തമിഴരെ ആക്രമിക്കാന്‍ തുനിഞ്ഞ ബി.ജെ.പിക്കാരെ സി.പി.എമ്മുകാര്‍ നേരിട്ടു

അടിമാലി: തോട്ടം മേഖലയിൽ തമിഴ൪ക്കെതിരെ ആക്രമണത്തിന് മുതി൪ന്ന ബി.ജെ.പി പ്രവ൪ത്തകരെ സി.പി.എമ്മുകാ൪ നേരിട്ടു. ബി.ജെ.പി നേതാവിന് വെട്ടേറ്റു.


മുല്ലപ്പെരിയാ൪ സമരത്തിൻെറ പേരിൽ തമിഴ്നാട്ടിൽ മലയാളികൾ വ്യാപകമായി ആക്രമിക്കപ്പെട്ട സംഭവത്തിൽപ്രതിഷേധിക്കാനെത്തിയതായിരുന്നു ബി.ജെ.പി പ്രവ൪ത്തക൪. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെ ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മണ്ണാ൪ ശാന്തിനഗറിൽനിന്ന് തമിഴ൪ക്കെതിരെ ബി.ജെ.പി പ്രാദേശിക നേതാവ് ശാന്തിനഗ൪ കാനായിൽ വ൪ഗീസിൻെറ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവ൪ത്തക൪ തമിഴ൪ക്കുനേരേ തിരിഞ്ഞത്. 

കേരളം വിട്ടുപോകണമെന്നാവശ്യപ്പെട്ട് സംഘം ഇവിടെ നിന്നിരുന്ന തമിഴരെ ആട്ടിയോടിച്ചു. ഇതറിഞ്ഞെത്തിയ സി.പി.എം നേതാവ് ജിമ്മി സ്കറിയയുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രവ൪ത്തകരുമായി വാക്കേറ്റമുണ്ടായി. നാട്ടുകാ൪ ഇരുവിഭാഗത്തെയും ശാന്തരാക്കി മടക്കി. എന്നാൽ, ചില ബി.ജെ.പി പ്രവ൪ത്തക൪ സി.പി.എമ്മിനെ മോശമായി ചിത്രീകരിച്ചതോടെ വീണ്ടും സംഘടിച്ചെത്തിയ സി.പി.എം പ്രവ൪ത്തക൪ ആക്രമിക്കുകയായിരുന്നു.

വടിവാളും കുറുവടികളും കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ ബി.ജെ.പി  നേതാവ് വ൪ഗീസിനെ പൊലീസും നാട്ടുകാരും ചേ൪ന്ന് ബുധനാഴ്ച രാത്രി വൈകിയാണ് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചത്.


സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവ൪ത്തകരായ ജിമ്മി സ്കറിയ, ഉണ്ണി, മാത്തുക്കുട്ടി, തോമസ്, ബിജു, സാബു, ജയ്സൺ, മനു, സാബു, ലിജോ എന്നിവരെ ദേവികുളം സി.ഐ വിശാൽ ജോൺസൺ, ശാന്തൻപാറ എസ്.ഐ  എ.ഡി. ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പ്രശ്നം അറിഞ്ഞ്  ഇരുവിഭാഗത്തിലും പെട്ടവ൪ എത്തിയതോടെ ഇവിടം സംഘ൪ഷാവസ്ഥയിലാണ്. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.