സെക്കന്‍ഡറി വിദ്യാഭ്യാസം തൊഴിലിന് പ്രാപ്തരാക്കാത്തത് -കലാം

കൊച്ചി: രാജ്യത്തെ  സെക്കൻഡറി വിദ്യാഭ്യാസം പഠിതാക്കളെ തൊഴിലെടുക്കാൻ പ്രാപ്തരാക്കുന്നതല്ളെന്ന് മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാം. എറണാകുളം നോ൪ത്ത് ഇടപ്പള്ളി ഗവ. വി.എച്ച്.എസ് സ്കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലിൽ പ്രവേശിക്കാൻ പ്രാപ്തരാക്കും വിധം വിദഗ്ധ പരിശീലനം ഏ൪പ്പെടുത്താൻ സ൪ക്കാറുകൾ ശ്രമിക്കണം. പ്ളസ്ടു തലം മുതൽ പഠനത്തിൻെറ 25 ശതമാനം തൊഴിലധിഷ്ഠിത പരിശീലനം നൽകണം. അത്തരത്തിലെ പഠന സിലബസ് അടുത്ത വിദ്യാഭ്യാസ വ൪ഷം മുതൽ തന്നെ നടപ്പാക്കണമെന്ന് വേദിയിലുണ്ടായിരുന്ന വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനോട്  അദ്ദേഹം ആവശ്യപ്പെട്ടു.


രാജ്യ പുരോഗതിക്കായി യുവാക്കളിൽ നിന്ന് ആശയങ്ങൾ ക്ഷണിക്കുന്നതായി കലാം പറഞ്ഞു. തൻെറ വെബ്സൈറ്റ് വഴിയോ നേരിട്ടോ കത്തെഴുതാമെന്നും  കൂട്ടിച്ചേ൪ത്തു. പ്രൈമറി സ്കൂൾ സിലബസ് ക്രിയാത്മകമായി മാറ്റണമെന്ന് വിദ്യാ൪ഥികളുടെ ചോദ്യത്തിനുത്തരമായി മുൻ രാഷ്ട്രപതി പറഞ്ഞു. വനിതകൾ മോശം അവസ്ഥയിൽ കഴിയുന്നവരാണെന്ന് കരുതുന്നില്ല.

എല്ലാ മേഖലകളിലും ഇപ്പോൾ സ്ത്രീ പങ്കാളിത്തം മികച്ച തോതിലുണ്ട്. എങ്കിലും പാ൪ലമെൻറിൽ കൂടി 33 ശതമാനമെങ്കിലും പങ്കാളിത്തം കിട്ടാൻ ശ്രമിക്കണം. രാജ്യത്ത് 2020 ഓടെ അഴിമതി രഹിത ഭരണകൂടം ഉണ്ടാകും. നിരക്ഷരത തുടച്ചുനീക്കപ്പെടും. ഗ്രാമ- നഗര വേ൪തിരിവുകൾ ഇല്ലാതാകും. ഇതിനെല്ലാം യുവാക്കൾ മുന്നിട്ടിറങ്ങണം.


തൊഴിലധിഷ്ഠിത ഹയ൪ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ നാഷനൽ സ൪വീസ് സ്കീമിൻെറ ആഭിമുഖ്യത്തിൽ ‘സിദ്ധി 2020’ എന്ന പേരിൽ തുടങ്ങിയ തൊഴിൽ നൈപുണി വികസന യജ്ഞം  അബ്ദുൽ കലാം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പുസ്തകവും ഡോക്യുമെൻററിയും അദ്ദേഹം പ്രകാശനം ചെയ്തു.

  മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി കെ.വി. തോമസ്, മന്ത്രി കെ. ബാബു, മേയ൪ ടോണി ചമ്മണി, കലക്ട൪ ഷെയ്ഖ് പരീത്, ഹൈബി ഈഡൻ എം.എൽ.എ, വി.എച്ച്.എസ്.ഇ ഡയറക്ട൪ എം. അബ്ദുറഹ്മാൻ, കൗൺസില൪ എം.പി. മഹേഷ്കുമാ൪, ആ൪. ത്യാഗരാജൻ, എൻ.എസ്.എസ് സംസ്ഥാന ലെയ്സൺ ഓഫിസ൪ പ്രഫ. അനിതാശങ്ക൪ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.