നിറക്കൂട്ടുകളുടെ ബാദുഷ മറയുന്നു, ഒരു നേര്‍ത്ത ബിന്ദുവായി

ന്യൂഡല്‍ഹി: പഠനത്തില്‍ ശ്രദ്ധക്കുറവ് തോന്നിയ കുഞ്ഞു റാസയോട് അധ്യാപകന്‍ പറഞ്ഞു -ബോര്‍ഡില്‍ വരച്ച ആ ചെറുബിന്ദുവില്‍ അല്‍പനേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍. ആ വ്യായാമം ഗുണപ്പെട്ടെന്നുവേണം കരുതാന്‍. മാണ്ഡലയിലെ ഫോറസ്റ്റ് റെയ്ഞ്ചര്‍ സയ്യിദ് മുഹമ്മദ് റാസിയുടെ മകന്‍ സയ്യിദ് ഹൈദര്‍ റാസ പഠനത്തില്‍ മുന്നേറി. പക്ഷേ, പടം വരപ്പിലായിരുന്നു കൂടുതല്‍ താല്‍പര്യം. ഏട്ടന്‍ പുറത്തിറക്കിയിരുന്ന സ്കൂള്‍ മാഗസിന് പുറംചട്ട വരച്ചുകൊടുത്തായിരുന്നു തുടക്കം. പിന്നീട് വര പഠിക്കാന്‍ പോയ നാഗ്പൂരിലെയും ബോംബെയിലെയും ആര്‍ട് സ്കൂളുകളില്‍ സന്ദര്‍ശനത്തിനത്തെിയ യൂറോപ്യന്‍ ചിത്രകലാ ഗുരുക്കന്‍മാര്‍ ഈ മിടുക്കനെ ശിഷ്യനായി കിട്ടാന്‍ കൊതിച്ചു.

പാരീസില്‍ പഠനത്തിനുപോയ റാസയെ കലാരംഗത്തെ പരമോന്നത ബഹുമതികളിലൊന്നു നല്‍കി ഫ്രാന്‍സ് ആദരിച്ചു. യൂനിവേഴ്സിറ്റി ഓഫ് ബെര്‍ക്ക്ലിയില്‍ വിസിറ്റിങ് പ്രഫസറുമായി. എന്നാല്‍, കലയുടെ കടലില്‍നിന്ന് അല്‍പം പോലും കൈക്കുമ്പിളിലെടുക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന സങ്കടം അലട്ടിക്കൊണ്ടിരുന്നു. അജന്തയും എല്ളോറയും കണ്ട് വാരാണസിയിലും രാജസ്ഥാനിലുമെല്ലാം നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടയിലെപ്പോഴോ കുഞ്ഞുന്നാളില്‍ അധ്യാപകന്‍ പറഞ്ഞുകൊടുത്ത വ്യായാമം മനസ്സിലത്തെി. ചിത്രകലയിലും ഊര്‍ജസ്രോതസ്സായ ബിന്ദുവിനെ കണ്ടത്തെിയതോടെ തനിക്ക് പുനര്‍ജന്മം ലഭിച്ചെന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞത്.

പിന്നെ, ഗാലറികളെ ധ്യാനമുറികളാക്കി മാറ്റിയ, ഇന്ത്യന്‍ ദാര്‍ശനികതയും പ്രപഞ്ചസൂത്രങ്ങളും ചാലിച്ച വര്‍ണങ്ങളുടെ മഹോത്സവമായി റാസയുടെ വരകള്‍. ജീവിതപങ്കാളിയും ലോക പ്രശസ്ത ശില്‍പിയുമായിരുന്ന ജനീന്‍ മോന്‍ഗില്ലറ്റിന്‍െറ വിയോഗശേഷം 2002ലാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. പാരീസിലെ ആഡംബര വസതിയും ഗോര്‍ബിയോയിലെ സ്റ്റുഡിയോയും തന്‍െറ പരിചാരകന് സമ്മാനിച്ച് ഇന്ത്യയിലേക്ക് പറക്കുമ്പോള്‍ നിറക്കൂട്ട് നിറച്ച ഭാണ്ഡം മാത്രമായിരുന്നു ഈ സൂഫിയുടെ കൈവശം ബാക്കി.

സ്വന്തം ചിത്രങ്ങള്‍ കലയുടെ അങ്ങാടികളില്‍ കോടികള്‍ക്ക് വിറ്റുപോകുമ്പോള്‍ റാസക്ക് ലഭിച്ചിരുന്നത് അതിന്‍െറ നേര്‍ത്തൊരു പങ്കുമാത്രമായിരുന്നു. അതെത്ര എന്നുപോലും അദ്ദേഹം എണ്ണിനോക്കിയിരുന്നുമില്ല. കിട്ടുന്ന പണമാവട്ടെ തന്‍െറ ജീവിതച്ചെലവ് കഴിഞ്ഞ് ബാക്കി മുഴുവന്‍ പുതുതലമുറ ചിത്രകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കാനായി രൂപം നല്‍കിയ റാസ ഫൗണ്ടേഷനിലേക്ക് വകയിരുത്തി. ഡല്‍ഹിയിലത്തെിയശേഷം ഇരുന്നു വരക്കാനായി പണിതീര്‍ത്ത ആഡംബര സ്റ്റുഡിയോപോലും രജിസ്റ്റര്‍ ചെയ്തത് ഫൗണ്ടേഷന്‍ അംഗങ്ങളുടെ പേരിലായിരുന്നു.

 താന്‍ വരക്കുന്ന ചിത്രങ്ങള്‍ ആളുകള്‍ക്ക് ആനന്ദം പകരുന്നതും മറ്റു ചിലര്‍ക്ക് ജീവിത സൗഭാഗ്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും ആനന്ദം നല്‍കുന്നുവെന്നും സമാധാനത്തോടെ ഇരുന്ന് വരക്കാനുള്ള അന്തരീക്ഷം മാത്രമാണ് താന്‍ മോഹിക്കുന്നതെന്നുമായിരുന്നു റാസ പറഞ്ഞിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.