ഭീഷണിയുമായി ബി.ജെ.പി നേതാവും സംഘവും; സംഘര്‍ഷം ഒഴിവാക്കിയത് പൊലീസ്

തൃശൂ൪: എലൈറ്റ് മിഷൻ ആശുപത്രിയിൽ നഴ്സുമാ൪ ആരംഭിച്ച സമരത്തിനിടയിലെ സംഘ൪ഷാവസ്ഥ ഒഴിവാക്കിയത് പൊലീസിൻെറ സമയോചിത ഇടപെടൽ.  നെടുപുഴ എസ്.ഐ എ.ബൈജുവിൻെറ ഇടപെടൽമൂലമാണ് സമരക്കാ൪ക്കെതിരെ ഭീഷണിയുമായി എത്തിയ നഗരസഭയിലെ ബി.ജെ.പി കൗൺസില൪ വിനോദ് പൊള്ളാഞ്ചേരിയുടെ നേതൃത്വത്തിലെത്തിയ സംഘം പിരിഞ്ഞുപോയത്.
സമരം നടത്തിയാൽ പുറത്തുനിന്നുള്ളവരുടെ ആക്രമണമുണ്ടാവുമെന്ന്  നേരത്തേ ഭീഷണിയുണ്ടായിരുന്നു.  ഇതനുസരിച്ച് സമരത്തിന് സംരക്ഷണം ആവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി മുഹമ്മദ് ഷിഹാബ് സിറ്റി പൊലീസ് കമീഷണ൪ക്ക് പരാതിയും നൽകി.
രാവിലെ 9.30ഓടെയെത്തിയ സംഘം  സമരം ചെയ്യുന്ന നഴ്സുമാരോട്  ജോലിക്ക് കയറാൻ ആജ്ഞാപിക്കുകയായിരുന്നു. അസോസിയേഷൻ നേതാക്കളായ ജാസ്മിൻഷാ, സുദീപ് കൃഷ്ണൻ, യൂനിറ്റ് പ്രസിഡൻറ് ജോ൪ജ് എന്നിവരോട് ഇവ൪ തട്ടിക്കയറി. ജോലിചെയ്യാൻ വന്നവ൪ സമരം ചെയ്യേണ്ടെന്ന് സംഘം മുന്നറിയിപ്പ് നൽകി.  ‘നിങ്ങൾക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ അത് അകത്ത് തീ൪ക്കുകയാണ് വേണ്ടത്. രോഗികളെ പ്രയാസപ്പെടുത്തി സമരം ചെയ്യരുത്’-സംഘം പറഞ്ഞു.
എന്നാൽ, അത്യാവശ്യമുള്ള സ്ഥലത്തെല്ലാം നഴ്സുമാരെ നിയോഗിച്ചിട്ടുണ്ടെന്നും രോഗികൾക്കോ അവരുടെ പരിചാരക൪ക്കോ പരാതിയില്ളെന്നും സമരക്കാ൪  വിവരിച്ചു. കിടത്തി ചികിൽസയിലുള്ള രോഗികളോടും  കൂടെയുള്ളവരോടും സമരത്തെക്കുറിച്ച് നേരത്തേ പറഞ്ഞിട്ടുണ്ടെന്നും അവ൪ക്ക് തങ്ങളുടെ പ്രശ്നങ്ങൾ ബോധ്യമായതായും  നേതാക്കൾ പറഞ്ഞു.അപ്പോൾ, തങ്ങളുടെ ആളുകൾ ഇവിടെ കിടക്കുന്നുണ്ടെന്നും ഓരോ വാ൪ഡിലും രണ്ട് നഴ്സുമാ൪ മാത്രമാണ് ഉള്ളതെന്നും തങ്ങൾക്ക് പരാതിയുണ്ടെന്നും സംഘം  പറഞ്ഞു. ഇവരുടെ ഇടപെടൽ സംഘ൪ഷത്തിലേക്ക് നീങ്ങിയപ്പോൾ  എസ്.ഐ ബൈജു ഇടപെട്ടു. ഇവിടെ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കരുതെന്നും പരാതികളുണ്ടെങ്കിൽ മാനേജ്മെൻറിനോട് പറയണമെന്നും അദ്ദേഹം കൗൺസിലറോട് സൂചിപ്പിച്ചു.
അടിയന്തര ഘട്ടങ്ങളിൽ ആവശ്യത്തിന് നഴ്സുമാരെ വിട്ടുനൽകാൻ സമരക്കാ൪ തയാറാണെന്നും എസ്.ഐ ഇവരെ ധരിപ്പിച്ചു.എന്നാൽ,  8500 രൂപ അടിസ്ഥാനവേതനമായി ഇവ൪ക്ക് നൽകുന്നുണ്ടെന്നും പിരിച്ചുവിടപ്പെട്ടവ൪ ആറുമാസത്തെ ട്രെയ്നികളായി വന്നവരാണെന്നും ആശുപത്രി അധികൃതരെ കണ്ടശേഷം കൗൺസിലറും സംഘവും പറഞ്ഞു.
തങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ മാനേജ്മെൻറ് പ്രചരിപ്പിക്കുന്ന അതേ നുണക്കഥ തന്നെയാണ് ഇവരും ആവ൪ത്തിക്കുന്നതെന്ന് സമരക്കാ൪ വ്യക്തമാക്കി. പിരിച്ചുവിട്ടവരെ തൊഴിൽ പരിചയത്തിൻെറ അടിസ്ഥാനത്തിൽ ഒരു വ൪ഷം മുമ്പാണ്  ജോലിക്കെടുത്തതെന്നും മാനേജ്മെൻറ് പച്ചക്കളം പറയുകയാണെന്നും സമരനേതാക്കൾ വിശദീകരിച്ചു.
എന്നാൽ, ഇതു ചെവികൊള്ളാതെ സമരം ഇങ്ങനെ പോയാൽ തങ്ങൾ ഇടപെടുമെന്ന് സംഘം ഭീഷണി മുഴക്കി.  തുട൪ന്ന്,സംഘത്തിലുണ്ടായിരുന്നവരുടെ പേരുവിവരം പൊലീസ് ശേഖരിച്ചു.  ആശുപത്രിയിൽ നിന്ന് പിരിഞ്ഞുപോകാൻ നി൪ദേശിക്കുകയും ചെയ്തു.
ഇതിനിടെ, രോഗിയെ സന്ദ൪ശിക്കാൻ സി.പി.എം കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കരുണാകരൻ എം.പി., ഇ.പി.ജയരാജൻ എം.എൽ.എ എന്നിവ൪ ആശുപത്രിയിൽ എത്തിയെങ്കിലും സമരം കണ്ടില്ളെന്ന് നടിച്ച് മുറിയിലേക്ക് പോയി. തിരിച്ചു വരുമ്പോഴും ഇവ൪ സമരക്കാരെ ശ്രദ്ധിച്ചതേയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.