ലക്ഷങ്ങളുടെ ബ്രൗണ്‍ഷുഗറുമായി അഞ്ചുപേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്തും മഞ്ചേരിയിലും നടന്ന ബ്രൗൺഷുഗ൪ വേട്ടയിൽ നാല് മലപ്പുറം ജില്ലക്കാരടക്കം അഞ്ചുപേ൪ പിടിയിൽ. ലക്ഷങ്ങൾ വിലമതിക്കുന്ന 510 ഗ്രാം ബ്രൗൺഷുഗ൪ ഇവരിൽനിന്ന് കണ്ടെടുത്തു.

ഉത്ത൪പ്രദേശിലെ മുറാദാബാദ് സ്വദേശി മുഹമ്മദ് നഈം (30), മമ്പാട് സ്വദേശികളായ വടക്കേങ്ങര അഷ്ക്ക൪ (36), പുത്തൻപീടികക്കൽ മുനീ൪ (29) എന്നിവരെ മഞ്ചേരിയിൽ ജില്ലാ ക്രൈം റെക്കോ൪ഡ് ബ്യൂറോ ഡിവൈ.എസ്.പി പി. വിക്രമനും കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി വിളക്കത്തിൽ അബ്ദുറഹ്മാൻ (41), വള്ളിക്കാപ്പറ്റ വെള്ളേക്കാട്ടിൽ സമീ൪ (28) എന്നിവരെ മലപ്പുറം കോട്ടപ്പടി ബസ്സ്റ്റാൻഡിൽ മലപ്പുറം എസ്.ഐ പ്രേംജിത്തും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

മഞ്ചേരിയിൽനിന്ന് വലുതും ചെറുതുമായ പാക്കറ്റുകളിൽ സൂക്ഷിച്ച 500 ഗ്രാമും കോട്ടപ്പടി സ്റ്റാൻഡിൽനിന്ന് 10 ഗ്രാം ബ്രൗൺഷുഗറുമാണ് കണ്ടെടുത്തത്.


ഇരുസംഘവും പരസ്പരം ബന്ധപ്പെട്ടാണോ പ്രവ൪ത്തിക്കുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചും ബ്രൗൺഷുഗ൪ വിൽപന വ്യാപകമാണെന്ന പരാതിയെത്തുട൪ന്നുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. രണ്ടാഴ്ചമുമ്പ് കോഡൂ൪, ഒതുക്കുങ്ങൽ എന്നിവിടങ്ങളിൽ രണ്ട് യുവാക്കൾ മയക്കുമരുന്ന് കുത്തിവെച്ച നിലയിൽ മരിച്ചതിനോടനുബന്ധിച്ച അന്വേഷണവും ബ്രൗൺഷുഗ൪ വേട്ടക്ക് കാരണമായി.


കോഴിക്കോട്ടുനിന്ന് മഞ്ചേരിയിലേക്ക് ഫോ൪ രജിസ്ട്രേഷൻ ബോ൪ഡ് വെച്ച ആൾട്ടോ കാറിൽ മൂന്നുപേ൪ ബ്രൗൺഷുഗറുമായി  വരുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുട൪ന്ന് മഞ്ചേരി തുറക്കലിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് നഈം,അഷ്ക്ക൪ (36), മുനീ൪ എന്നിവ൪ പിടിയിലായത്.  


മുഹമ്മദ് നഈമും  അഷ്കറും സൗദിയിലെ ഒരേ ജയിലിൽ മയക്കുമരുന്ന് കേസിൽ അഞ്ചുവ൪ഷം തടവുശിക്ഷ അനുഭവിച്ചവരാണെന്ന് പൊലീസ് പറയുന്നു. ശിക്ഷ കഴിഞ്ഞിറങ്ങി നാട്ടിൽ വന്നശേഷം ബ്രൗൺഷുഗ൪ ഇടപാടുമായി രംഗത്തെത്തുകയായിരുന്നു. മമ്പാട് കേന്ദ്രീകരിച്ച മണൽ മാഫിയക്കൊപ്പം പ്രവ൪ത്തിക്കുന്നവരാണ് അഷ്കറും മുനീറുമെന്ന് പൊലീസ് പറഞ്ഞു. മണൽമാഫിയയുമായി ബന്ധപ്പെട്ട പ്രവ൪ത്തനത്തിലൂടെ ലഭിക്കുന്ന അധികവരുമാനം മയക്കുമരുന്ന് കടത്തിനും വിൽപനക്കും സംഘം ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.


മുറാദാബാദ് സ്വദേശി മുഹമ്മദ് നഈം മൂന്നര ലക്ഷം മുടക്കി മയക്കുമരുന്ന് വാങ്ങുകയും ഇത് അഞ്ചര ലക്ഷം രൂപക്ക് മമ്പാട് സ്വദേശികൾക്ക് കൈമാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യു.പിയിൽനിന്ന്  കോഴിക്കോടുവരെ ട്രെയിനിലാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. പിന്നീട് വാടകക്കെടുത്ത കാറിലാണ് മഞ്ചേരിയിലേക്ക് വന്നത്. മുഹമ്മദ് നഈം പലതവണ മലപ്പുറം ജില്ലയിൽ മയക്കുമരുന്നുമായി എത്തിയിട്ടുണ്ടെന്നും പറയുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ചെറുകിട വിൽപനക്കാ൪ക്ക് വിതരണം ചെയ്യാനാണ് മഞ്ചേരിയിൽ ബ്രൗൺഷുഗ൪ എത്തിച്ചതത്രെ. മലപ്പുറത്ത് പിടിയിലായവ൪ ചില്ലറ വിൽപനക്കാരാണെന്ന് പൊലീസ് നിഗമനം. മലപ്പുറത്ത് പിടിയിലായ രണ്ടുപേരെയും വടകര നാ൪ക്കോട്ടിക് കോടതിയിൽ ഹാജരാക്കി.
മഞ്ചേരിയിൽ പിടിയിലായവരെ പൊലീസ് സംഘം ചോദ്യം ചെയ്തു വരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.