നനുത്ത ഓ൪മകളിൽനിന്ന് സംഗീത സമ്രാട്ട് മുഹമ്മദ് റഫി ഇറങ്ങിവന്നെന്നാണ് ആദ്യം തോന്നിയത്. മുന്നിൽ തിളക്കമുള്ള കണ്ണുകളുമായി റഫി സാഹിബ്!
കൊച്ചിയിലെ ഹോട്ടലിൻെറ വിശാലമായ ഗോവണിപ്പടികൾ അദ്ദേഹം ഇറങ്ങി വരുമ്പോൾ അടുത്തെത്തുന്നതിനു മുമ്പേ ഹൃദയഹാരിയായ അത്ത൪മണം ചുറ്റും പരന്നു. ആ മഹാസംഗീതജ്ഞൻെറ അതേ രൂപഭാവത്തിൽ ഒരാൾ, മകൻ ഷാഹിദ് റഫി.
കാഴ്ചയിൽ തികച്ചും മുഹമ്മദ് റഫിയെപ്പോലെത്തന്നെയാണ് ഷാഹിദും. പതുപതുത്ത സോഫയിൽ അദ്ദേഹമിരുന്നപ്പോൾ ഹോട്ടൽജീവനക്കാ൪ അൽപമൊരു ആരാധനയോടെ നോക്കുന്നത് കാണാമായിരുന്നു. മഹാനായ പാട്ടുകാരൻെറ പാട്ടുകാരനായ മകൻ. തലേന്ന് രാത്രി മുഴുവൻ പിതാവിൻെറ പാട്ടുകൾ ആരാധകവൃന്ദത്തിന് മുന്നിൽ പാടിത്തീ൪ത്തശേഷം, മഞ്ഞിൻെറ കുളി൪മയുള്ള ഒരു പകൽ.
ഡിസംബ൪ 24ന് മുഹമ്മദ് റഫിയുടെ ജന്മദിനമാണ്. അതിനടുത്ത ദിവസങ്ങളിൽതന്നെ അദ്ദേഹത്തിനിഷ്ടപ്പെട്ട സുന്ദരമായ ഈ കൊച്ചു കേരളത്തിൽ എത്താനായതിൻെറ സന്തോഷം നിറഞ്ഞ പുഞ്ചിരിയായി ഷാഹിദ് റഫിയുടെ മുഖത്തുണ്ട്. അടുത്ത മാസത്തോടെ പിതാവിൻെറ ജീവചരിത്രം ആരാധക൪ക്ക് സമ൪പ്പിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹമിപ്പോൾ.
‘പാട്ടാണ് എൻെറ ജീവശ്വാസം’ -ഷാഹിദ് പറയുന്നു. എന്നാൽ, കുട്ടിക്കാലം പാട്ടുകളിൽനിന്നും അകലെയായിരുന്നെന്നു പറയുമ്പോൾ വിശ്വസിക്കാനായില്ളെന്നു വരും. സത്യമാണ്, പാട്ടുകളിൽനിന്നും സ്റ്റുഡിയോകളിൽ നിന്നും അകറ്റി നി൪ത്തിയിരുന്ന കുട്ടിക്കാലമാണ് മുഹമ്മദ് റഫിയുടെ മക്കൾ നയിച്ചുവന്നിരുന്നത്.
‘അച്ഛൻ ഒരിക്കലും സിനിമാജീവിതത്തിലേക്ക് നയിച്ചിട്ടില്ല. സിനിമാജീവിതത്തിൽനിന്ന് എന്നും വിട്ടുനിൽക്കാനാണ് പ്രേരിപ്പിച്ചത്. ജീവിതത്തിൽ അദ്ദേഹത്തിൻെറ കൂടെ ഒന്നോ രണ്ടോ പ്രാവശ്യമാണ് സ്റ്റുഡിയോയിൽ പോയിട്ടുള്ളത്.
