തിരൂ൪: ഭാഷയുടെ തറവാട്ടുമുറ്റത്ത് ഉത്സവത്തിൻെറ രാപകലുകൾക്ക് ഡിസംബ൪ 22ന് കൊടിയേറും. ഗ്രാൻഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിൻെറ ഭാഗമായി ‘മാധ്യമ’വും ഈസികുക്കും ചേ൪ന്ന് തിരൂ൪ താഴെപ്പാലം രാജീവ്ഗാന്ധി സ്മാരക സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഡിസംബ൪ ഫെസ്റ്റ് വൈവിധ്യങ്ങളുടെ സംഗമമാകും തുഞ്ചൻെറ മണ്ണിന് സമ്മാനിക്കുക. 22 മുതൽ ജനുവരി ഒന്ന് വരെയാണ് ഷോപ്പിങിൻെറയും കലയുടെയും സംസ്കാരത്തിൻെറയും അപൂ൪വ സംഗമം.
നഗരത്തിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷ കാ൪ണിവലിനാണ് തിരൂ൪ ഒരുങ്ങുന്നത്. വാണിജ്യ-വ്യാവസായിക മേളയിൽ ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനികൾ അണിനിരക്കും. എ.സി, നോൺ എ.സി സ്റ്റാളുകളാണ് ഒരുക്കുന്നത്. അമ്യൂസ്മെൻറ് പാ൪ക്കിൽ കുട്ടികൾക്കും മുതി൪ന്നവ൪ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വ്യത്യസ്ത തരത്തിലുള്ള പത്തോളം റൈഡുകൾ സജ്ജീകരിക്കും. ഫുഡ്ഫെസ്റ്റിൽ കൊതിയൂറും ഭക്ഷ്യവിഭവങ്ങളുടെ രുചിക്കൂട്ടാണ് ഒരുങ്ങുന്നത്. നാടൻ മുതൽ അറേബ്യൻ, ചൈനീസ് വിഭവങ്ങൾ വരെ ഇവിടെ ലഭ്യമാകും.
ഓട്ടോഫെസ്റ്റ് വിവിധ കമ്പനികളുടെ വാഹനപ്രദ൪ശന വേളയാകും. കോടികൾ വിലവരുന്ന പുത്തൻ മോഡൽ വാഹനങ്ങൾ വരെ എക്സ്പോയിലുണ്ടാകും. കുറ്റകൃത്യങ്ങളുടെ മനഃശാസ്ത്രം വിവരിക്കുന്ന പൊലീസ് ക്രൈം സ്റ്റാളും ക്രമീകരിക്കുന്നുണ്ട്. ആദിവാസികളുടെ നേതൃത്വത്തിൽ തനതു മാതൃക പുനരാവിഷ്കരിക്കുന്ന ആദിവാസി ഗ്രാമം തിരൂരിന് പുതിയ അനുഭവമാകും. എല്ലാ ദിവസവും കലാപരിപാടികൾ ഫെസ്റ്റിന് കൊഴുപ്പേകും. മാന്ത്രികൻ ഗോപിനാഥ് മുതുകാടിൻെറ മാന്ത്രിക വിസ്മയം, കണ്ണൂ൪ ഷരീഫ്, അഫ്സൽ, സിബല്ല സദാനന്ദൻ, ഗായത്രി, ഫിറോസ് ബാബു തുടങ്ങിയ ഗായക൪ അണിനിരക്കുന്ന ഗാനമേളകൾ തുടങ്ങിയവ വിവിധ ദിവസങ്ങളിൽ അരങ്ങേറും. ഏഷ്യാനെറ്റ് ഡാൻസ് ഫെയിം ഷിഫാനയുടെ നേതൃത്വത്തിലുള്ള നൃത്തവിരുന്ന്, വോഡാഫോൺ കോമഡി ഷോയിലെ താരങ്ങൾ അണിനിരക്കുന്ന ഹാസ്യവിരുന്ന്, കൈരളി പട്ടുറുമാൽ താരങ്ങൾ നയിക്കുന്ന മാപ്പിള ഗാനമേള എന്നിവ കലയുടെ വൈവിധ്യം സമ്മാനിക്കും. ആദിവാസി കലാമേള, കരാട്ടെ-കളരി, ആയോധന കലകളുടെ പ്രദ൪ശനം എന്നിവ വിസ്മയം പകരുന്നതാകും. കൂടാതെ വിവിധ സെമിനാറുകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.