പീഡനക്കേസ് വിചാരണ: മലയാളി പെണ്‍കുട്ടിക്ക് യാത്രാചെലവിന് ലക്ഷം രൂപ നല്‍കണം

കോയമ്പത്തൂര്‍: പീഡനത്തിനിരയായ മലയാളി പെണ്‍കുട്ടിക്ക് ദുബൈയില്‍നിന്ന് കോയമ്പത്തൂരിലെ കോടതിയില്‍ വന്നുപോകാനുള്ള വിമാന യാത്രാചെലവിന് ഒരു ലക്ഷം രൂപ നല്‍കാന്‍ ജില്ലാ മഹിളാകോടതി പ്രതികളോട് ആവശ്യപ്പെട്ടു. രണ്ടുവര്‍ഷം മുമ്പാണ് കോയമ്പത്തൂരിലെ ഒരു സ്ഥാപനത്തില്‍ കണ്ണൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടത്. കണ്ണൂര്‍ സ്വദേശികളായ ഇതേ കോളജിലെ വിദ്യാര്‍ഥികളാണ് പ്രതികള്‍. കോളജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ഥിനിയുമായി ഇവര്‍ സൗഹൃദത്തിലായിരുന്നതിനാല്‍ സിനിമക്ക് കൊണ്ടുപോയി. തുടര്‍ന്ന് ഇവര്‍ പ്രതികള്‍ താമസിക്കുന്ന സ്വകാര്യ അപ്പാര്‍ട്മെന്‍റിലേക്ക് പോയി. ഇവിടെവെച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയതിനെതുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയും പ്രതികള്‍ പീഡനത്തിനിരയാക്കുകയും ചെയ്തു.

വിവരം പെണ്‍കുട്ടി പിന്നീട് ദുബൈയിലെ മാതാവിനെ അറിയിച്ചു. തുടിയല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂര്‍ ജയിലിലടച്ചു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി. കേസിന്‍െറ വിചാരണ കോയമ്പത്തൂര്‍ ജില്ലാ മഹിളാകോടതിയിലാണ് നടക്കുന്നത്. പെണ്‍കുട്ടിയും മാതാവും കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു. പ്രതിഭാഗം അഭിഭാഷകന്‍െറ ക്രോസ് വിസ്താരത്തിന് ഇരുവരും ബുധനാഴ്ച കോടതിയില്‍ ഹാജരായെങ്കിലും അഭിഭാഷകസമരം മൂലം നടന്നില്ല. കേസ് ആഗസ്റ്റ് 29ലേക്ക് മാറ്റി. തുടര്‍ന്നാണ് പെണ്‍കുട്ടി ക്രോസ്വിസ്താരം നടക്കാത്തത് തന്‍െറ കുറ്റമല്ളെന്നും ജൂലൈ 27ന് ഹാജരായ വകയിലും ആഗസ്റ്റ് 29ന് ഹാജരാകാനും വിമാനചെലവ് അനുവദിക്കണമെന്ന് കാണിച്ച് ഹരജി നല്‍കിയത്. ഇത് പരിഗണിച്ച കോടതി ഒരു ലക്ഷം രൂപ നല്‍കാന്‍ പ്രതികളോട് ആവശ്യപ്പെടുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.