മുസ്ലിം ആയതിനാൽ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; നടപടി വേണമെന്ന് ഖുശ്ബു

ചെന്നൈ: പ്രശസ്ത നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിനെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണി. ഖുശ്ബു തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഭീഷണി മുഴക്കിയ ആളുടെ പേരും ഫോൺനമ്പറും ഖുശ്ബു പുറത്തുവിട്ടിട്ടുണ്ട്.

മുസ്‍ലീമായതിനാല്‍ താന്‍ ബലാത്സംഗം ചെയ്യപ്പെടേണ്ട ആളാണെന്ന് ഫോണില്‍ വിളിച്ചയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് ഖുശ്ബുവിന്‍റെ പരാതി. കൊൽക്കത്തയിൽ നിന്നുള്ള ഒരു നമ്പറിൽ നിന്നാണ് ഫോൺ കോൾ വന്നതെന്നും സഞ്ജയ് ശർമ എന്ന പേരാണ് ട്രൂകോളറിൽ കാണിച്ചതെന്നും ഖുശ്ബു പറഞ്ഞു. ഇത് രാമഭൂമി തന്നെയാണോ എന്നും പ്രധാനമന്ത്രി അക്കാര്യം വ്യക്തമാക്കണമെന്നും ഖുശ്ബു പറഞ്ഞു. കൊല്‍ക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഖുശ്ബുവിന്‍റെ ട്വീറ്റ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിഷയത്തിൽ ഇടപെടണമെന്നും ഖുശ്ബു ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്ക് സംഭവിച്ചത് ഇതാണെങ്കിൽ മറ്റ് സ്ത്രീകളുടെ സ്ഥിതി എന്താകുമെന്നും ഖുശ്ബു ചോദിക്കുന്നു. മഹാരാഷ്ട്രയിലെ മുസ്ലിം കുടുംബത്തിലാണ് ഖുശ്ബു ജനിച്ചത്. തമിഴ് നടനും സംവിധായകനുമായ സുന്ദർ.സിയാണ് ഭർത്താവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.