ചിദംബരത്തിന്‍െറ നീക്കം ബോധപൂര്‍വം; വസ്തുത ബോധ്യപ്പെടുത്താനുള്ള ബാധ്യത കേരളത്തിന്

തിരുവനന്തപുരം: ‘മുല്ലപ്പെരിയാ൪ ഭീതി’ക്ക് പിന്നിൽ പിറവം ഉപതെരഞ്ഞെടുപ്പാണെന്ന പ്രസ്താവന കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം പിൻവലിച്ചെങ്കിലും അതുണ്ടാക്കിയ ആശയക്കുഴപ്പം ദേശീയതലത്തിൽ തുടരുന്നു. പ്രശ്നം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് സുപ്രീംകോടതിയെയും ഉന്നതാധികാര സമിതിയെയും കേന്ദ്ര സ൪ക്കാറിനെയും ബോധ്യപ്പെടുത്താനുള്ള ബാധ്യത സംസ്ഥാന സ൪ക്കാറിനുണ്ടാക്കി വെക്കുകയാണ് ചിദംബരം ചെയ്തത്.  ചിദംബരത്തിൻെറ നീക്കം ബോധപൂ൪വമായിരുന്നു എന്നാണ് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ വിശ്വസിക്കുന്നത്.


ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന നിലയിലും ദേശീയ നേതാവ് എന്ന നിലയിലും ചിദംബരം ചെയ്തത് കുറ്റകരമായ പ്രവൃത്തിയാണെങ്കിലും അദ്ദേഹത്തിൻേറത് തമിഴ് ജനതയുടെ മനസ്സറിഞ്ഞുള്ള  നീക്കമായിരുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാ൪ ഈ  പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ കാണിക്കുന്ന അലംഭാവം നോക്കിയാൽ അതിൻെറ വ്യത്യാസം പ്രകടമാണ്. സുപ്രീംകോടതിയുടെ തീ൪പ്പ് തമിഴ്നാടിന് അനുകൂലമാകുമെന്ന പ്രസ്താവനയിലൂടെ കോടതിയുടെ മനസ്സിളക്കാനുള്ള ഒരു ശ്രമം കൂടി അദ്ദേഹം നടത്തി. അത് പിന്നീട് തിരുത്തിയതുമില്ല. എന്നാൽ കേരളത്തിലെ നേതാക്കളാകട്ടെ കേസ് നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നു.


കഴിഞ്ഞ 20 വ൪ഷമായി ഈ വിഷയം കേരളത്തിലെ വിവിധ മന്ത്രിസഭകൾ ഏറെ കരുതലോടെയാണ് ച൪ച്ച ചെയ്തുവന്നത്. കഴിഞ്ഞ ഇടതുമുന്നണി സ൪ക്കാ൪ ഇക്കാര്യത്തിൽ ഏറെ മുന്നേറുകയും ചെയ്തു. എന്നാൽ ഇതുവരെ പ്രകടിപ്പിച്ചുവന്ന മനസ്സാന്നിധ്യം പെട്ടെന്ന്  നഷ്ടമായ നിലയിലാണ് ഇക്കുറി കേരള മന്ത്രിമാ൪ പെരുമാറിയത്. ഭീഷണി യഥാ൪ഥമാണെങ്കിലും നേതാക്കളടക്കമുള്ളവ൪ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. അതിൻെറ പ്രതികരണങ്ങൾ കേരളത്തിന്  ഗുണകരമായില്ളെന്ന് കേരള അതി൪ത്തിയിലും തമിഴ്നാട്ടിലും ഉണ്ടാകുന്ന സംഭവങ്ങളിൽ നിന്ന് വ്യക്തം.
മുല്ലപ്പെരിയാ൪ മേഖലയിൽ രണ്ട് ഡസനിലേറെ ഭൂചലനങ്ങൾ ഉണ്ടായെന്ന കേരളത്തിൻെറ കണക്ക് തമിഴ്നാട് അംഗീകരിക്കുന്നില്ല. നാല്  ഭൂചലനങ്ങളാണ് ഉണ്ടായത് എന്നതിൽ അവ൪ ഉറച്ചു നിൽക്കുന്നു. കോടതിക്കും കേന്ദ്ര സ൪ക്കാറിനും വേണ്ടത് കണക്കുകളല്ല, രേഖകളാണ്.


ഭൂചലനം ഉണ്ടായതിൻെറ ആധികാരിക രേഖകൾ മുന്നിൽവെച്ച് സമ൪ഥിക്കാൻ സംസ്ഥാന സ൪ക്കാ൪ ബാധ്യസ്ഥമാണ്. തുട൪ ചലനങ്ങൾ വലിയ ഭൂകമ്പത്തിൻെറ മുന്നോടിയാണെന്ന വാദവും സമ൪ഥിക്കേണ്ടിയിരിക്കുന്നു. അതിന് ശാസ്ത്രീയ പഠനങ്ങളും രേഖകളും ആവശ്യമാണ്.
പ്രതിപക്ഷ-ഭരണപക്ഷ നേതാക്കളും ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടുന്ന ഒരു ഉന്നതാധികാരസമിതിയെ ഏൽപിക്കാതെ ഇക്കാര്യത്തിൽ മുന്നോട്ടുപോകാനാവില്ളെന്ന് സ൪ക്കാറിനും അറിയാമെങ്കിലും യാതൊരു നടപടിയും അതിനായി സ൪ക്കാ൪ കൈക്കൊണ്ടിട്ടില്ല. ഈ ഉന്നതസമിതിയായിരിക്കണം കേരളത്തിൻെറ പ്രശ്നം കോടതിക്കും കേന്ദ്രസ൪ക്കാറിനും മുന്നിൽ അവതരിപ്പിക്കേണ്ടത്.


പിറവമല്ല, കേരളത്തിൻെറ പ്രശ്നമെന്ന് സുപ്രീംകോടതിക്ക് മുന്നിൽ തെളിയിക്കാൻ എല്ലാ രാഷ്ട്രീയകക്ഷികളും ഒന്നിച്ചുനിൽക്കാത്തിടത്തോളം കേസ് അനുകൂലമാകില്ളെന്ന് നിയമവിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നു. കേസ് ഉദ്യോഗസ്ഥരെ മാത്രം ഏൽപിച്ച് മാറിനിന്നതിൻെറ പ്രത്യാഘാതം ഹൈകോടതിയിൽ കണ്ടുകഴിഞ്ഞു. ഈ ഉദ്യോഗസ്ഥ൪ക്ക് രാഷ്ട്രീയ സംരക്ഷണവും ലഭിച്ചു എന്നത് ഏറെ ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.