അരൂ൪: മത്സ്യത്തൊഴിലാളികളുടെ വായ്പകൾ എഴുതിത്തള്ളിയെന്ന സ൪ക്കാ൪ പ്രഖ്യാപനം നിലനിൽക്കെ ജപ്തി നടപടികളുമായി അധികൃത൪ രംഗത്ത്.
അരൂ൪ പഞ്ചായത്ത് 14ാം വാ൪ഡ് ആഞ്ഞിലിക്കാട് തെക്കേ പുതുവൽ നിക൪ത്തിൽ ശിവദാസൻെറ വീട് ജപ്തിചെയ്യുമെന്ന് അറിയിച്ച് കഴിഞ്ഞ ഒമ്പതിനാണ് കത്ത് ലഭിച്ചത്. ജനുവരി 12ന് കുത്തിയതോട് റൂറൽ ഹൗസിങ് കോ ഓപറേറ്റിവ് സൊസൈറ്റിയിൽ ലേലം നടക്കുമെന്നായിരുന്നു അറിയിപ്പ്.
മത്സ്യത്തൊഴിലാളിയായ ശിവദാസൻ കുത്തിയതോട് സൊസൈറ്റിയിൽനിന്ന് 2004ൽ വീട് നി൪മിക്കാൻ 50,000 രൂപ വായ്പ എടുത്തിരുന്നു.
ഗഡുക്കളായി അടച്ചുകൊണ്ടിരിക്കെയാണ് സൂനാമി ദുരന്തം വന്നത്.
തുട൪ന്ന് വായ്പ എഴുതിത്തള്ളുമെന്ന് സ൪ക്കാ൪ പ്രഖ്യാപിച്ചു. അതിനുള്ള അപേക്ഷ ശിവദാസൻ നൽകിയപ്പോൾ പരിഗണിക്കുമെന്ന മറുപടിയും ലഭിച്ചു.
എന്നാൽ, കേരള സ്റ്റേറ്റ് കോ ഓപറേറ്റിവ് ഫെഡറേഷൻെറ കലൂ൪ ഓഫിസിൽ നിന്ന് ശിവദാസന് ലഭിച്ച കത്തിൽ 86,620 രൂപ അടക്കാനുണ്ടെന്നും ജനുവരി 12ന് രാവിലെ 11.30ന് സംഘം ഓഫിസിൽ സ്ഥലവും വീടും ജപ്തിചെയ്യുമെന്നുമാണ് അറിയിച്ചത്. ജപ്തി ഒഴിവാക്കാൻ 98,214 രൂപ അടക്കണം. ജപ്തി നടപടികൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെന്നും എഴുതിത്തള്ളിയെന്നും മന്ത്രിമാ൪ ആവേശത്തോടെ പറയുമ്പോഴാണ് ദരിദ്രകുടുംബാംഗമായ ശിവദാസൻെറ ഉറക്കംകെടുത്തുന്ന ജപ്തി ഭീഷണി.
ശിവദാസനെപ്പോലെ തീരദേശ മേഖലയിൽ നിരവധി തൊഴിലാളി കുടുംബങ്ങൾ ജപ്തി ഭീഷണിമൂലം കടം വീട്ടേണ്ടത് എങ്ങനെയെന്ന് അറിയാതെ നെട്ടോട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.