നിലമ്പൂ൪: തുട൪ വിദ്യാഭ്യാസവും ഉപജീവന മാ൪ഗവും നിഷേധിക്കപ്പെട്ട് ആദിവാസി കോളനികളിൽ കഴിയുന്ന അഭ്യസ്തവിദ്യരായ കുട്ടികളുടെ എണ്ണം വ൪ധിക്കുന്നു.
ഏഷ്യയിലെ ഏക ഗുഹാമനുഷ്യരായി അറിയപ്പെടുന്ന ചോലനായ്ക്ക൪ വിഭാഗത്തിലെ കുട്ടികൾ ഉൾപ്പെടെ ഉപരിപഠനത്തിനു വഴിയില്ലാതെ കോളനികളിൽ മടങ്ങിയെത്തുകയാണ്.
പത്താം ക്ളാസ് കഴിഞ്ഞാൽ തുട൪ പഠനത്തിന് താമസിച്ചുപഠിക്കാൻ ജില്ലയിൽ ഒരു പോസ്റ്റ്മെട്രിക് ഹോസ്റ്റൽ പോലുമില്ല. കാട്ടാനകൾ വിഹരിക്കുന്ന ഉൾക്കാടുകളിൽ കഴിയുന്ന ആദിവാസി കുട്ടികൾക്ക് ദിനംപ്രതി സ്കൂളിലെത്തി പഠനം തുടരാൻ കഴിയുന്നില്ല. പത്താംക്ളാസ് വരെ താമസിച്ചു പഠിക്കാനുള്ള പ്രീ മെട്രിക് ഹോസ്റ്റലുകൾ മാത്രമാണ് ജില്ലയിലുള്ളത്.
ജില്ലയിൽ 297 പട്ടിക വ൪ഗ സങ്കേതങ്ങളിലായി 3837 കുടുംബങ്ങളാണുള്ളത്. ഇതിൽ 58 കോളനികൾ ഉൾക്കാട്ടിലാണ്. രണ്ടു വ൪ഷത്തിനിടെ ഇരുനൂറിലധികം കുട്ടികളാണ് പത്താം ക്ളാസ് കഴിഞ്ഞ് ഉപരിപഠനത്തിന് സാധ്യതയില്ലാതെ കോളനികളിൽ മടങ്ങിയെത്തിയത്. പിന്നീട് കുടുംബങ്ങളോടൊപ്പം വനവിഭവശേഖരണത്തിനിറങ്ങുന്ന ഇവരുടെ ജീവിതം കോളനിയിൽ തളക്കപ്പെടുന്നു.
ഉൾക്കാട്ടിലെ അപ്പൻകാപ്പ്, വാണിയംപുഴ, കുമ്പളപ്പാറ, അളക്കൽ, പുഞ്ചക്കൊല്ലി, പ്ളാക്കൽചോല, വെണ്ണേക്കോട്, പാലക്കയം, അമ്പുമുല, ഓടക്കയം, പാട്ടക്കരിമ്പ് കോളനികളിൽ മാത്രം നൂറിലധികം കുട്ടികൾ പത്താം ക്ളാസ് കഴിഞ്ഞവരാണ്. പ്ളസ്ടു പഠനം പൂ൪ത്തിയാക്കിയവരും കൂട്ടത്തിലുണ്ട്. പെൺകുട്ടികളാണ് ഇവരിലധികവും.
ചുങ്കത്തറ മാ൪ത്തോമ കോളജിൽ അവസാന വ൪ഷ ബിരുദത്തിന് പഠിക്കുന്ന പാലക്കയം കോളനിയിലെ രണ്ട് ആദിവാസി കുട്ടികൾക്ക് കോളജ് ഹോസ്റ്റലിൽ തന്നെ താൽക്കാലിക താമസ സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഐ.ടി.ഡി.പിയുടെ ശിപാ൪ശ മാനിച്ചാണ് സൗകര്യമൊരുക്കിയത്. മറ്റു ജനറൽ വിഭാഗങ്ങൾക്കായി ഒരുക്കിയ ഹോസ്റ്റലിൽ ഫീസ് കൊടുത്ത് പഠിക്കാൻ ആദിവാസി കുട്ടികൾക്ക് കഴിയാതെ വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.