ശ്രീലങ്കന്‍ ആക്രമണം: തമിഴ് മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍

ചെന്നൈ: ശ്രീലങ്കന്‍ സേനയുടെ ആക്രമണത്തില്‍നിന്ന് സുരക്ഷിതത്വം തേടി രാമേശ്വരത്ത് 4000 മത്സ്യത്തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ക്കുമേല്‍ ശ്രീലങ്കന്‍ സേന തുടരുന്ന ആക്രമണങ്ങള്‍ക്ക് തടയിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി ആരോപിച്ചാണ് സമരം. ആയിരത്തോളം മത്സ്യബന്ധനബോട്ടുകളും  വള്ളങ്ങളും ജെട്ടികളില്‍ കെട്ടിയിട്ടിരിക്കുകയാണ്. മേഖലയിലെ 11 തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. സമീപ മത്സ്യത്തൊഴിലാളി പ്രദേശങ്ങളായ പുതുക്കോട്ടൈ, നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍  എന്നിവിടങ്ങളിലേക്കും സമരം വ്യാപിപ്പിക്കും.

ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്ന 77 തമിഴ് മത്സ്യത്തൊഴിലാളികളെയും കോടികള്‍ വിലമതിക്കുന്ന നൂറിലധികം മത്സ്യബന്ധന ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും വിട്ടുകിട്ടണമെന്ന ആവശ്യം പരിഗണിക്കാത്തതാണ് പെട്ടെന്ന് പണിമുടക്കിലേക്ക് തൊഴിലാളികളെ തള്ളിവിട്ടത്. സമുദ്രത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന ശ്രീലങ്കന്‍ സേനയുടെ അറസ്റ്റിനെതിരെ യൂനിയനുകള്‍ പ്രമേയം പാസാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അയച്ചുകൊടുത്തു. തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് സമരസമിതി നേതാവ് പി. സേസു രാജ പറഞ്ഞു. രാമേശ്വരം ബസ്സ്റ്റാന്‍ഡിന് മുന്നില്‍ നടക്കുന്ന 24 മണിക്കൂര്‍ ധര്‍ണയില്‍ ശ്രീലങ്കന്‍ ജയിലുകളിലുള്ളവരുടെ കുടുംബങ്ങള്‍ അണിനിരന്നു. കേരളത്തിലെ മത്സ്യബന്ധന മേഖലകളില്‍ ജോലി നോക്കുന്ന തമിഴ് തൊഴിലാളികളും സമരത്തിലുണ്ട്.  

ബംഗാള്‍ ഉള്‍ക്കടലില്‍ സമുദ്രാര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ സേനയുടെ അക്രമം അടുത്തിടെ വര്‍ധിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കുന്ന സംഭവങ്ങളില്‍ ബോട്ടിനും വള്ളത്തിനും നാശനഷ്ടം വരുത്തുകയാണ് ശ്രീലങ്കന്‍ സേന ചെയ്യുന്നത്. ശാരീരിക ഉപദ്രവവും പതിവാണ്. എതിര്‍ത്താല്‍ ബോട്ടിന് നേരെ വെടിവെക്കും.
നിയമനടപടികള്‍ക്കൊടുവില്‍ ബോട്ടുകള്‍ വിട്ടുകൊടുക്കുന്ന മുന്‍സര്‍ക്കാരുകളുടെ സമീപനം പുതിയ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. ശ്രീലങ്കയുടെ കൈവശമുള്ള കച്ചൈത്തീവ് മേഖലയെ സംബന്ധിച്ച ഇന്ത്യയുടെ അവകാശ വാദം ശക്തിപ്പെടുത്തണമെന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടുവരികയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.