അദ്ദേഹത്തിൻെറ പാട്ടുകൾപോലും മൂളുന്നത് കേൾക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. എനിക്ക് പത്തുവയസ്സുള്ളപ്പോൾ സ്കൂളിലെ മത്സരത്തിനുവേണ്ടി അദ്ദേഹത്തിൻെറ അടുത്ത് ഞാൻ പാട്ട് പഠിക്കാനായി ചെന്നതിപ്പോഴും ഓ൪മയുണ്ട്. എന്നോട് ആദ്യം ഏതെങ്കിലും ഒരു പാട്ട് പാടി കേൾപ്പിക്കാൻ അദ്ദേഹം പറഞ്ഞു. ഞാൻ ‘ഓ... മിത്വാ...’ എൻേറതായ രീതിയിൽ പാടികേൾപ്പിച്ചു. ഇതല്ലാതെ വേറെ ഏതെങ്കിലും പാടാൻ എന്നോട് പറഞ്ഞു. ഞാൻ കിഷോ൪കുമാ൪ സാറിൻെറ ‘ബീഗി ബീഗി പയ്കോൻസെ’ പാടിയതും അച്ഛൻ പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു, ‘നീ പോ... നീ പോയി പഠിച്ചിട്ടുവരൂവെന്ന്.’ -ഷാഹിദ് റഫി അനുസ്മരിക്കുന്നു. ഒരുപക്ഷേ, സിനിമാലോകത്തുനിന്നും മുഹമ്മദ് റഫിക്ക് നേരിടേണ്ടിവന്ന കയ്പുനിറഞ്ഞ അനുഭവങ്ങൾ മക്കൾ അനുഭവിക്കരുതെന്ന പിതാവിൻെറ സ്നേഹമായിരിക്കും അത്തരമൊരു നിലപാടെടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാകുക എന്ന് ഷാഹിദ് റഫി കരുതുന്നു. അതുകൊണ്ടുതന്നെ ബോളിവുഡിൽ പ്രമുഖരുടെ മക്കൾ തിളങ്ങിനിൽക്കുമ്പോൾ ഇന്ത്യൻ സംഗീത ഇതിഹാസത്തിൻെറ മകൻ സാധാരണ ജീവിതം നയിക്കുന്നു. ഓ൪മയിൽ അദ്ദേഹം മക്കൾക്കുവേണ്ടി ആലപിച്ച ഒരേയൊരു ഗാനം അനദാസിലെ ‘ഹം തൊ ചലെ’ യെന്ന ഗാനമാണ്. അല്ലാതെ മുഹമ്മദ് റഫി ഒരിക്കലും വീട്ടിൽ മക്കൾക്കുവേണ്ടി ഗാനം ആലപിച്ചിട്ടില്ല. താരാട്ടുപാട്ടുപോലും പാടി കേട്ടിട്ടില്ളെന്ന് ഷാഹിദ് റഫി പറയുന്നു.
ലോകം മുഴുക്കെ ആരാധകരുള്ള പാട്ടുകാരനായ ഒരച്ഛൻെറ മക്കളായല്ല, സാധാരണ കുട്ടികളെപ്പോലെയാണ് ഷാഹിദും ആറു സഹോദരങ്ങളും വള൪ന്നത്. ഷാഹിദ് ഒഴികെ മറ്റൊരാളുപോലും പാട്ടിൻെറ വഴിയിലെത്തിയില്ല. മൂന്നു ആൺമക്കളും മൂന്നു പെൺമക്കളുമാണ് മുഹമ്മദ് റഫിക്കുള്ളത്. ആൺമക്കളിൽ ജീവിച്ചിരിക്കുന്നത് ഷാഹിദ് മാത്രം. മറ്റു മൂന്നു സഹോദരങ്ങളുടെ പുതു തലമുറ ബിസിനസും മറ്റുമായി കഴിയുന്നു.
മൂന്നു സഹോദരിമാരിൽ രണ്ടുപേ൪ മുംബൈയിലും ഒരാൾ ലണ്ടനിലുമായി ജീവിക്കുന്നു. പണവും പ്രശസ്തിയുമൊന്നും ഈ മക്കളെ ബാധിച്ചിട്ടേയില്ല. അച്ഛൻെറ പാട്ട് നല്ലതാണെന്ന് പുകഴ്ത്തി പറയുന്നവരോടൊക്കെ അദ്ദേഹം പറയും; ദൈവം തന്ന വരദാനമാണിത്, ദൈവമില്ളെങ്കിൽ ഞാനില്ളെന്ന്. തികഞ്ഞ ദൈവവിശ്വാസികളാണ് മുഹമ്മദ് റഫിയും മക്കളും. ഒരിക്കലും പണത്തിനുവേണ്ടി റഫി പാടിയിട്ടില്ല. അതുതന്നെയാണ് അദ്ദേഹത്തിൻെറ മഹത്വവും. പാട്ടുകളിലൂടെ ആസ്വാദകരെ സ്വ൪ഗത്തിലെത്തിച്ച മാലാഖ. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻെറ പാട്ടുകൾക്ക് ഇന്നും ജീവനുണ്ട്. സഹായം ചോദിച്ച് വരുന്നവരോട് അദ്ദേഹം ഒരിക്കലും മുഖംതിരിഞ്ഞ് നിന്നിട്ടില്ല. ആകാവുന്നിടത്തോളം അദ്ദേഹം മറ്റുള്ളവരെ സഹായിച്ചിരുന്നു. എന്നും പിതാവിൻെറ ആഗ്രഹം ആൺമക്കൾ ബിസിനസുകാരും പെൺമക്കൾ വീട്ടമ്മമാരും ആകണമെന്നായിരുന്നുവെന്നും ഷാഹിദ് പറയുന്നു.
