പീരുമേട്: മുല്ലപ്പെരിയാ൪ സമരത്തെത്തുട൪ന്ന് തമിഴ്നാട്ടിൽനിന്ന് ചെക്പോസ്റ്റുകൾ വഴി വാഹനങ്ങൾ ഓടാത്തതിനാൽ നികുതിയിനത്തിൽ ഇരു സംസ്ഥാനങ്ങൾക്കും വൻ നഷ്ടം. കുമളി, കമ്പംമെട്ട് ചെക്പോസ്റ്റുകളിൽ കഴിഞ്ഞ 15ൽപ്പരം ദിവസങ്ങളായി വരുമാനമില്ല.
വിൽപ്പന നികുതി, മോട്ടോ൪ വാഹന വകുപ്പിൻെറ ചെക്പോസ്റ്റിലെ കാഷ് കൗണ്ടറുകളാണ് ശൂന്യമായത്. ശബരിമല തീ൪ഥാടന കാലത്ത് നൂറുകണക്കിന് വാഹനങ്ങളാണ് ചെക്പോസ്റ്റുകൾ വഴി കടന്നുപോയിരുന്നത്. കേരളത്തിലെ മോട്ടോ൪ വാഹന വകുപ്പിന് വൻ നികുതി നഷ്ടം ഉണ്ടായപ്പോൾ തമിഴ്നാടിന് വിൽപ്പന നികുതിയിനത്തിലാണ് നഷ്ടം. ഇതോടൊപ്പം ഉൽപ്പാദന നഷ്ടവും. തമിഴ്നാട്ടിലെ വിവിധ വൻകിട സിമൻറ് ഫാക്ടറികളിൽനിന്ന് ദിനേന 50 ലോറിയിലധികം കേരളത്തിൽ എത്തിയിരുന്നു. ഇതോടൊപ്പം സോപ്പ്, ആഡംബര വസ്തുക്കൾ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളുടെ വിപണിയും കേരളമായിരുന്നു. ക്രിസ്മസ്, പുതുവത്സരാഘോഷത്തിന് ലക്ഷക്കണക്കിന് രൂപയുടെ പടക്കമാണ് ശിവകാശിയിൽനിന്ന് കേരളത്തിൽ എത്തിയിരുന്നത്. നി൪മിച്ച പടക്കങ്ങൾ ഭൂരിഭാഗവും ശിവകാശി, മധുര തുടങ്ങിയ സ്ഥലങ്ങളിൽ കെട്ടിക്കിടക്കുകയാണ്.ക്രിസ്മസ് ആഘോഷത്തിനുള്ള പടക്കങ്ങൾ കേരള വിപണിയിൽ എത്തിക്കാത്തതിനാൽ വൻ നഷ്ടമാണ് ഉൽപ്പാദക൪ക്കുണ്ടായത്. ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വിപണിയില്ലാതെ ക൪ഷകരും ക്ളേശിക്കുകയാണ്. മൈസൂരിൽനിന്ന് കേരളത്തിൽ പച്ചക്കറി എത്തുന്നതിനാൽ ക്ഷാമം നേരിടുന്നില്ല. തമിഴ്നാട്ടിൽനിന്ന് പാൽ ശേഖരിച്ചിരുന്ന സ്വകാര്യ പാൽ കമ്പനികൾ ക൪ണാടകയിൽനിന്ന് പാൽ വാങ്ങാൻ തുടങ്ങിയതും തമിഴ്നാടിന് തിരിച്ചടിയായി. ചരക്കുനീക്കം തുട൪ന്നും തടസ്സപ്പെട്ടാൽ കേരളത്തിലെ വ്യാപാരികൾ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചാൽ തമിഴ്നാട്ടിലെ വ്യവസായിക, കാ൪ഷിക മേഖല തകരുമെന്ന് കമ്പത്തെ മൊത്ത വ്യാപാരികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.