ദലിതുകള്‍ക്കെതിരായ അതിക്രമം തടയാന്‍ സത്വര നടപടി വേണം -കേന്ദ്രം

ന്യൂഡല്‍ഹി: ദലിതുകള്‍ക്കെതിരായ അതിക്രമത്തില്‍ ഗുജറാത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം മാത്രം 6655 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഛത്തിസ്ഗഢില്‍ കഴിഞ്ഞ വര്‍ഷം 3008 ദലിത് വിരുദ്ധ അതിക്രമ കേസുകളുമുണ്ടായതായും കേന്ദ്ര സാമൂഹികനീതി മന്ത്രാലയം വ്യാഴാഴ്ച ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ പ്രതിനിധി യോഗത്തിന്‍െറ രേഖയില്‍ വ്യക്തമാവുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും അക്രമത്തോത് ഏറെയാണ്. ദലിതുകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാറുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ഉദ്ഘാടനംചെയ്ത് കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെലോട്ട് ആവശ്യപ്പെട്ടു.

ദലിത് വിവേചനം ഇല്ലാതാക്കുക എന്നത് രാജ്യത്തിന്‍െറ ബാധ്യതയാണെന്നും അതിക്രമം തടയുന്നതിനും ശാക്തീകരണം സാധ്യമാക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ വ്യവസ്ഥകള്‍ ശക്തമാക്കിയതായും മന്ത്രി പറഞ്ഞു. അവ നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം. ഇത്തരം കേസുകള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക കോടതികളും സംസ്ഥാന-ജില്ലാ തലങ്ങളില്‍ മേല്‍നോട്ടസമിതികളും പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കണം. നഷ്ടപരിഹാര തുക നല്‍കുന്നതിലെ അലംഭാവം തടയാനും അതീവ ശ്രദ്ധവേണം. ദലിത് ക്ഷേമ പ്രവര്‍ത്തനത്തിനായി വകയിരുത്തിയ തുക വകമാറ്റരുതെന്നും വിനിയോഗിക്കാതിരിക്കരുതെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍, ആഭ്യന്തര സെക്രട്ടറിമാര്‍, പൊലീസ് മേധാവികള്‍ എന്നിവരുടെ യോഗത്തില്‍ മന്ത്രിമാരായ വിജയ് സാംപ്ള, കൃഷ്ണന്‍ പാല്‍ ഗുര്‍ജാര്‍, രാംദാസ് അതാവലെ, പട്ടികജാതി കമീഷന്‍ ചെയര്‍മാന്‍ പി.എല്‍. പുനിയ, വൈസ് ചെയര്‍മാര്‍ രാജ്കുമാര്‍ വെര്‍ക തുടങ്ങിയവരും സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.