മലബാര്‍ സിമന്‍റ്സ് ഡയറക്ടറായി ദല്‍ഹിയില്‍ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥന്‍

പാലക്കാട്: സാമ്പത്തിക ക്രമക്കേടുകളടക്കം നിരവധി ആരോപണങ്ങൾക്കും വിജിലൻസ് അന്വേഷണ പരമ്പരകൾക്കും വേദിയായ വാളയാറിലെ മലബാ൪ സിമൻറ്സ് ഫാക്ടറിയുടെ ഡയറക്ടറായി ദൽഹിയിൽ നിന്ന് ഐ.എ.എസ് ഉദ്യോഗസ്ഥൻ. രാഷ്ട്രീയ കാരണങ്ങളാൽ ഡയറക്ട൪ബോ൪ഡിലെ അനൗദ്യോഗിക അംഗങ്ങളെ നിശ്ചയിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴാണ് വ്യവസായ വകുപ്പ് തിരക്കിട്ട് ദൽഹിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ നിയമിച്ചത്.
കേന്ദ്ര സ൪ക്കാറിൻെറ ഉരുക്കുമന്ത്രാലയത്തിൽ ജോയിൻറ് സെക്രട്ടറിയായി ജോലി ചെയ്യുന്ന കേരള കേഡ൪ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഏലിയാസ് ജോ൪ജിനെയാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥരെ മറികടന്ന് നിയമിച്ചത്. പ്രത്യേക ചുമതലയിൽ ഡയറക്ടറാക്കിയതുമൂലം സ്ഥാപനത്തിനുണ്ടാവുന്ന അധികസാമ്പത്തിക ബാധ്യത സ൪ക്കാ൪ കണക്കിലെടുത്തിട്ടില്ല. പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജ൪ ടി.കെ. മോഹനചന്ദ്രൻ, സംസ്ഥാന ധനകാര്യ വകുപ്പിലെ ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ഗിരീഷ്കുമാ൪ എന്നിവരേയും ഡയറക്ട൪മാരായി നിയമിച്ചിട്ടുണ്ട്. കെ. പത്മകുമാറിന് മാനേജിങ് ഡയറക്ടറുടെ ചുമതല നൽകിയപ്പോൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണൻ തന്നെയാണ് സ്ഥാപനത്തിൻെറ ചെയ൪മാനായി തുടരുന്നത്.
കേരള കേഡ൪ ഐ.എ.എസ് ഉദ്യോഗസ്ഥ അരുണ സുന്ദ൪രാജിൻറ ഭ൪ത്താവാണ് ഏലിയാസ് ജോ൪ജ്. മുൻ ഐ.ടി. വകുപ്പ് സെക്രട്ടറിയായിരുന്ന അരുണ സംസ്ഥാനത്ത് സ്മാ൪ട്ട് സിറ്റി യാഥാ൪ഥ്യമാക്കുന്നതിൻെറ ഭാഗമായി ആരംഭിച്ച പ്രവ൪ത്തനങ്ങളിൽ  പങ്കാളിയായിരുന്നു. 2004 ഒക്ടോബറിൽ ദുബൈയിൽ ഇൻറ൪നാഷണൽ ഫിനാൻഷ്യൽ സെൻറ൪ ഡയറക്ട൪ ജനറൽ, ടെക്നോളജി ആൻറ് മീഡിയ ഫ്രീസോൺ ഡയറക്ട൪ ജനറൽ തുടങ്ങിയവരുമായി അന്നത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ ച൪ച്ചയിലും ഇവ൪ പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര നഗര ദാരിദ്ര്യ നി൪മാ൪ജന മന്ത്രാലയത്തിന് കീഴിൽ ദൽഹിയിൽ പ്രവ൪ത്തിക്കുന്ന രാജീവ് ആവാസ് യോജന  മിഷൻ ഡയറക്ടറായിരുന്ന അരുണക്കും കേരളത്തിൽ പ്രധാന തസ്തികയിൽ നിയമനം ലഭിച്ചേക്കുമെന്നാണ് സൂചന.
ഏലിയാസ് ജോ൪ജിനെ മലബാ൪ സിമൻറ്സ് ഡയറക്ടറായി നിയമിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സ്ഥാപനത്തിൻെറ ഒൗദ്യോഗിക വെബ് സൈറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബ൪ അവസാനത്തിൽ പുതിയ ഡയറക്ട൪ ബോ൪ഡ് യോഗം തിരുവനന്തപുരത്ത് ചേരാനാണത്രെ തീരുമാനം. എന്നാൽ, അതിന് മുമ്പ് അനൗദ്യോഗിക അംഗങ്ങളുടെ നിയമനം ഉണ്ടാവാൻ സാധ്യതയില്ല. ഉൽപാദന-വിപണന മേഖലയിൽ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഫാക്ടറിക്ക് കൂടുതൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളിൽ ജീവനക്കാ൪ പൊതുവെ അസ്വസ്ഥരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.