‘ജന്മഭൂമി’യെ തഴഞ്ഞ് ‘ജന’ത്തിന് പിന്നാലെ ആര്‍.എസ്.എസ്

‘ജന്മഭൂമി’യെ തഴഞ്ഞ് ‘ജന’ത്തിന് പിന്നാലെ ആ൪.എസ്.എസ്, പാ൪ട്ടി പത്രം പ്രതിസന്ധിയിൽ. ‘ജനം’ എന്നപേരിൽ പുതിയ ചാനലിനായി പ്രചാരണം മുറുകുമ്പോൾ ആ൪.എസ്.എസ് നിയന്ത്രണത്തിലെ ജന്മഭൂമി ദിനപത്രം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നിരവധി സബ് എഡിറ്റ൪മാരടക്കം രാജിവെച്ചൊഴിഞ്ഞ പത്രം പല എഡിഷനുകളിലും അച്ചടി മുടങ്ങുന്ന സാഹചര്യത്തിലാണ്.
സംഘ് പരിവാറിൻെറ രാഷ്ട്രീയ മുഖമായ ബി.ജെ.പി പൂ൪ണമായും കൈ ഒഴിഞ്ഞ പത്രം വ൪ഷങ്ങളായി ആ൪.എസ്.എസിൻെറ സമ്പൂ൪ണനിയന്ത്രണത്തിലാണ്. ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി കുമ്മനം രാജശേഖരനായിരുന്നു അടുത്ത കാലം വരെ പത്രത്തിൻെറ ചുമതല. എന്നാൽ, രണ്ടുവ൪ഷം മുമ്പ് അദ്ദേഹത്തെ മാനേജിങ് ഡയറക്ട൪ സ്ഥാനത്തുനിന്ന് നീക്കി ചെയ൪മാൻ പദവി നൽകിയതോടെ പത്രത്തിൻെറ ദൈനംദിന  ചുമതലയിൽ നിന്നും പൂ൪ണമായും വിട്ടു. അതോടെ പ്രശ്നം ഉടലെടുത്തെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പാലക്കാട് സ്വദേശി കിശോ൪ ഭാ൪ഗവയെ എം..ഡി യായി നിയമിച്ചെങ്കിലും പത്രത്തിൻെറ കാര്യത്തിൽ അദ്ദേഹം ശ്രദ്ധിക്കാതെ വരുകയും ആ൪.എസ്.എസ് ക്ഷേത്രീയ നേതാവുകൂടിയായ എക്സിക്യൂട്ടീവ് ഡയറക്ട൪ എം.എസ്.റാം മോഹൻെറ നിയന്ത്രണത്തിൽ പത്രം വന്നുചേരുകയുമായിരുന്നു. ആ൪.എസ്.എസിൽ തന്നെ ഒരുവിഭാഗത്തിന് റാം മോഹൻ അഭിമതനല്ല. പാ൪ട്ടിയിൽ പത്രം തഴയപ്പെടുന്നതിൻെറ ഇപ്പോഴത്തെ കാരണവും ഇതുതന്നെ.
ഇടക്കാലത്ത് എറണാകുളത്ത് ജന്മഭൂമിയുടെ സ്വന്തം പ്രസും പത്രവും രണ്ടു കമ്പനികളാക്കി. പത്രം അച്ചടിച്ചതിന് പണം നൽകാത്തതിൻെറ പേരിൽ പ്രസിൻെറ ചുമതലയുള്ളവ൪ രണ്ടു ദിവസം പത്രം പ്രിൻറു ചെയ്തു നൽകാത്ത സ്ഥിതിവരെ ഉണ്ടായി. ഇതേപോലെ കണ്ണൂ൪, തിരുവനന്തപുരം എഡിഷനുകളിലും ദിവസങ്ങളോളം പത്രത്തിൻെറ അച്ചടി മുടങ്ങി. ഇടക്കാലത്ത് അമൃതാനന്ദമയീമഠം പത്രം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും ഒരു വിഭാഗം എതി൪ത്തതിനാൽ നടന്നില്ല. അമൃത ചാനൽ ആ൪.എസ്.എസ് ഉദ്ദേശിക്കും വിധം അവരുടെ നിയന്ത്രണത്തിൽ കിട്ടാത്തതാണ് കാരണം.
ഇതേ കാരണങ്ങൾ കൊണ്ടാണ് പുതിയ ചാനലിനെ പറ്റിയും ആ൪.എസ്.എസ് നേതൃത്വം ആലോചിക്കാൻ കാരണമായത്. ജന്മഭൂമിയുടെ ഓഫിസ് അടക്കമുള്ള സംവിധാനങ്ങൾ ‘ജനം’ എന്ന ചാനലിനായി പ്രവ൪ത്തിപ്പിക്കാനാണ് ഒരു വിഭാഗം ആ൪.എസ്.എസുകാ൪ ഉദ്ദേശിച്ചത്. എന്നാൽ, പത്രം നിലനി൪ത്തി തന്നെ ചാനലുമായി മുന്നോട്ടുപോയാൽ മതിയെന്നാണ് മറുവിഭാഗം പറയുന്നത്. കുമ്മനം രാജശേഖരന് പത്രത്തിൻെറ സ്വതന്ത്ര ചുമതല നൽകണമെന്നും ഇവ൪ ചൂണ്ടിക്കാട്ടുന്നു.
ഇതു സംബന്ധിച്ച് ആലോചിക്കാൻ കഴിഞ്ഞദിവസം എറണാകുളത്ത് ആ൪.എസ്.എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് എസ്.സേതുമാധവൻെറ നേതൃത്വത്തിൽ തെക്കേ ഇന്ത്യയിലെ ആ൪.എസ്.എസ് പ്രമുഖരുടെ യോഗവും നടന്നു. തൽക്കാലം പത്രത്തിൽ സമൂല അഴിച്ചുപണി നടത്താനാണ് പ്രധാനമായും തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.