീസാൻ കല്ലുകളൂടെ കാവൽ ഇത്തരം ചോദ്യങ്ങളെ പ്രസക്തമാക്കുന്നതാണ്. മിത്തുകളും യാഥാ൪ത്ഥ്യങ്ങളും പ്രണയവും മരണവും സാഹിത്യവും കഥയും ഒരേ പോലെ കടന്നുവരുന്നതാണ് പതിനാറ് കഥകളുടെ സമാഹാരമായ മീസാൻ കല്ലുകളുടെ കാവൽ... ഒരു നാട്ടിൽ നിലനിൽക്കുന്ന മിത്തുകളും കഥകളും ഒരു കാലഘട്ടത്തിൻെറ രാഷ്ട്രീയ, സാമൂഹ്യ വിചാരങ്ങളും അതോടൊപ്പം വായിച്ചെടുക്കാം.
കഥകൾ കടൽ തിര പോലെയാണ്. അവ അടങ്ങുന്നില്ല. ഓ൪മകളുടെ പായ്ക്കപ്പൽ നിറയെ കഥകളാണ് എന്നു പറഞ്ഞാണ് പി.കെ എന്ന കൊച്ചു കഥകളുടെ സുൽത്താൻ നോവൽ തുടങ്ങുന്നത്. കഥ കഥയൊഴിച്ച് മറ്റെന്തുമാണ് എന്നാണ് നോവലിലെ കഥാപാത്രം സുൽത്താൻ ഷഹ൪സാദിനോട് പറയുന്നത്. ഒരു നാടിൻെറ ചിരിത്രം പരിശോധിക്കാൻ അക്കാലത്തിറങ്ങിയ കഥാ പുസ്തകങ്ങൾ വായിച്ചാൽ മതിയെന്നും സുൽത്താൻ പറയുമ്പോൾ കഥയിലെ രാജകുമാരനും കഥാകാരനും ഒന്നാവുകയാണ്.
ഒരേ സമയം മിത്തുകളും കഥകളും നിറഞ്ഞുനിൽക്കുന്ന മലബാറിലെ ഗ്രാമങ്ങളിലൊന്നിൻെറ ചരിതവും എഴുതുകളൂടെ തുടക്കത്തിൽ നിലനിന്ന രാഷ്ട്രീയ സംഭവങ്ങളും വിവാദങ്ങളും പുതിയ നോവലിൽ മിന്നായം പോലെ കടന്നുവരുന്നു. എം. മുകുന്ദനും രാജൻ കൊലക്കേസും കമ്യൂണിസ്റ്റ് പാ൪ട്ടിയും ഈ നോവലിനെ ഫാൻറസിയിൽ നിന്ന് വ൪ത്തമാന കാലത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതാണ്. കമ്യൂണിസ്റ്റായാൽ ഇസ്ലാം മതത്തിൽ നിന്ന് പുറത്താവുമെന്ന വിശ്വാസം ശക്തമായി നിലനിന്ന കാലത്താണ് കഥാകാരൻെറ യൗവനകാലമെന്ന് നോവൽ പറഞ്ഞുതരുന്നു.
സുൽത്താൻെറ കഥകൾ കേൾക്കുന്ന ഷഹ൪സാദ കാമുകിയാവാം, കൂട്ടുകാരിയാവാം, കഥകൾ കേൾക്കുന്ന ശ്രോതാവുമാവാം. ബാല്യവും യൗവനവും വിദ്യാഭ്യാസവും കഴിഞ്ഞു. സുൽത്താനും ഷഹ൪സാദയും മരിച്ചു. പക്ഷെ കഥകളുടെ പായ്ക്കപ്പലുമായി വന്ന സുൽത്താൻ കഥ പറയുകയാണ്. ഷഹ൪സാദയുടെ ഖബറിനകിലിരുന്ന്. അവൾക്ക് കാവലാളായി നിൽക്കുന്ന മീസാൻ കല്ലായി. കഥകൾ മരിക്കുന്നില്ലെന്ന സന്ദേശമാണ് സുൽത്താനിലൂടെ പി.കെ പറയാൻ ശ്രമിക്കുന്നത്.
ഒരിക്കൽ കടൽക്കരയിൽ അസ്തമയം നോക്കിനിൽക്കെ ഷഹ൪സാദ സുൽത്താൻെറ ചെവിയിൽ മന്ത്രിച്ചു, കെട്ടു പോകരുത് കെട്ടു പോകരുത് എൻെറയീ സൂര്യൻ, കെട്ടു പോകരുത് കഥയുടെ ഈ സൂര്യൻ.
നോവൽ വായിച്ചുതീരുമ്പോൾ ആസ്വാദക മനസ്സിലും ഇതേ മന്ത്രമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.