മംഗലാപുരം: കാ൪ക്കള താലൂക്കിലെ പൊലീസിന് വിവരം നൽകുന്നയാളെ കാണാതായി. കബ്ബിനാലെ തിങ്കളമാട്ടിയിലെ മഞ്ജീര ഗൗഡയുടെ മകൻ സദാശിവ ഗൗഡ എന്ന സാധു ഗൗഡയെയാണ് (50) കാണാതായത്. ഇയാളെ നക്സലുകൾ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുയ൪ന്നിട്ടുണ്ട്.
പൊലീസിന് വിവരം നൽകുന്നതിനുള്ള ശിക്ഷയാണ് സദാശിവയുടെ തിരോധാനമെന്ന് നക്സൽ നേതാവ് വിശ്വയെന്ന് സ്വയം പരിചയപ്പെടുത്തിയയാൾ വ്യാഴാഴ്ച വൈകീട്ട് ചില പത്രസ്ഥാപനങ്ങളിൽ വിളിച്ചറിയിച്ചതാണ് സംശയത്തിന് ഇടയാക്കിയത്.
സാധു ഗൗഡയുടെ മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. ഡിസംബ൪ 20ന് സദാശിവ ഗൗഡയെ ശിക്ഷിച്ചതായാണ് ഇയാൾ അറിയിച്ചതത്രെ.
എന്നാൽ, ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസ് ജില്ലാ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ശങ്കരനാരായണ പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള നക്സൽ വിരുദ്ധസേന ഇയാൾക്കായി പശ്ചിമഘട്ട വനം കേന്ദ്രീകരിച്ച് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
നേരത്തെ നക്സൽ പ്രവ൪ത്തകരുമായി നല്ല ബന്ധം പുല൪ത്തിയിരുന്ന ഇയാൾ പിന്നീട് പൊലീസ് ഇൻഫോമറായി മാറുകയായിരുന്നുവെന്നാണ് കരുതുന്നത്. എന്നാൽ, സദാശിവ ഗൗഡയെ കാണാതായത് സംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടിലെന്ന് ഉഡുപ്പി എസ്.പി ഡോ. രവികുമാ൪ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.