തോക്കുകള്‍ നിശ്ശബ്ദമായി; മരണത്തിന് ഗുര്‍ദീപിനെ തൊടാനായില്ല

ന്യൂഡല്‍ഹി: ഏതാനും നിമിഷങ്ങളേ ഗുര്‍ദീപ് സിങ്ങിന്‍െറ ജീവിതത്തില്‍ അവശേഷിച്ചിരുന്നുള്ളൂ. വ്യാഴാഴ്ച രാവിലെ ജലന്ധറില്‍ പ്രതീക്ഷയറ്റ് കഴിഞ്ഞിരുന്ന ഭാര്യയെയും അമ്മയെയും ഇന്തോനേഷ്യന്‍ ജയിലില്‍നിന്ന് ഗുര്‍ദീപ് വിളിച്ചു; ഇനി ഒരിക്കലും വിളിക്കില്ല എന്ന തേങ്ങലോടെ.

എന്നാല്‍, എല്ലാം അപ്രതീക്ഷിതമായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ വധശിക്ഷ നടപ്പാക്കുന്ന ഫയറിങ് സ്ക്വാഡിനു മുന്നിലത്തെുന്നതിനുമുമ്പുള്ള മണിക്കൂറുകള്‍ ഗുര്‍ദീപിന്‍െറ ജീവിതത്തെ മാറ്റിമറിച്ചു. ഗുര്‍ദീപിനൊപ്പം വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു ഇന്തോനേഷ്യക്കാരനും മൂന്ന് ജകാര്‍ത്തക്കാരും വെടിയുണ്ടകള്‍ക്കിരയായെങ്കിലും ഗുര്‍ദീപിനു മുന്നില്‍ തോക്കുകള്‍ നിശ്ശബ്ദമായി. 48കാരനായ ഗുര്‍ദീപ് അവിശ്വസനീയതയോടെ ജീവിതത്തിലേക്ക് മടങ്ങി. ആരോട് നന്ദി പറയണമെന്നറിയാതെ ആനന്ദക്കണ്ണീരിലാണ് കുടുംബം.

മയക്കുമരുന്നുകടത്ത് കേസില്‍ ഇന്തോനേഷ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരന്‍ ഗുര്‍ദീപ് സിങ്ങിന്‍െറ വധശിക്ഷ നിര്‍ത്തിവെച്ച വിവരം വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് കുടുംബത്തെ അറിയിച്ചത്. സിങ്ങിനെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കാന്‍ ഇന്ത്യ ശക്തമായ സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ ഇന്തോനേഷ്യന്‍ അധികൃതരെ കണ്ടിരുന്നു. വധശിക്ഷ നീട്ടിവെച്ച കാര്യം ഇന്തോനേഷ്യയിലെ ഇന്ത്യന്‍ അംബാസഡറാണ് സുഷമയെ അറിയിച്ചത്. 300 ഗ്രാം ഹെറോയിന്‍ കടത്തിയെന്നാരോപിച്ച് 2004 ആഗസ്റ്റ് 29നാണ് 48കാരനായ സിങ് ജകാര്‍ത്തയിലെ വിമാനത്താവളത്തില്‍നിന്ന് പിടിയിലായത്. 2005 ഫെബ്രുവരിയില്‍ സിങ് അടക്കം 14 പേരെ വധശിക്ഷക്ക് വിധിച്ചു.

10 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന സിങ് വധശിക്ഷക്കെതിരെ ഇന്തോനേഷ്യന്‍ പ്രസിഡന്‍റിന് ദയാഹരജി നല്‍കിയിരുന്നില്ല. കേസില്‍ ശിക്ഷിക്കപ്പെട്ട 14 പേരെയും വധശിക്ഷക്ക് വിധേയമാക്കുമെന്ന് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ പ്രതികളുടെ കുടുംബങ്ങളെ അറിയിച്ചിരുന്നു. ഗുര്‍ദീപ് അടക്കം 10 പേരുടെ വധശിക്ഷ മാറ്റിവെച്ചത് എന്തുകൊണ്ടാണെന്ന കാര്യം സര്‍ക്കാര്‍ വിശദമാക്കിയിട്ടില്ല. 2002ല്‍ ഡ്രൈവര്‍ വിസയില്‍ ന്യൂസിലന്‍ഡിലേക്ക് പോകാനിരുന്ന സിങ്ങിനെ ഏജന്‍റ് വഞ്ചിക്കുകയായിരുന്നെന്നാണ് ഭാര്യ കുല്‍വിന്ദര്‍ കൗര്‍ പറയുന്നത്. കേന്ദ്രമന്ത്രി സുഷമ സ്വരാജിന് അവര്‍ നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.