വൃക്ക വാണിഭത്തിന് വ്യാജരേഖ; അന്വേഷണം മരവിച്ചു

കോഴിക്കോട്: വൃക്ക വാണിഭത്തിന് വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റ൪ ചെയ്ത കേസിൻെറ അന്വേഷണം മരവിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിൻെറ വ്യാജ ഒപ്പും സീലും ഉണ്ടാക്കി അന്ത൪ സംസ്ഥാന ലോബി വൃക്ക തട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്.  2010 ൽ മെഡിക്കൽകോളജ് പൊലീസാണ് കേസെടുത്തത്. നേരത്തേയും സമാന തട്ടിപ്പ് മെഡിക്കൽകോളജ് കേന്ദ്രീകരിച്ച് നടന്നിരുന്നു.
പത്തോളം പ്രതികളുള്ള കേസിൽ  ഷാഹുൽ ഹമീദ്, ഉണ്ണി, കോയമ്പത്തൂ൪ സ്വദേശി എന്നിങ്ങനെ മൂന്നുപേ൪ മാത്രമാണ് ഇതുവരെ പിടിയിലായത്. ഉദ്യോഗസ്ഥ൪ പലതവണ മാറിയതാണ് അന്വേഷണം നീണ്ടുപോവാനും കൂടുതൽ പേ൪ പിടിയിലാവാതിരിക്കാനും ഇടയാക്കിയത് എന്നാണ് ആക്ഷേപം.
സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെങ്കിൽ കോഴിക്കോട് മെഡിക്കൽകോളജ് പ്രിൻസിപ്പലിൻെറ നേതൃത്വത്തിലുള്ള മോണിറ്ററിങ് സമിതിയുടെ സാക്ഷ്യപത്രം വേണമെന്നാണ് നിബന്ധന.
കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ,  മെഡിക്കൽകോളജ് പ്രിൻസിപ്പലിൻെറ ഒപ്പും സീലും വ്യാജമായി നി൪മിച്ച് വൃക്കവാണിഭ ലോബി സാക്ഷ്യപത്രങ്ങൾ കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫിസിൽ പരിശോധനക്കെത്തിയപ്പോഴാണ്  വ്യാജരേഖകൾ തിരിച്ചറിയുന്നത്. 11 സാക്ഷ്യപത്രത്തിൽ അഞ്ചെണ്ണം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.  തുട൪ന്നുള്ള അന്വേഷണത്തിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് അപേക്ഷിച്ചുവെന്ന് രേഖയിൽ പറയുന്ന മലപ്പുറം മുനമ്പത്ത് അബ്ദുൽ മജീദിൻെറ മകൻ ശുഐബ്, കൊളത്തറ പറമ്പത്ത് വേലായുധൻ നായരുടെ മകൻ സതീഷ് കുമാ൪, മണ്ണാ൪ക്കാട് ചെന്തല്ലൂ൪ കുഴിയിൽ പീടിക നാസ൪, പെരിന്തൽമണ്ണ നരയങ്കോട്ടിൽ മിനി ഗോപാലകൃഷ്ണൻ, മലപ്പുറം ഒതുക്കുങ്ങൽ എ.കെ. ഹൗസിൽ ഖമറുദ്ദീൻ എന്നിവ൪ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിട്ടില്ളെന്ന് വ്യക്തമായി. ഇതോടെ, കോളജ് പ്രിൻസിപ്പൽ സിറ്റി പൊലീസ് കമീഷണ൪ക്ക് പരാതി നൽകി. എന്നാൽ, മാസങ്ങൾ കഴിഞ്ഞാണ് പരാതി  അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറിയത്. ഇതോടെ കേസ് അട്ടിമറിക്കാൻ ചില൪ ശ്രമിക്കുന്നു എന്ന ആരോപണവും ശക്തമായി. പാലക്കാട് സ്വദേശി കേശു, മുണ്ടശ്ശേരി പുത്തൻകുളങ്ങരവീട്ടിൽ ഈശ്വരനെഴുത്തച്ഛൻ, ഫറോക്ക് സ്വദേശി ശശിധരൻ, മഞ്ചേരി പുൽപ്പറ്റ സെയ്തലവി, തിരുവനന്തപുരം നസീ൪ മൻസിലിൽ അബ്ദുൽ വഹാബ്, മണ്ണാ൪ക്കാട് കെ.പി. നാസ൪, വേങ്ങേരി ഗോപിനാഥൻെറ മകൻ സുനിൽകുമാ൪, പാലക്കാട് കരുമണ്ടാംകുറിശ്ശി റിയാസ് അലി  എന്നിവരാണ് വൃക്ക നൽകാൻ തയാറായത് എന്നാണ് വ്യാജരേഖയിൽ പറയുന്നത്. മെഡിക്കൽ കോളജ് എസ്.ഐയായിരുന്ന ജി. ഗോപകുമാറാണ് കേസിൽ അന്വേഷണം തുടങ്ങിവെച്ചത്. നിലവിൽ അന്വേഷണ ചുമതല ഡി.സി.ആ൪.ബി അസി. കമീഷണ൪ പി.സി. സജീവനാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.