കൊച്ചി: വാ൪ധക്യത്തിൻെറ പ്രയാസ ങ്ങളില്ലാതെ ചെറുപ്പത്തെ നാണിപ്പിക്കുന്ന ചുറുചുറുക്കോടെ നാരായണൻ നായ൪ ട്രാക്കിൽ അമ്പതാണ്ട് തികച്ചു. മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന ജില്ലാ വെറ്ററൻ മീറ്റിൽ മത്സരിച്ചാണ് 73 കാരനായ നാരായണൻ നായ൪ അഞ്ച് പതിറ്റാണ്ടിൻെറ വേഗം അനശ്വരമാക്കിയത്. 23 വയസ്സിൽ പ്രാദേശിക ദീ൪ഘദൂര ഓട്ട മത്സരത്തിലാണ് നാരായണൻ നായ൪ ആദ്യമായി പങ്കെടുക്കുന്നത്. പിന്നാലെ റവന്യൂ ഡിപ്പാ൪ട്ട്മെൻറിൽ ക്ളാസ് ഫോ൪ ജീവനക്കാരനായി. പിന്നീട് വിരമിക്കുന്നതുവരെ ഡിപ്പാ൪ട്ട്മെൻറിനുവേണ്ടി നാരായണൻ നായ൪ ട്രാക്കിൽ മെഡലുകൾ വാരിക്കൂട്ടി. ദൽഹി, മുംബൈ, ചെന്നൈ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെല്ലാം നാരായണൻ നായ൪ വിജയത്തിൻെറ വഴിയിലായിരുന്നു.
35 വയസ്സ് മുതലാണ് നാരായണൻ നായ൪ വെറ്ററൻ മത്സരത്തിനിറങ്ങുന്നത്. അന്നുമുതൽ നടന്ന മത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനമുൾപ്പെടെ നിരവധി മെഡലുകൾ ഈ കിഴക്കമ്പലംസ്വദേശി സ്വന്തമാക്കി. പ്രായം കൂടി വരുന്തോറും മത്സരിക്കാൻ എതിരാളികളില്ലാതായി. പിന്നീട്, തന്നെക്കാൾ പ്രായം കുറഞ്ഞവ൪ക്കൊപ്പം മത്സരിച്ചപ്പോഴും മെഡലുകൾ നാരായണൻ നായ൪ക്ക് തന്നെയായിരുന്നു. 100, 200, 400 ഓട്ട മത്സരങ്ങളിലാണ് ഞായറാഴ്ച മത്സരിച്ചത്. എല്ലാ ഇനത്തിലും ഒന്നാം സ്ഥാനത്തോടെ യോഗ്യത നേടിയ ഇദ്ദേഹം 14,15 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന വെറ്ററൻസ് അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ തയാറെടുക്കുകയാണ്.
ചുറുചുറുക്കിൻെറ രഹസ്യം ഭാര്യ പങ്കജാക്ഷിയമ്മയാണെന്ന് ചിരിയോടെ നാരായണൻ നായ൪ പറയുന്നു. 73 ാം വയസ്സിലും അഞ്ച് കിലോമീറ്റ൪ ഓടാറുണ്ട്. സ൪വീസിലുണ്ടായിരുന്നപ്പോൾ കിഴക്കമ്പലം മുതൽ കടമറ്റം വരെ 15 കിലോമീറ്റ൪ ഓടിയിരുന്നു. ഇക്കാലമത്രയും ഒരു അസുഖവും ഉണ്ടായിട്ടില്ല. 80 വയസ്സുവരെ എങ്കിലും ഈ രീതിയിൽ ഓടാൻ കാലിന് കരുത്ത് നൽകണേ എന്ന പ്രാ൪ഥനയാണ് മനസ്സിലുള്ളതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ട്രാക്കിലെ അച്ഛൻെറ വേഗത്തിന് സാക്ഷിയാകാൻ നാല് മക്കളിൽ രണ്ടാമനായ ടാക്സ് കൺസൾട്ടൻറായ അനിയനും എത്തിയിരുന്നു.
രാവിലെ വെറ്ററൻ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് പ്രഫ.കെ.ജെ. പോൾ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.എസ്. ജോസഫ്, ട്രഷറ൪ രാജസുന്ദരം, ഡോ. സാഗ൪ എന്നിവ൪ പങ്കെടുത്തു. 164 കായിക താരങ്ങൾ മേളയിൽ പങ്കെടുത്തു. ഇവിടെ യോഗ്യത നേടിയ താരങ്ങൾ സംസ്ഥാന മീറ്റിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.