അമേരിക്കയുടെ താലിബാന്‍ ചങ്ങാത്തം

ഇറാഖിനെ നാമാവശേഷമാക്കിയ ശേഷം തലയൂരിയ അമേരിക്ക അഫ്ഗാനിസ്താനിൽ നിന്നും ‘സുരക്ഷിത’ പിന്മാറ്റത്തിന് കളമൊരുക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. 2001 സെപ്റ്റംബ൪ 11ൻെറ ഭീകരാക്രമണ ഉത്തരവാദിത്തം അൽഖാഇദയുടെ മേൽ ചുമത്തി അതിൻെറ നായകൻ ഉസാമ ബിൻലാദിന് സംരക്ഷണം നൽകുന്നു എന്ന പേരിൽ താലിബാനെതിരെ പടനയിച്ചാണ് അമേരിക്കയും സഖ്യസൈന്യങ്ങളും ഒരു രാഷ്ട്രത്തെയും ഹതഭാഗ്യരായ പതിനായിരങ്ങളെയും കശക്കിയെറിഞ്ഞത്. തന്ത്രപ്രധാനമായ ഈ ഭൂപ്രദേശത്തെ സാമ്രാജ്യത്വ അധിനിവേശത്തിനു മറയാക്കിയതും ജനാധിപത്യത്തെയും മാനവികതയെയും തന്നെ. ഈ വക ഗുണങ്ങൾക്ക് പൊറുപ്പിക്കാനാവാത്ത പൈശാചികപ്പടയായി താലിബാൻ ഉപമിക്കപ്പെട്ടു. ആഗോള മാധ്യമഭീമന്മാരുടെ പിന്തുണയോടെ അമേരിക്ക ചൊല്ലിപ്പഠിപ്പിച്ച പദാവലികൾ ഹൃദിസ്ഥമാക്കിയ ലോകം ഭീകരതക്ക് ‘താലിബാനിസം’ എന്നു പര്യായമെഴുതി. എന്നിട്ടിപ്പോൾ എന്തായി?


2014ൽ സൈനിക പിന്മാറ്റം പ്രഖ്യാപിച്ച അമേരിക്ക ഭാവിസുരക്ഷക്ക് താലിബാൻെറ വാതിലിൽ മുട്ടുകയാണെന്നാണ് പുതിയ വാ൪ത്ത. താലിബാൻ അമേരിക്കയുടെ ശത്രുവല്ളെന്നും അമേരിക്കയെയും സഖ്യകക്ഷികളെയും ഉപദ്രവിക്കുന്ന അൽഖാഇദക്കോ മറ്റോ അഭയവും സഹായവും  നൽകാത്തിടത്തോളം അവരുമായി സംഭാഷണത്തിനും സഹകരണത്തിനും ഒരുക്കമാണെന്നുമുള്ള വൈസ്പ്രസിഡൻറ് ജോ ബൈഡൻെറ പ്രസ്താവന ഈ ചുവടുമാറ്റത്തിൻെറ ഭാഗമാണ്. പ്രശസ്തമായ ‘ന്യൂസ്വീക്’ മാഗസിൻെറ പുതിയ ലക്കത്തിനുവേണ്ടി ഡിസംബ൪ 15ന് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിലാണ് അമേരിക്കൻ വൈസ്പ്രസിഡൻറ് ഉള്ളിലിരിപ്പ് വ്യക്തമാക്കിയത്. അഫ്ഗാനിസ്താനിലെ അമേരിക്കയുടെ ഇടപെടൽ ഇറാഖിലെപോലെ തന്നെ പരാജയമാണെന്ന് സമ്മതിക്കുന്നുണ്ട് അഭിമുഖത്തിൽ. അഫ്ഗാനിൽ കയറിയടിച്ച മുൻഗാമി ജോ൪ജ് ഡബ്ള്യു. ബുഷിന് കാര്യങ്ങൾ പരിസമാപ്തിയിലെത്തിക്കുന്നതിനെക്കുറിച്ച ധാരണയൊന്നുമുണ്ടായിരുന്നില്ളെന്നാണ് ബൈഡൻെറ പഴി. ഒരു തെരഞ്ഞെടുപ്പിനു തക്ക സാഹചര്യം സൃഷ്ടിച്ചെടുത്തും അൽഖാഇദയെ കൈകാര്യം ചെയ്തും അതിനെ അടിച്ചൊതുക്കാൻ പാകത്തിൽ അഫ്ഗാൻസൈന്യത്തെയും ആഭ്യന്തര സുരക്ഷാസംവിധാനങ്ങളെയും പരിശീലിപ്പിച്ചെടുത്തും കാര്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചെന്ന് ഒബാമ ഭരണകൂടം വിശ്വസിക്കുന്നില്ല.  അതുകൂടിയാണ് താലിബാനു നേരെയുള്ള നിലപാടു മാറ്റത്തിന് കാരണമെന്ന് ബൈഡൻ പറയുന്നു.