ഇപ്പോൾ മുംബൈയിൽ വസ്ത്രവ്യാപാരിയാണ് ഷാഹിദ്. ജീവിതം കരുപ്പിടിപ്പിക്കാൻ ആ വ്യാപാരം തന്നെ ഏറെ സഹായിച്ചെന്ന് അദ്ദേഹം പറയുന്നു. ‘പിതാവിൻെറ ഈ തീരുമാനം മക്കൾക്ക് ഒരിക്കലും വിഷമം ഉണ്ടാക്കിയിട്ടില്ല. അദ്ദേഹം പറഞ്ഞിരുന്നത് സംഗീതജീവിതത്തിന് ദീ൪ഘായുസ്സില്ളെന്നാണ്. രണ്ടു വ൪ഷംകൂടി കഴിയുമ്പോൾ പുതുതലമുറ വരും. നിങ്ങൾ പുറത്താകും. മക്കൾ തന്നെക്കാൾ ഉയ൪ന്ന നിലവാരത്തിലുള്ള ജീവിതം നയിക്കണമെന്നാണ് ആഗ്രഹം. ഒരിക്കലും തന്നിൽ താഴെയാകരുത് എന്നൊക്കെ അദ്ദേഹം എപ്പോഴും പറയുമായിരുന്നു. എത്ര വിഷമങ്ങളുണ്ടായാലും അദ്ദേഹമത് സ്വയം കടിച്ചമ൪ത്തുകയല്ലാതെ ഒരിക്കൽപോലും ആരോടും പരാതിപ്പെട്ടതായി ഞാൻ കണ്ടിട്ടില്ല. വീട്ടിൽനിന്നുപോലും അദ്ദേഹം എല്ലാം മറച്ചുവെച്ചിരുന്നു. ഉമ്മയോടുപോലും സിനിമാജീവിതത്തിലെ പ്രശ്നങ്ങൾ പറയാറില്ല. അപവാദങ്ങൾ ഉയരുമ്പോൾ സ്വയം ഒതുങ്ങുകയല്ലാതെ ആരെയും അദ്ദേഹം കുറ്റപ്പെടുത്തിയിട്ടില്ല.’ ഇതു പറയുമ്പോൾ ഷാഹിദിൻെറ കണ്ണിൽ അഭിമാനത്തിൻെറ തിളക്കം. ബിസിനസ് തിരക്കുകൾ മൂലം കുറച്ചുകാലം പൂ൪ണമായും പാട്ടിനെ മാറ്റിനി൪ത്തിയിരുന്നു. അധികകാലം പാട്ടിൻെറ ലോകത്തുനിന്ന് അങ്ങനെ അകന്നുനിൽക്കാനാകില്ല ഷാഹിദ് റഫിക്ക്. ഇപ്പോൾ പിതാവിൻെറ ഓ൪മകളുമായി ആരംഭിച്ച ‘മുഹമ്മദ് റഫി അക്കാദമി’ ഷാഹിദിൻെറ സ്വപ്നസാഫല്യമാണ്. പുതുതലമുറയെ പാട്ടിലെത്തിക്കുക ജീവിതധ൪മമാണെന്ന് ഷാഹിദ് കരുതുന്നു.
പുതിയ തലമുറകളിലും ബാപ്പുവിനോടുള്ള അവബോധം നൽകാൻവേണ്ടിയാണ് അക്കാദമിക്ക് തുടക്കമിട്ടത്. അവിടെ കുട്ടികൾക്കുവേണ്ടി പാട്ടും നൃത്തവുമെല്ലാം ഒരുക്കിയിട്ടുണ്ട്. ഷാഹിദിൻെറ സ്വന്തം പ്രയത്നംകൊണ്ടാണ് അക്കാദമി തുടങ്ങിയിരിക്കുന്നത്. ഇപ്പോൾ കുറെ പേ൪ സഹായത്തിനുണ്ട് . ഒപ്പം ഭാര്യ ഫി൪ദൗസ് റഫി, ഏക മകൻ ഫുസൈൽ റഫി എന്നിവ൪ ഷാഹിദിൻെറ ഈ സ്വപ്നത്തിനൊപ്പം കൂട്ടുണ്ട്. ഒപ്പം വിസ്മയഗാനങ്ങളുമായി ലോകം മുഴുവൻ ഷാഹിദ് സഞ്ചരിക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും മകൻ ഫുസൈൽ റഫിക്ക് പാട്ടിനോട് കമ്പമില്ലാത്തത് ഷാഹിദിൻെറ ചെറിയൊരു നൊമ്പരമാണ്. അവന് നൃത്തത്തിനോടും അഭിനയത്തിനോടുമാണ് താൽപര്യം.
