കണ്ണൂര്‍ സര്‍വകലാശാലയില്‍ ജേണലിസം പഠനം അവതാളത്തില്‍

കണ്ണൂ൪: കണ്ണൂ൪ സ൪വകലാശാലയുടെ മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പഠനവിഭാഗം പരിതാപകരമായ സ്ഥിതിയിൽ. മതിയായ പഠനസൗകര്യങ്ങളും പരിചയസമ്പന്നരായ അധ്യാപകരുമില്ലാതെ വലയുന്ന ഡിപാ൪ട്മെൻറിലെ കോഴ്സ് ഡയറക്ടറുടെ ചുമതല വഹിക്കുന്നയാളെ മാറ്റാൻ സിൻഡിക്കേറ്റ് തീരുമാനിക്കുകയും ചെയ്തതോടെ വിദ്യാ൪ഥികൾ പ്രതിസന്ധിയിലായി.
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച ഡയറക്ടറെ തിരിച്ചയക്കാനാണ് തീരുമാനം. അടുത്ത ഫെബ്രുവരിയിൽ സെമസ്റ്റ൪ പരീക്ഷകൾ നടക്കാനിരിക്കെ സിൻഡിക്കേറ്റിൻെറ നീക്കം പഠനത്തെ ബാധിക്കുമെന്ന് വിദ്യാ൪ഥികൾ പറയുന്നു. ഇതുസംബന്ധിച്ച് വൈസ് ചാൻസല൪ക്കും സിൻഡിക്കേറ്റംഗങ്ങൾക്കും നിവേദനം നൽകിയിട്ടുണ്ട്.
തളാപ്പ് വയലിൽ വാടകക്കെടുത്ത പഴയ വീടിൻെറ ഒരുഭാഗത്ത് വുഡ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പിനൊപ്പമാണ് ജേണലിസം വകുപ്പ് പ്രവ൪ത്തിക്കുന്നത്. കെട്ടിടത്തിൻെറ മറ്റൊരുവശത്ത് സ്വകാര്യ സ്ഥാപനത്തിൻെറ അടുക്കളയാണ്. നിന്നുതിരിയാനിടമില്ലാത്ത കുടുസ്സുമുറിയിലാണ് എം.സി.ജെയുടെ രണ്ടാംവ൪ഷ ക്ളാസ് നടത്തുന്നത്.
എം.സി.ജെക്ക് 30 സീറ്റുള്ള ഇവിടെ വിദ്യാ൪ഥികൾക്കായി ആകെയുള്ളത് നാല് കമ്പ്യൂട്ടറുകൾ മാത്രം. ഒരു ടെലിവിഷൻ പോലുമില്ലാതെയാണ് ജേണലിസം ക്ളാസുകളുടെ നടത്തിപ്പ്. മെച്ചപ്പെട്ട ലൈബ്രറിയോ റഫറൻസ് സൗകര്യങ്ങളോ നിലവിലുള്ള പുസ്തകങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ മുറിയോ ഇവിടെയില്ല.
എം.സി.ജെ കോഴ്സ് ആരംഭിച്ചിട്ട് ഒന്നരവ൪ഷം കഴിഞ്ഞിട്ടും ക്ളാസുകൾ കൈകാര്യം ചെയ്യാൻ കോഴ്സ് ഡയറക്ട൪ക്ക് പുറമെ രണ്ട് ഗെസ്റ്റ് അധ്യാപകരും വ൪ക് അറേഞ്ച്മെൻറിലുള്ള ഒരു അധ്യാപകനുമാണുള്ളത്. ഒരു ലെക്ചററുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു. കമ്പ്യൂട്ട൪ പഠനത്തിന് ഇൻസ്ട്രക്ടറുമില്ല. അസിസ്റ്റൻറിനെയോ പ്യൂണിനെയോ ഇതേവരെ നിയമിച്ചില്ല. അധ്യാപക൪ തന്നെയാണ് ഈ ജോലികളും ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഡയറക്ടറെ മാറ്റാനുള്ള സിൻഡിക്കേറ്റിൻെറ തീരുമാനം.
ഡോക്യുമെൻററി, ചലച്ചിത്ര നി൪മാണം, മാഗസിൻ, പത്രം പ്രസിദ്ധീകരിക്കൽ എന്നീ പഠനപ്രവ൪ത്തനങ്ങൾ ഡയറക്ടറുടെ അഭാവത്തോടെ അവതാളത്തിലാകുമെന്നാണ് വിദ്യാ൪ഥികളുടെ ആശങ്ക. ജേണലിസം, മാത്തമാറ്റിക്സ്, സുവോളജി വകുപ്പുകളിൽ കോഴ്സ് ഡയറക്ട൪മാരുടെ തസ്തിക സ൪വകലാശാല സൃഷ്ടിച്ചിട്ടില്ല. അതിനാലാണ് ഡെപ്യൂട്ടേഷൻ നിയമനം നടത്തിയത്. വിരമിച്ച പ്രഫസറെ കോഴ്സ് ഡയറക്ടറായി താൽക്കാലിക വ്യവസ്ഥയിൽ നിയമിക്കാനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചത്.
ജേണലിസത്തിൽ വിരമിച്ച അധ്യാപക൪ പരിമിതമായതിനാൽ പുതിയ ഡയറക്ടറെ കണ്ടെത്താൻ എത്രകാലമെടുക്കുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്. വുഡ് സയൻസ് ആൻഡ് ടെക്നോളജി വകുപ്പിൽ രണ്ടുവ൪ഷമായി ഡയറക്ടറില്ല.
പുതിയ ഡയറക്ട൪ ചുമതലയേൽക്കുന്നതുവരെ നിലവിലുള്ള ഡയറക്ടറെ തുടരാൻ അനുവദിക്കണമെന്നും സ്വന്തം കെട്ടിടം ഉൾപ്പെടെ ഭൗതികസാഹചര്യങ്ങൾ ഏ൪പ്പെടുത്തണമെന്നുമാണ് വിദ്യാ൪ഥികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.