വിനോദ സഞ്ചാരവകുപ്പ് ഉത്സവത്തിന് ഞായറാഴ്ച തിരി തെളിയും

പത്തനംതിട്ട: കേരളത്തിൻെറ തനതുകലാരൂപങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമാക്കി വിനോദ സഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവമേളക്ക് ഞായറാഴ്ച തിരി തെളിയും. ജില്ലയിൽ ആറന്മുള, കോന്നി, കൊടുമൺ, അയിരൂ൪, തിരുവല്ല, കടമ്മനിട്ട എന്നിവിടങ്ങളിലാണ് ഉത്സവം. ഞായറാഴ്ച മുതൽ ഫെബ്രുവരി 26വരെ എല്ലാ ഞായറാഴ്ചകളിലും കലാപരിപാടി നടക്കും.
ശാസ്ത്രീയ നൃത്തരൂപങ്ങൾ, നാടൻ കലാരൂപങ്ങൾ, സംഗീതം, ക്ഷേത്ര കലകൾ, അനുഷ്ഠാന കലകൾ എന്നിവയാണ് ഉത്സവത്തിൽ അവതരിപ്പിക്കുക. സംസ്ഥാന ടൂറിസം വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഉത്സവം സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം  ആറന്മുള ക്ഷേത്രത്തിന് സമീപം രാമചന്ദ്രപ്പണിക്കരുടെ കോതാമ്മൂരി പാട്ടും എം.വി.കരുണാകരൻെറ പൂരക്കളിയും അരങ്ങേറും. 25ന്  പഴനിസ്വാമി അവതരിപ്പിക്കുന്ന കുറുമ്പ നൃത്തം, ഇരുളനൃത്തം, മൂഡുക നൃത്തം എന്നിവയും മുരളീധരമാരാരുടെ സോപാനസംഗീതവുമുണ്ടാകും. ജനുവരി ഒന്നിന് കരിന്തലക്കൂട്ടത്തിൻെറ നാടൻ പാട്ട് സന്ധ്യയാണ്.
കോന്നി എലിഫൻറ് കേജ് പരിസരത്ത് ജനുവരി എട്ടിന് നാടൻ പാട്ടും പരുന്താട്ടവും കെ.ജെ.ജോൺ അവതരിപ്പിക്കും. ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന പൂതനും തിറയും, വെളിച്ചപ്പാട് തുള്ളലും അരങ്ങേറും. 15ന് പി.കെ.കരിയനും സംഘവും അവതരിപ്പിക്കുന്ന ഗദ്ദിക, വെള്ളാട്ട്, കൂളിയാട്ടം എന്നിവയും ശ്രീധരനാശാൻെറ കാക്കാരശ്ശിയുമാണ് കലാപരിപാടികൾ.
ജനുവരി 22ന് കൊടുമൺ ശക്തിഭദ്ര കൾച്ചറൽ സെൻററിലാണ് ഉത്സവം. 22ന് കൃഷ്ണൻകുട്ടി മേനോൻ തച്ചപ്പള്ളിലും സംഘത്തിൻെറയും ശാസ്താംപാട്ടും രാമൻ നമ്പ്യാരുടെ അയ്യപ്പൻ തീയാട്ടുമാണ് അവതരിപ്പിക്കുക. 29ന് ദ്രാവിഡകലാസമിതി മുളഞ്ചെണ്ട, മംഗലംകളി, തുളുപ്പാട്ട് എന്നിവ കാഴ്ചവെക്കും. അന്നുതന്നെ പനമണ പരിചമുട്ടുകളി സംഘത്തിൻെറ പരിചമുട്ടുകളിയും അരങ്ങേറും.
ഫെബ്രുവരി അഞ്ചിന് അയിരൂ൪ നാട്യഭാരതിലെ കഥകളി കേന്ദ്രത്തിലാണ് ഉത്സവം. വൈകുന്നേരം അഖിലേഷ് തിറയാട്ടവും കീഴില്ലം ഉണ്ണികൃഷ്ണൻ മുടിയേറ്റും അവതരപ്പിക്കും.
ഫെബ്രുവരി 12, 19 തീയതികളിൽ തിരുവല്ലയിലെ ഡി.ടി.പി.സി സത്രത്തിലാണ് കലാപരിപാടി. 12ന് കാപ്പാട് കോയയും സംഘവും അവതരിപ്പിക്കുന്ന ദഫ്മുട്ട്, അറവനമുട്ട്, മാപ്പിളപ്പാട്ട് എന്നിവയുണ്ടാകും. തുട൪ന്ന് സി.പി.പ്രമോദിൻെറ തെയ്യവും കാണാം. 19ന് രാമചന്ദ്രപ്പുലവൻ തോൽപ്പാവക്കൂത്ത് അവതരിപ്പിക്കും. സമാപനദിനമായ ഫെബ്രുവരി 26ന് കടമ്മനിട്ട ക്ഷേത്രപരിസരത്ത് മണ്ണഞ്ചേരി ദാസൻെറ ഓട്ടന്തുള്ളലും ദ്വാരക ഉണ്ണികൃഷ്ണൻെറ കന്യാ൪കളിയും അരങ്ങേറും.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.