മോദിയെ ‘പരിപ്പ്’ ആക്കി രാഹുല്‍

ന്യൂഡല്‍ഹി:  പരിപ്പ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വിലക്കയറ്റം ഉയര്‍ത്തി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രംഗത്ത്. പരിപ്പിന്‍െറ വില കിലോക്ക് 180 രൂപയിലത്തെിയെന്നും ഗ്രാമാന്തരങ്ങളില്‍നിന്ന് കേള്‍ക്കുന്ന പുതിയ മുദ്രാവാക്യം ‘അര്‍ഹര്‍ മോദി...’ (പരിപ്പ് മോദി) എന്നാണെന്നും രാഹുല്‍ പരിഹസിച്ചു. 

യു.പി.എയുടെ അവസാന കാലത്ത് വിലക്കയറ്റം അതിന്‍െറ മൂര്‍ധന്യത്തിലായിരുന്നെന്നും അന്നത്തെ സാഹചര്യത്തിലെ പ്രസംഗം ഉദ്ധരിച്ച് ആരെയും പരിഹസിക്കേണ്ടെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാഹുലിന് മറുപടി നല്‍കി. യു.പി.എയെ അപേക്ഷിച്ച് ഇപ്പോള്‍ വിലക്കയറ്റവും നാണയപ്പെരുപ്പവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.  പരിപ്പിന്‍െറ ഇപ്പോഴത്തെ വിലക്കയറ്റത്തിന് പിന്നില്‍ ഉല്‍പാദനത്തിലെ കുറവും വിദേശ വിപണിയിലെ ഉയര്‍ന്ന വിലയുമാണെന്നും ധനമന്ത്രി പറഞ്ഞു.    അഞ്ചു മണിക്കൂറിലേറെ നീണ്ട വിലക്കയറ്റ ചര്‍ച്ചയില്‍  പ്രതിപക്ഷ പാര്‍ട്ടികളൊന്നടങ്കം മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി.  പ്രതികൂല സാഹചര്യത്തിലും വില പിടിച്ചുനിര്‍ത്താന്‍ സാധ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ ചര്‍ച്ചക്ക് മറുപടി നല്‍കി. വിലക്കയറ്റം കാരണം അമ്മമാരും കുട്ടികളും കരയുന്നു, കണ്ണീര്‍ കുടിച്ച് ഉറങ്ങുന്നു എന്നൊക്കെയാണ് 2014ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദി പ്രസംഗിച്ചതെന്നും രാഹുല്‍ പറഞ്ഞു.  പരിപ്പിന് മാത്രമല്ല, തക്കാളിക്കും ഉരുളക്കിഴങ്ങിനുമെല്ലാം യു.പി.എ കാലത്തേതിനേക്കാള്‍ ഇരട്ടിയാണ് ഇപ്പോഴത്തെ വില.   വിലക്കയറ്റം അവസാനിപ്പിക്കുമെന്ന സ്വന്തം വാഗ്ദാനത്തെക്കുറിച്ച്  മോദി ഒന്നും പറയുന്നില്ല. പകരം, സ്വച്ഛ് ഭാരത്, മേക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ് ഇന്ത്യ, കണക്ട് ഇന്ത്യ എന്നിങ്ങനെ ഉരുവിട്ടുകൊണ്ടിരിക്കുന്നു.  

പരിപ്പിന്‍െറയും കിഴങ്ങിന്‍െറയും വിലയാണ് ജനങ്ങളുടെ വലിയ പ്രശ്നം. പരിപ്പിന് സര്‍ക്കാര്‍ നല്‍കുന്ന താങ്ങുവില കിലോക്ക് 50 രൂപയാണ്. എന്നാല്‍, വിപണിയില്‍ 180 രൂപയാണ് പരിപ്പിന്‍െറ വില. കൂടുതല്‍ ഈടാക്കുന്ന 100ലേറെ രൂപ ആരുടെ കൈകളിലേക്കാണ് പോകുന്നത്.  പരിപ്പ് വിലക്കയറ്റത്തിന്‍െറ പേരില്‍ ജനങ്ങള്‍ കൊള്ളയടിക്കപ്പെടുമ്പോള്‍ മോദി എവിടെയാണ്? കര്‍ഷകന്‍െറ ഭൂമി തട്ടിയെടുക്കാന്‍  മൂന്നുതവണ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ജനം മറന്നിട്ടില്ല. ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞിട്ടും പെട്രോള്‍ വില കുറക്കാത്ത മോദി പക്ഷേ, വന്‍കിട കമ്പനികളുടെ കോടികളുടെ കിട്ടാക്കടം എഴുതിത്തള്ളുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.    ക്രൂഡോയില്‍ വിലയിലെ കുറവ് മുഴുവന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധ്യമല്ളെന്ന് ധനമന്ത്രി വിശദീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.