അങ്ങാടിപ്പുറം: ഗുഡ്സ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ അങ്ങാടിപ്പുറം എഫ്.സി.ഐ ഗോഡൗണിലേക്കുള്ള ധാന്യവരവ് താൽക്കാലികമായി നി൪ത്തി. ഡിസംബ൪ 15 മുതൽ ജനുവരി 15 വരെയാണ് ലൈൻ മാറ്റി സ്ഥാപിക്കാൻ റെയിൽവേ അനുമതി ചോദിച്ചിരുന്നത്. ഇതോടെ, അങ്ങാടിപ്പുറം, കുറ്റിപ്പുറം ഗോഡൗണുകളിൽനിന്ന് ലോഡെടുക്കുന്ന മൊത്ത വ്യാപാരികൾ ഒരു മാസം കോഴിക്കോട് വെസ്റ്റ് ഹിൽ എഫ്.സി.ഐയിൽ നിന്നാണ് ലോഡെടുക്കേണ്ടത്. വെള്ളിയാഴ്ച ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിലാണ് തീരുമാനം. അങ്ങാടിപ്പുറത്ത് നിലവിൽ 15 വാഗൺ നി൪ത്താൻ മാത്രമാണ് സൗകര്യമുള്ളത്. ഇത് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ പലതവണ വാഗൺ അനുവദിക്കാതിരുന്നിരുന്നു. നിരന്തര സമ്മ൪ദങ്ങളെ തുട൪ന്നാണ് ഓരോ തവണയും വാഗൺ ലഭിച്ച് വന്നിരുന്നത്.
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണത്തിൻെറ ഭാഗമായി നടക്കുന്ന പ്ളാറ്റ്ഫോം നവീകരണത്തിൻെറ അനുബന്ധമായാണ് ഗുഡ്സ് ലൈൻ മാറ്റി സ്ഥാപിക്കാനും നീളം കൂട്ടാനും റെയിൽവേ സന്നദ്ധമായത്. ഇത് പൂ൪ത്തിയാകുന്നതോടെ 21 വാഗൺ നി൪ത്താൻ ഇവിടെ സൗകര്യമാകും.
അങ്ങാടിപ്പുറത്തും കുറ്റിപ്പുറത്തും റീ ബുക്കിങ് വഴി ഒരുമിച്ചാണ് വാഗൺ വന്നിരുന്നത്. നിലമ്പൂ൪, ഏറനാട്, പെരിന്തൽമണ്ണ താലൂക്കുകൾക്ക് അങ്ങാടിപ്പുറത്ത് നിന്നും ബാക്കി താലൂക്കുകൾക്ക് കുറ്റിപ്പുറത്ത് നിന്നുമാണ് ധാന്യ വിതരണം.
അതേസമയം, ഇനി ഒരുമാസം അങ്ങാടിപ്പുറം ഗോഡൗണിലെ കയറ്റിറക്ക് തൊഴിലാളികൾക്ക് ജോലിയുണ്ടാവില്ല. ധാന്യവരവ് നി൪ത്തിവെക്കുന്ന വിവരം നവംബ൪ ആദ്യവാരത്തിൽ തന്നെ റെയിൽവേ അറിയിച്ചിരിക്കെ മുൻകൂട്ടി ധാന്യം ശേഖരിക്കാൻ എഫ്.സി.ഐക്ക് കഴിയുമായിരുന്നു. ഇതിന് തയാറാകാതെ തങ്ങളുടെ ജോലി നിഷേധിക്കുകയാണ് എഫ്.സി.ഐ ചെയ്തതെന്ന് തൊഴിലാളികൾ പരാതിപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച തൊഴിലാളികൾ ജില്ലാ കലക്ടറെ നേരിൽ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയ കലക്ട൪ വെള്ളിയാഴ്ച നടന്ന യോഗത്തിലേക്ക് തങ്ങളെ വിളിച്ചില്ളെന്ന് തൊഴിലാളികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.