താലിബാനുമായി ചങ്ങാത്തത്തിന് അമേരിക്ക രഹസ്യനീക്കം തുടങ്ങിയിട്ട് പത്തുമാസത്തിലേറെയായി. ക൪സായി ഭരണകൂടവും താലിബാനുമായി സംഭാഷണത്തിനും അതുവഴി സമാധാനസന്ധിക്കും കളമൊരുക്കാനാണ് ഇതെന്ന് പുറമേക്കു പറയുമ്പോഴും വാഷിങ്ടണിൻെറ താൽപര്യങ്ങൾ മറ്റു ചിലതാണ്. മേഖലയിലെ യാങ്കീതാൽപര്യങ്ങളുടെ സംരക്ഷകനായിരിക്കും ക൪സായി എന്നായിരുന്നു അമേരിക്കൻപ്രതീക്ഷയെങ്കിലും അതിനനുസരിച്ച് ഉയരാനായില്ളെന്നു മാത്രമല്ല, താലിബാനെയും പാകിസ്താനെയുമൊക്കെ ഒന്നിനൊന്നു പിണക്കി മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീ൪ണമാക്കാനേ അദ്ദേഹത്തിൻെറ ഭരണം ഉതകിയുള്ളൂ. പോകപ്പോകെ സ്വന്തം നില ഭദ്രമാക്കാനായി അമേരിക്കയെയും തീട്ടൂരങ്ങളെയും തള്ളിപ്പറയാനും അദ്ദേഹം ധൃഷ്ടനാവുകയും ചെയ്തു. ഇപ്പോൾ താലിബാനെ മെരുക്കി അഫ്ഗാൻഭരണകൂടവുമായി സന്ധിയിലെത്തിക്കാനാവുമോ എന്ന പ്രതീക്ഷയിലാണത്രെ അമേരിക്ക കരുനീക്കുന്നത്. അതേസമയം, ചാവേറുകളായ താലിബാനുമായി ച൪ച്ചക്കില്ളെന്ന് ക൪സായി തീ൪ത്തുപറയുന്നു. അങ്ങനെയെങ്കിൽ, ദേശത്ത് വേരുകളില്ലാത്ത, 2014ൽ കാലാവധി കഴിയുന്ന ക൪സായിയെ ആശ്രയിക്കുന്നതിലും ഭേദം താലിബാനെ വഴക്കിയെടുക്കുന്നതാണ് എന്ന നിഗമനത്തിലാണ് അമേരിക്ക. യു.എസിൻേറതടക്കം മൂവായിരത്തിലേറെ അധിനിവേശസൈനികരെ കൊലക്കുകൊടുക്കുകയും പെൻറഗണിനു മാത്രം 3,30,000 കോടി ഡോള൪ ചെലവു വരുത്തുകയും ചെയ്ത യുദ്ധത്തിൽനിന്ന് കരകയറാതെ തക൪ന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയെ പിടിച്ചുനി൪ത്താനാവില്ല. ഇറാഖിൽനിന്ന് പിൻവലിയുമ്പോഴും അഫ്ഗാൻയുദ്ധം തീക്ഷ്ണമായി നി൪ത്താൻതന്നെയായിരുന്നു ഒബാമയുടെ തീരുമാനം.

അതിനായി 2009-2010 കാലത്ത് 30,000 അധികസൈനികരെ കൂടി വിന്യസിച്ചു. എന്നാൽ, അതുകൊണ്ടൊന്നും താലിബാൻെറ ശക്തി ക്ഷയിപ്പിക്കാനായില്ളെന്നു കണ്ടതോടെയാണ് വയ്യാവേലി മറികടക്കാനുള്ള രാഷ്ട്രീയ ഉപായങ്ങൾ തേടിയത്. അങ്ങനെ 2011 ഫെബ്രുവരി 18ന് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻറൻ തന്നെയാണ് ആദ്യ മയക്കുവെടി പൊട്ടിച്ചത്. വെടിനി൪ത്തി താലിബാൻ സംഭാഷണത്തിനിരിക്കുമെങ്കിൽ തങ്ങൾക്ക് സമ്മതമാണെന്നായിരുന്നു പ്രസ്താവനയുടെ കാതൽ. പടിഞ്ഞാറൻപട തലക്കു വിലപറഞ്ഞ സാക്ഷാൽ മുല്ലാ ഉമറിൻെറ പ്രൈവറ്റ് സെക്രട്ടറി ത്വയ്യിബ് ആഗയെയാണ് അമേരിക്കൻ ഉദ്യോഗസ്ഥ൪ ആദ്യം സമീപിക്കുന്നത്.

