കശ്മീരില്‍ ഫലസ്തീനിലെ സ്ഥിതി –നോം ചോംസ്കി

ന്യൂഡല്‍ഹി: ഫലസ്തീനിലെ സ്ഥിതിയാണ് കശ്മീരില്‍ നിലനില്‍ക്കുന്നതെന്ന് ഹാവഡ് സര്‍വകലാശാല പ്രഫസറും പ്രമുഖ ചിന്തകനുമായ നോം ചോംസ്കി. കശ്മീരിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നടുക്കം ഉണ്ടാക്കുന്നു. കശ്മീരിന് താരതമ്യേന മെച്ചപ്പെട്ട സ്വാതന്ത്ര്യം നല്‍കുന്ന ഫെഡറല്‍ ഘടനക്ക് ഇന്ത്യയും പാകിസ്താനും സമ്മതിക്കണമെന്ന് ചോംസ്കി അഭിപ്രായപ്പെട്ടു. ഇന്ത്യ-പാക് സംഘര്‍ഷം ഇരുകൂട്ടരെയും അപഹസിക്കുന്നതാണെന്നും ചോംസ്കി പറഞ്ഞു. ബോസ്റ്റണില്‍നിന്ന് കശ്മീരിലെ സുഹൃത്തുക്കള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ചോംസ്കി ഇക്കാര്യം പറയുന്നത്. കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ച് മുമ്പ് ഇന്ത്യയില്‍ വെച്ച് താന്‍ സംസാരിച്ചപ്പോള്‍, പരിപാടിക്ക് തന്നെ വിളിച്ച സംഘാടകര്‍ പ്രത്യേക പൊലീസ് സംരക്ഷണത്തിന് നിര്‍ബന്ധിച്ച സാഹചര്യമുണ്ടായെന്നും നോം ചോംസ്കി പറഞ്ഞു. ഭയാനകമായ അതിക്രമങ്ങള്‍ അവിടെ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍നിന്ന് സേന പിന്മാറണമെന്ന് ഒരു വര്‍ഷം മുമ്പ് ചോംസ്കി അഭിപ്രായപ്പെട്ടിരുന്നു.

കശ്മീര്‍ ചോദിക്കുന്നത് സ്വാതന്ത്ര്യമാണെന്ന് കഴിഞ്ഞ ദിവസം ഒൗട്ട്ലുക് വാരികയില്‍ എഴുതിയ ലേഖനത്തില്‍ ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയ് അഭിപ്രായപ്പെട്ടിരുന്നു. അവിടത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കൊപ്പം, നിലവിലെ സാഹചര്യങ്ങള്‍ കശ്മീരികളുടെ സ്വയംനിര്‍ണയാവകാശത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുവെന്നും അരുന്ധതി പറഞ്ഞു. കശ്മീരിലെ ഇപ്പോഴത്തെ സംഘര്‍ഷങ്ങള്‍ക്ക് നിമിത്തമായ ബുര്‍ഹാന്‍ വാനിയുടെ കൊല, ശരിക്കും ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇതിനിടെ സംശയം പ്രകടിപ്പിച്ചു.

ഇതേക്കുറിച്ച് വലിയ സംശയങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ടെന്ന് അദ്ദേഹം വാരാണസിയില്‍ പറഞ്ഞു. യുവാക്കള്‍ ആസാദി മുദ്രാവാക്യം വിളിക്കുന്നത്, സൈനികബലം തങ്ങളില്‍ അടിച്ചേല്‍പിക്കുന്നുവെന്ന കാഴ്ചപ്പാടുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനഗറില്‍ രണ്ടു പത്രങ്ങളുടെ ഓഫിസില്‍ കയറിച്ചെന്ന് സംസ്ഥാന പൊലീസ് പത്രം അച്ചടിക്കുന്നതിനായി തയാറാക്കിയ പ്ളേറ്റുകള്‍ പിടിച്ചെടുക്കുകയും ഓഫിസ് അടപ്പിക്കുകയും ചെയ്തിരുന്നു.
 വാര്‍ത്താ ഏജന്‍സികളെയും വിലക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ പത്രങ്ങളെ ബ്ളാക് ഒൗട്ട് ചെയ്യുന്നതില്‍ പത്രപ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കശ്മീരില്‍ പത്രസ്വാതന്ത്ര്യം വിലക്കിയതിനെതിരെ വിവിധ സംഘടനകള്‍ രംഗത്തുവന്നു. സെന്‍സര്‍ഷിപ് അടിയന്തരമായി പിന്‍വലിക്കണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ പാടേ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍, വിവരങ്ങള്‍ ജനങ്ങളിലത്തെിക്കുന്നവര്‍ക്കുനേരെ വാളോങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ളെന്ന് ഗില്‍ഡ് പ്രസിഡന്‍റ് രാജ് ചെങ്കപ്പ, ജനറല്‍ സെക്രട്ടറി പ്രകാശ് ദുബെ, ട്രഷറര്‍ സീമ മുസ്തഫ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച പ്രതിഷേധ ദിനം ആചരിക്കാന്‍ ഡല്‍ഹി യൂനിയന്‍ ഓഫ് ജേണലിസ്റ്റ് ആവശ്യപ്പെട്ടു. എഡിറ്റേഴ്സ് ഗില്‍ഡ്, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയുടെ നിലപാടുകള്‍ ഡി.യു.ജെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് എസ്.കെ. പാണ്ഡെ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.