വയനാട് മഹോത്സവം തുടങ്ങി

കൽപറ്റ: മൂന്ന് ദിവസത്തെ വയനാട് മഹോത്സവത്തിന് കൽപറ്റയിൽ വെള്ളിയാഴ്ച വൈകീട്ട് വ൪ണാഭമായ തുടക്കം. നഗരം നിറഞ്ഞ് ഒഴുകിയ ഘോഷയാത്ര കണ്ണിനിമ്പമായി. നെറ്റിപ്പട്ടം കെട്ടിയ ആനകളും കലാപരിപാടികളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയുടെ മാറ്റുകൂട്ടി. മുത്തുക്കുടയും ബാൻഡു മേളവും കാവടിയും എൻ.സി.സി കാഡറ്റുകളുടെ പരേഡും  മറ്റും അണി നിരന്നു. കരാട്ടേ വിദ്യാ൪ഥികളുടെ കായിക പ്രകടനവുമുണ്ടായി. നഗരത്തിൻെറ ഇരുവശത്തും നാട്ടുകാ൪ ഘോഷയാത്ര കാണാൻ അണിനിരന്നു.
 മുല്ലപ്പെരിയാ൪ സുരക്ഷാഭീഷണി, മാലിന്യപ്രശ്നം, സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ, പെയിൻ ആൻഡ് പാലിയേറ്റിവ് കുടുംബശ്രീകളുടെ പ്രസക്തി തുടങ്ങി വ്യത്യസ്ത വിഷയങ്ങൾ ചിത്രീകരിച്ച ദൃശ്യങ്ങൾ ഉണ്ടായിരുന്നു. നഗരത്തിൽനിന്ന് നീങ്ങിയ യാത്രയിൽ നിരവധി വിദ്യാ൪ഥികളും അധ്യാപകരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും അണിനിരന്നു. എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എ, ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട്, നഗരസഭാ ചെയ൪മാൻ എ.പി. ഹമീദ്, ജില്ലാപഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. പൗലോസ്, വിവിധ രാഷ്ട്രീയ പാ൪ട്ടി നേതാക്കൾ തുടങ്ങിയവ൪ നേതൃത്വം നൽകി. കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂൾ അങ്കണത്തിൽ സജ്ജമാക്കിയ പന്തലിലാണ് മഹോത്സവം. മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. നടൻ ഇന്നസെൻറ് മുഖ്യാതിഥിയായിരുന്നു. ഇത്തരം മേളകൾ വയനാട്ടിൽ ഇനിയും തുടരണമെന്ന് അദ്ദേഹം പറഞ്ഞു. എം.വി. ശ്രേയാംസ്കുമാ൪ എം.എൽ.എ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജ൪ എം.ജെ. വിജയപത്മൻ നടൻ ഇന്നസെൻറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം അരങ്ങേറിയ തെന്നിന്ത്യൻ ഗായകനും സംഗീതജ്ഞനുമായ ശങ്ക൪ മഹാദേവൻെറ ഗാനമേള നവ്യാനുഭവമായി. രാജാസാഹിബിൻെറ നേതൃത്വത്തിൽ നടന്ന കോമഡി ഷോ ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിച്ചു.
24ന് വൈകീട്ട് ആറിന് വിജയ് യേശുദാസ് നയിക്കുന്ന ഗാനസന്ധ്യ ഉണ്ടാകും. കൊല്ലം ഷാഫി, മൃദുല, കീ൪ത്തന എന്നിവ൪ പാടും. ടിനി ടോമിൻെറ കോമഡിഷോയും നടി മീരാനന്ദൻ അവതരിപ്പിക്കുന്ന നൃത്തവും തുട൪ന്ന് അരങ്ങേറും. ഡിസംബ൪ 25ന് സമാപന സമ്മേളനത്തിൽ ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ മുഖ്യാതിഥിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.