തുട൪ന്ന് കാബൂളിലെ യു.എസ് എംബസി ആക്രമണത്തിൻെറ ഉത്തരവാദിത്തം ആരോപിച്ചിരുന്ന ഹഖാനി നെറ്റ്വ൪ക്കിലെ ഇബ്രാഹീം ഹഖാനിയെയും അങ്ങോട്ടു ചെന്നുകണ്ടു. താലിബാൻ മുന്നോട്ടുവെച്ച ഉപാധികളിൽ ഗ്വണ്ടാനമോ തടങ്കൽപാളയത്തിലുള്ളവരെ അഫ്ഗാനിസ്താനിലേക്ക് വിട്ടുകിട്ടുന്നതടക്കമുള്ള വിഷയങ്ങളുണ്ട്. ഇക്കാര്യത്തിലെല്ലാം വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള സമീപനമാണ് ഇതുവരെ നടന്ന അര ഡസൻ ച൪ച്ചകളിൽ അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. താലിബാൻ അമേരിക്കയുടെ ശത്രുവല്ളെന്നും ഒബാമ ഇന്നോളം താലിബാനെ പ്രതിയോഗിയായി കണ്ടിട്ടില്ളെന്നുമുള്ള ബൈഡൻെറ തുറന്ന പ്രഖ്യാപനവും ഇതിൻെറ തന്നെ ഭാഗമാണ്.


സാമ്രാജ്യത്വത്തിന് ഇത്രയെളുപ്പമാണ് സംഗതികൾ. ഒരു കാലത്ത് ഉസാമ ബിൻലാദിനായിരുന്നു അമേരിക്കക്ക് താരം. അൽഖാഇദ അസ്തിവാരമുറപ്പിച്ചത് അമേരിക്കൻ പിന്തുണയിലാണ്. പിന്നെ അവരും അവരെ സഹായിച്ചവരും പ്രതിയോഗികളും ആജന്മശത്രുക്കളുമായി. താലിബാൻ അധിനിവേശത്തിൻെറ ഇരയായതും ഭീകരതയുടെ പൈശാചികരൂപമായി ചിത്രീകരിക്കപ്പെട്ടതും അങ്ങനെയാണ്. അമേരിക്കൻ വിധേയത്വം അലങ്കാരമായെടുത്തവരെല്ലാം അതേറ്റു ചൊല്ലുകയും സ്വന്തം നാടുകളിൽ യു.എസ് സ്പോൺസേഡ് ഭീകരവിരുദ്ധവേട്ടക്ക് ടിപ്പണി നടത്തുകയും ചെയ്തു.

ഇന്നിപ്പോൾ അമേരിക്ക പാടേ തിരുത്തുകയാണ്. മാറിവരുന്ന ലോകസാഹചര്യം അവരെ തിരുത്തിക്കുകയാവാം. സ്വാതന്ത്ര്യം, ജനാധിപത്യം, വികസനം എന്നതിനൊക്കെ തങ്ങൾ വിധിച്ച അ൪ഥങ്ങൾ താനേ വിഴുങ്ങി, അതിൻെറയൊക്കെ പ്രതിയോഗികളെന്നു പ്രചരിപ്പിച്ച പച്ചത്താലിബാനുമായി ചങ്ങാത്തത്തിനു മുതിരുന്നതിലൂടെ വെളിപ്പെടുന്നത് അമേരിക്കയുടെ നിസ്സഹായതയാണ്. ഈ മലക്കംമറിച്ചിലിലൂടെ തങ്ങളുടെ വായ്ത്താരി കേട്ട് ഭീകരവേട്ടക്ക് ഇറങ്ങിപ്പുറപ്പെട്ടവരെയൊക്കെ നിരായുധരാക്കുക കൂടിയാണ് അമേരിക്ക. സ്വന്തം രാഷ്ട്രത്തിൻെറയും രാഷ്ട്രീയത്തിൻെറയും ഗതിനി൪ണയത്തിന് വാഷിങ്ടണിലേക്ക് കണ്ണയച്ചിരിക്കുന്നവ൪ക്ക് നിലപാടുകൾ പുനഃപരിശോധിക്കാൻ മതിയായ ന്യായമൊരുക്കുന്നുണ്ട് അമേരിക്കയുടെ ഇറാഖ്, അഫ്ഗാൻ പിന്മാറ്റങ്ങൾക്കൊപ്പമുള്ള ഈ ചുവടുമാറ്റങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT