കോഴിക്കോട്: അനധികൃതമായി കോഴിക്കോട്ട് തങ്ങിയെന്ന കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ തയാറാണെന്നു കാണിച്ച് പ്രമുഖ ഇസ്രായേൽ എഴുത്തുകാരി സൂസൻ നാതൻ നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ജി. മഹേഷ് മുമ്പാകെ ഹരജി നൽകി. പൊലീസ് വീട്ടുതടങ്കലിൽ വെച്ചതിനാൽ അഭിഭാഷകൻ അഡ്വ. മഞ്ചേരി സുന്ദ൪രാജിനൊപ്പം കോടതിയിലെത്താൻ തടസ്സമുണ്ടെന്നും കോടതിയിൽ ഹാജരാക്കാൻ നടക്കാവ് പൊലീസിന് നി൪ദേശം നൽകണമെന്നും ആവശ്യപ്പെട്ടു. പൊലീസിൽനിന്ന് റിപ്പോ൪ട്ട് തേടിയ കോടതി കേസ് വാദം കേൾക്കാൻ വെള്ളിയാഴ്ചത്തേക്ക് മാറ്റി.
നാടു കടത്താനുള്ള ഉത്തരവിനെതിരെ സൂസൻ നൽകിയ അപ്പീലിൽ വീണ്ടും വാദം കേൾക്കൽ ഈയാഴ്ച നടന്നേക്കും.
നടക്കാവ് കനകാലയ ബാങ്കിനു സമീപത്തെ വാടക വീട്ടിൽ വീട്ടുതടങ്കലിൽ വെച്ച പൊലീസ്, കോടതിയിൽ അഭിഭാഷകനൊപ്പം ഹാജരാകുന്നത് തടഞ്ഞതിനെതിരെ മനുഷ്യാവകാശ കമീഷന് പരാതി നൽകിയതായി അഡ്വ. മഞ്ചേരി സുന്ദ൪രാജ് അറിയിച്ചു.
വിസ കാലാവധി കഴിഞ്ഞിട്ടും തങ്ങിയതിന് ഫോറിനേഴ്സ് ആക്ട് 14 എ, ബി വകുപ്പുകൾ പ്രകാരമാണ് സൂസനെതിരെ നടക്കാവ് പൊലീസ് കേസ്്. ഇന്ത്യയിൽ നിരോധിച്ച ചില സംഘടനകളുമായി ബന്ധപ്പെടുന്നുവെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോ൪ട്ടിന്റെയടിസ്ഥാനത്തിൽ പൊലീസ് നാടുവിടാൻ നേരത്തേ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരായ ഹരജി ഹൈകോടതി തള്ളിയെങ്കിലും അപ്പീലാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. പൊലീസിന്റെ ആരോപണങ്ങൾ ശരിയല്ലെന്നും നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണമെന്നും ഇന്നലെ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു.
ഇസ്രായേലിന്റെ അറബി ക്യാമ്പുകൾ സന്ദ൪ശിച്ച് 'ദ അദ൪സൈഡ് ഓഫ് ഇസ്രായേൽ' എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയ സൂസൻ ലോക പ്രശസ്ത സാമൂഹിക പ്രവ൪ത്തകയാണെന്നും 63കാരിയും രോഗിയുമായ അവ൪ക്ക് അ൪ഹമായ പരിഗണന നൽകണമെന്നും ഹരജയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.