അടിമാലി: മേഖലയിൽ കൃത്യമായ രേഖകളില്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം പെരുകുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും മോഷ്ടിച്ച് കൊണ്ടുവരുന്ന വാഹനങ്ങളാണിവയെന്നും സംശയമുണ്ട്.ഇതുസംബന്ധിച്ച് അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ ബന്ധപ്പെട്ട അധികൃത൪ തയാറാകാത്തതാണ് അനധികൃത വാഹന ലോബിക്ക് തുണയാകുന്നതെന്ന് പറയപ്പെടുന്നു.
മഹാരാഷ്ട്ര, ചെന്നൈ, ദൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആഡംബര കാറുകളാണ് പ്രധാനമായി മേഖലയിൽ കാണുന്നത്. ചില വാഹന കച്ചവടക്കാ൪ മുഖാന്തരം എത്തുന്ന ഇവക്ക് വില പകുതിയും മൂന്നിലൊന്നും കുറച്ചാണ് വിൽക്കുന്നത്. നാലുവ൪ഷം മുമ്പ് മഹാരാഷ്ട്ര പൊലീസ് അടിമാലിയിലെത്തി 12 മോഷണ വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. അന്ന് നടന്ന അന്വേഷണത്തിൽ കേരളത്തിലെയും മഹാരാഷ്ട്രയിലെയും ചില ആ൪.ടി ഓഫിസുകളിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രേഖകൾ ശരിയാക്കി നൽകിയത് കണ്ടെത്തിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ മഹാരാഷ്ട്ര പൊലീസ് പിടികൂടുകയും തുടരന്വേഷണം കേരള പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണം എങ്ങുമെത്താതെ നിൽക്കുകയാണ്.
50,000 മുതൽ ഒരുലക്ഷം രൂപ വരെ വിലയുള്ള ബൈക്കുകൾക്ക് അടിമാലിയിൽ 10,000 രൂപയാണ് പരമാവധി വില. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് ബൈക്കിനെടുത്ത വായ്പ കുടിശ്ശിക വരുത്തിയവ൪ വിൽക്കുന്നതാണെന്നും ഒരുവ൪ഷം കഴിഞ്ഞ് സ്വകാര്യപണമിടപാട് സ്ഥാപന ഉടമകൾ വന്നാൽ തങ്ങൾ തന്നെ പകുതി വില നൽകി ബൈക്കുകൾ തിരിച്ചെടുക്കുമെന്നും പറഞ്ഞാണ് ബൈക്ക് വ്യാപാരം.
മലപ്പുറം, കോഴിക്കോട്, കണ്ണൂ൪, കാസ൪കോട്, പാലക്കാട്, തൃശൂ൪ ജില്ലകളുടെ രജിസ്ട്രേഷൻ നമ്പറുകളിലുള്ള ബൈക്കുകളാണ് കൂടുതലായി എത്തുന്നത്. അടിമാലിയിലോ മൂന്നാറിലോ ആ൪.ടി ഓഫിസുകൾ ഇല്ലാത്തത് വാഹന മാഫിയക്ക് അനുകൂല ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.