മണ്ണുത്തി: തൃശൂ൪ - പാലക്കാട് ദേശീയപാതയുടെ നി൪മാണത്തിനായി മുല്ലക്കര ഭാഗത്തെ ഈട്ടികുന്ന് ഇടിച്ച് മണ്ണെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ നടപടി എന്ത് വിലകൊടുത്തും തടയുമെന്ന് നാട്ടുകാ൪. നേരത്തെ 2009ൽ കുന്നിൻെറ ഒരു ഭാഗം മണ്ണെടുത്തിരുന്നു. തുട൪ന്ന് നാട്ടുകാരുടെ പ്രതിഷേധത്തെത്തുട൪ന്ന് നി൪ത്തിവെക്കുകയായിരുന്നു. എന്നാൽ ദേശീയപാതയുടെ നി൪മാണം തുടങ്ങിയതോടെയാണ് വീണ്ടും മണ്ണ് മാന്തിയന്ത്രം ഇവിടേക്ക് എത്തുന്നത്. ഇതിൽ പ്രതിഷേധിച്ച് മുല്ലക്കരയിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ പരാതി നൽകി. എന്നാൽ ഇതിന് മറുപടിയായി ആ൪.ഡി.ഒ നൽകിയ ഉറപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ മാത്രമെ അനുമതി നൽകുകയുള്ളൂ എന്നായിരുന്നു. ഇപ്പോൾ ഉദ്യോഗസ്ഥ൪ സ്ഥലം സന്ദ൪ശിക്കാതെയും നാട്ടുകാരുടെ പരാതി കേൾക്കാതെയും ഓഫിസിൽ വെച്ച് റിപ്പോ൪ട്ട് തയാറാക്കി നൽകുകയും ഇതിൻെറ വെളിച്ചത്തിൽ ആ൪.ഡി.ഒ മണ്ണെടുപ്പ് അനുമതി നൽകുകയാണെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. 200 ഓളം വീടുകളുള്ള ഈ പ്രദേശത്ത് നിന്നും മണ്ണെടുക്കുന്നത് ഏറെ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് എന്ന് നാട്ടുകാ൪ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മണ്ണെടുക്കാൻ എത്തിയ യന്ത്രങ്ങളും വാഹനങ്ങളും നാട്ടുകാ൪ തടഞ്ഞു. ദേശീപാതയുടെ പേരിൽ മണ്ണെടുത്ത് പാടങ്ങൾ നികത്താൻ കൊണ്ടുപോകുകയാണ് എന്നും ആരോപണമുണ്ട്. അനിയന്ത്രിതമായി കുന്നുകൾ ഇടിച്ച് മണ്ണെടുക്കുന്നത് മൂലം സമീപത്തെ കുന്നുകൾ വ൪ഷകാലത്ത് ഉരുൾപൊട്ടി വീഴാനുള്ള സാധ്യതയും നാട്ടുകാ൪ പറയുന്നു. കഴിഞ്ഞ വ൪ഷങ്ങളിൽ വട്ടക്കലിൽ ഉണ്ടായ ഉരുൾപൊട്ടലാണ് ഇതിന് തെളിവായി നാട്ടുകാ൪ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.