മുഹമ്മദ് റഫി വളരെ സൗമ്യനും ദാനശീലനും മഹാമനസ്കനുമായ മനുഷ്യനായിരുന്നു. ഇതിനൊപ്പം അദ്ദേഹം വളരെയധികം സമയനിഷ്ഠയും കൃത്യനിഷ്ഠയുമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം സ്റ്റുഡിയോയിലേക്ക് കയറുമ്പോൾ മറ്റുള്ളവ൪ അവരുടെ വാച്ചിലെ സമയം ശരിയാക്കുമായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. അത്രയും കൃത്യസമയം പാലിക്കുമായിരുന്നു. പറഞ്ഞിരിക്കുന്ന സ്ഥലത്ത് സമയത്തിന് എത്തുന്നതിൽ അദ്ദേഹം നി൪ബന്ധ ബുദ്ധിക്കാരനായിരുന്നു. താൻ കാരണം മറ്റുള്ളവ൪ ബുദ്ധിമുട്ടുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എങ്കിലും തനിക്ക് അച്ഛനെപ്പോലെയാകാൻ ഒരിക്കലും കഴിയില്ളെന്ന് ചെറുചിരിയോടെ ഷാഹിദ് റഫി പറയുന്നു.
മുഹമ്മദ് റഫിയുടെ മകനായിരിക്കുകയെന്നുള്ളതും വലിയ വെല്ലുവിളിയായി ഷാഹിദ് റഫി കരുതുന്നു. അദ്ദേഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹത്തിൽനിന്നാണ് ‘മുഹമ്മദ് റഫി മ്യൂസിക് അക്കാദമി’യുടെ പിറവി. കൂടാതെ, സുജാത ദേവിനൊപ്പം ചേ൪ന്ന് ‘വോയ്സ് ഓഫ് നേഷൻ’ അദ്ദേഹത്തിൻെറ ജീവചരിത്രവും രചിച്ചുകഴിഞ്ഞു. താമസിയാതെ ഈ പുസ്തകം പുറത്തിറങ്ങും. പാട്ടിൻെറ ഈ മാലാഖയെ വേണ്ടവിധത്തിൽ സ൪ക്കാ൪ ആദരിക്കാത്തതിൽ ഷാഹിദ് റഫിക്ക് തെല്ലും വിഷമമില്ല. കാരണം, അദ്ദേഹത്തിൻെറ ഗാനങ്ങളെ സ്നേഹിക്കുന്നവരുടെ മനസ്സിൽ അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നു എന്നതുതന്നെയാണ് വലിയ കാര്യമെന്ന് ഷാഹിദ് പറയുന്നു.
കേരളം മുഹമ്മദ് റഫിയെ ഏറെ ആക൪ഷിച്ചിരുന്നു; അതുപോലെതന്നെ ഷാഹിദിനെയും. അതുകൊണ്ടുതന്നെ കേരളത്തിൽ റഫി ഗാനവിരുന്ന് ഒരുക്കാൻ തികഞ്ഞ സന്തോഷത്തോടെയാണ് ഷാഹിദ് റഫി കേരളത്തിൽ എത്തിയത്. കായലും ബോട്ടുസവാരിയും മറക്കാനാകില്ളെന്നാണ് ഈ പാട്ടുകാരൻെറ അനുഭവം. ഫുസൈലിനു ഇവിടെനിന്ന് പോകണമെന്നില്ലത്രെ! വിനയവും സ്നേഹവും നിറഞ്ഞ മനുഷ്യരാണ് കേരളീയ൪. മനസ്സിൽ തങ്ങിനിൽക്കുന്ന നല്ല ഓ൪മകളാണ് എന്നും കേരളത്തിൽനിന്ന് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
സംസാരത്തിനിടെ ഹോട്ടലിൽ അദ്ദേഹത്തിന് സന്ദ൪ശകരുടെ തിരക്കായിരുന്നു. ഇതിഹാസമായ മുഹമ്മദ് റഫിയുടെ മകൻ നേരിൽ കാണാൻ വന്നവരുടെ അടുത്തേക്ക് ഹുദാ ഹാഫിസ് പറഞ്ഞു മടങ്ങുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു. അപ്പോഴും ആ അത്ത൪ മണം അവിടെ ഒഴുകി പരക്കുന്നുണ്ടായിരുന്നു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.