കൊച്ചി: തമിഴ്നാട് സ൪ക്കാറിൽ നിന്ന് നേരിടേണ്ടി വന്നതിനെക്കാൾ ദയാരഹിത നിലപാടാണ് മലയാള സിനിമാ സംഘടനകളിൽ നിന്ന് നേരിടേണ്ടിവന്നതെന്ന് 'ഡാം 999' സിനിമയുടെ സംവിധായകൻ സോഹൻ റോയി.
ഒരു മലയാളിയുടെ ഹോളിവുഡ് സംരംഭം എന്ന രീതിയിൽ മലയാള സിനിമാ പ്രവ൪ത്തകരിൽ നിന്ന് വലിയ പിന്തുണയാണ് പ്രതീക്ഷിച്ചത്. എന്നാൽ, തുടക്കം മുതൽ സിനിമയെ ഇല്ലായ്മ ചെയ്യാനാണ് മലയാള സിനിമാ രംഗത്തുള്ളവ൪ ശ്രമിച്ചത്. സിനിമ കാണാനുള്ള ജനങ്ങളുടെ അവകാശംപോലും നിഷേധിക്കാനാണ് ഇപ്പോൾ സംഘടനകൾ ശ്രമിക്കുന്നത്. സിനിമയെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത് ഒരു മലയാളി എന്ന നിലയിലും ഒരു നവാഗത സിനിമക്കാരൻ എന്ന രീതിയിലും വലിയ സങ്കടമാണ് ഉണ്ടാക്കിയതെന്നും സോഹൻ റോയി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
വൈകാരികമായ ചില പ്രശ്നങ്ങളാവാം തമിഴ്നാട്ടിൽ പ്രദ൪ശനം തടയാൻ കാരണമെന്ന് പറയാനാവും. എന്നാൽ, പിന്തുണ നൽകേണ്ട മലയാള സിനിമാ പ്രവ൪ത്തക൪ ഇങ്ങനെ പ്രവ൪ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. സിനിമയുടെ ലക്ഷക്കണക്കിന് പോസ്റ്ററുകൾ പോലും പതിക്കാൻ സംഘടനകളുടെ വിലക്കുമൂലം കഴിഞ്ഞില്ല. സ്വന്തമായി തിയറ്ററുടമകളുമായി സംസാരിച്ചാണ് സംഘടനാ ചട്ടക്കൂട്ടിൽ പൂ൪ണമായും ഒതുങ്ങി നിൽക്കാത്ത തിയറ്ററുകളിൽ സിനിമ പ്രദ൪ശിപ്പിക്കാൻ അവസരം ഒരുക്കിയത്്. എന്നാൽ, ഡിസംബ൪ 15 നുശേഷം സിനിമ പ്രദ൪ശിപ്പിക്കരുതെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ തിയറ്റ൪ ഉടമകൾക്ക് നി൪ദേശം നൽകിയത്. ഇത്തരത്തിൽ സിനിമയുടെ അന്ത്യ കൂദാശ നടത്തുന്നതിന് പകരം നൂൺ ഷോ ആയെങ്കിലും ഒരു പ്രദ൪ശനം നടത്താൻ അവസരം ഉണ്ടാക്കണമെന്നാണ് അഭ്യ൪ഥിക്കാനുള്ളത്.
സിനിമ റിലീസ് ചെയ്ത സമയത്ത് മുല്ലപ്പെരിയാ൪ പ്രശ്നം പൊങ്ങിവന്നത് സിനിമക്ക് ദോഷമായി. വെറും ഡാം തകരുന്നത് മാത്രമല്ല സിനിമയുടെ പ്രമേയം. ഒരു പ്രണയ കഥയാണ്. ഡാം ദുരന്തമുണ്ടായാൽ ഏത് രീതിയിൽ ജനങ്ങൾ തയാറെടുപ്പുകൾ നടത്തണമെന്ന് സിനിമ ബോധവത്കരിക്കുന്നുണ്ട്. വിനോദ നികുതിയിൽ നിന്ന് സിനിമയെ ഒഴിവാക്കുമെന്ന് മന്ത്രി പറഞ്ഞതാണ്. എന്നാൽ, നടപടി ഉണ്ടായില്ല. മലയാള സിനിമാ രംഗത്തെ സംഘടനകൾ നടത്തുന്ന നീക്കം കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി നി൪ദേശ പ്രകാരം തമിഴ്നാട് അധികൃതരുമായി ച൪ച്ച നടത്തിയിരുന്നു. എന്നാൽ, സിനിമ പ്രദ൪ശിപ്പിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും ഇല്ല. ഈ സാഹചര്യത്തിൽ 18 ന് ചപ്പാത്തിൽ സൂചനാ നിരാഹാരം നടത്തും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജനുവരി മൂന്നുമുതൽ അനിശ്ചിതകാല നിരാഹാരം നടത്തുമെന്നും സോഹൻ റോയി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.