കോന്നി: അനധികൃത പാറമടകൾക്കെതിരെ പ്രതിഷേധവുമായി എത്തിയ ജനകീയ സമരസമിതി പ്രവ൪ത്തകരെ പാറമട തൊഴിലാളികൾ തടഞ്ഞു. അതിരുങ്കൽ, കുളത്തൂമൺ, പോത്തുപാറ പ്രദേശങ്ങളിൽ അംഗീകാരമില്ലാതെ പ്രവ൪ത്തിക്കുന്ന പാറമടകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെയാണ് സമര സമിതി പ്രവ൪ത്തക൪ കലഞ്ഞൂ൪ പഞ്ചായത്ത് ഓഫിസിലേക്ക് മാ൪ച്ച് നടത്തിയത്. മാ൪ച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ എത്തിയപ്പോൾ സമരക്കാ൪ക്കെതിരെ മുദ്രാവാക്യം വിളിയുമായി പാറമട തൊഴിലാളികൾ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചിരുന്നു. ഇരു വിഭാഗങ്ങളെയും നിയന്ത്രിക്കാൻ എണ്ണത്തിൽ കുറവായ പൊലീസ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
പാറമട മുതലാളിമാരുടെ നേതൃത്വത്തിലായിരുന്നു തൊഴിലാളികൾ സമരവുമായി രംഗത്തെത്തിയത്. ജനകീയ സമര സമിതിസമരം പഞ്ചായത്തിന് എതിരെയായിരുന്നു. വിവിധ യൂനിയനുകളിൽപ്പെട്ട തൊഴിലാളികൾ കൊടി കെട്ടിയ കമ്പുകൊണ്ട് സമരക്കാരെ നേരിട്ടത് അൽപ സമയം സംഘ൪ഷത്തിനും കാരണമായി. ഈ സമയം ഒരു വിഭാഗം ജനകീയ സമരക്കാ൪ ഗേറ്റ് തുറന്ന് പഞ്ചായത്ത് കോമ്പൗണ്ടിലേക്ക് കയറി. അവിടെ എത്തിയ പഞ്ചായത്ത് പ്രസിഡൻറിനെ സമരക്കാ൪ തടഞ്ഞുവെച്ചു. കൂടുതൽ പൊലീസ് എത്തിയതോടെ പാറമട തൊഴിലാളികളെ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നിന്ന് പൊലീസ് നീക്കിയതോടെ ഗേറ്റിന് മുന്നിൽ ജനകീയ സമര സമിതിയുടെ പിക്കറ്റിങ് ആരംഭിച്ചു. സമരം പരിസ്ഥിതി പ്രവ൪ത്തകനും ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ ജനറൽ സെക്രട്ടറിയുമായ ജോയി കൈതാരം ഉദ്ഘാടനം ചെയ്തു. മുറിഞ്ഞകൽ പൗരസംഘം പ്രസിഡൻറ് പ്രഭാകരൻ അധ്യക്ഷതവഹിച്ചു. പരിസ്ഥിതി പ്രവ൪ത്തകൻ അബൂബക്ക൪, സമരസമിതി നേതാക്കളായ സന്തോഷ്, ശ്യാം ടി. രാജ്, തങ്കച്ചൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.