കോടതികള്‍ അടച്ചിടാന്‍ ഉദ്ദേശ്യമുണ്ടോ? –സുപ്രീംകോടതി

ന്യൂഡല്‍ഹി: ഹൈകോടതി ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള ശിപാര്‍ശകളില്‍ അടയിരുന്ന് രാജ്യത്തെ കോടതികള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാറിന് ഉദ്ദേശ്യമുണ്ടോയെന്ന് സുപ്രീംകോടതി. ഇക്കണക്കിന് പോയാല്‍ ജഡ്ജി നിയമനത്തിന് സുപ്രീംകോടതി കൊളീജിയം സമര്‍പ്പിച്ച ഓരോ ഫയലിലും വിധി പുറപ്പെടുവിക്കാന്‍ നിര്‍ബന്ധിതമാകുമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. കേരള ഹൈകോടതിയിലെ ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ നിയമനത്തിന് സമര്‍പ്പിച്ച ശിപാര്‍ശ അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയാണ്  സുപ്രീംകോടതിയെ രോഷം കൊള്ളിച്ചത്. നിയമ കമീഷന്‍ ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജഡ്ജിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുമ്പോഴായിരുന്നു തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ചിന്‍െറ വിമര്‍ശം. ജഡ്ജി നിയമനത്തില്‍ സുപ്രീംകോടതിക്കുള്ള ആശങ്ക ഉയര്‍ന്നതലത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്ന അറ്റോണി ജനറല്‍ മുകുള്‍ റോത്തഗിയുടെ വാദം സുപ്രീംകോടതിയെ ചൊടിപ്പിച്ചു.   

ജഡ്ജി നിയമനത്തിന് തങ്ങള്‍ സമര്‍പ്പിച്ച ശിപാര്‍ശയുടെ ഫയലുകള്‍ എവിടെയാണെന്ന് ചോദിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ച് തിരിച്ചടിച്ചു. കേരള ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കാനുള്ള ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ളെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ റോത്തഗിയോട് പറഞ്ഞു.
‘കോടതിയെ കൊണ്ട് ഇടപെടുവിക്കരുത്. കോടതികള്‍ നിര്‍ത്തിവെപ്പിക്കാനും ശ്രമിക്കരുത്. ജഡ്ജിമാരെ നിയമിക്കാതിരിക്കുന്നതിലൂടെ കോടതികളുടെ പ്രവര്‍ത്തനത്തിന് വിരാമമിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 75 ഹൈകോടതി ജഡ്ജിമാരുടെ പേരുകള്‍ കൊളീജിയം ശിപാര്‍ശ ചെയ്തിട്ടുണ്ട്. ചീഫ് ജസ്റ്റിസുമാര്‍ അടക്കമുള്ള ഹൈകോടതി ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും ഇതിലുള്‍പ്പെടും. ഇതുവരെയായിട്ടും കേന്ദ്രത്തിന്‍െറ നടപടിയുണ്ടായിട്ടില്ല. പേരുകളിലേതെങ്കിലും ഒന്നില്‍ നിങ്ങള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍ ആ ഫയല്‍ തിരിച്ചയക്കാം. ഈ സ്തംഭനാവസ്ഥ തുടരുകയാണെങ്കില്‍ ജഡ്ജി നിയമനത്തിന് വിധി പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി നിര്‍ബന്ധിതമാകും. അനുവദിച്ച ജഡ്ജിമാരുടെ  40 ശതമാനവുമായാണ് പല ഹൈകോടതികളും പ്രവര്‍ത്തിക്കുന്നത്. ജനങ്ങളാകട്ടെ 13 വര്‍ഷമായിട്ടും വിചാരണ നടക്കാതെ ജയിലില്‍ കഴിയുകയാണ്. അവര്‍ ജീവിതം മുഴുവന്‍ ജയിലില്‍ കഴിയാനാണോ കേന്ദ്രസര്‍ക്കാര്‍ കാത്തിരിക്കുന്നത്’ -സുപ്രീംകോടതി ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം പാസാക്കിയ ന്യായാധിപ നിയമന കമീഷന്‍ നിയമം സുപ്രീംകോടതി റദ്ദാക്കിയത് മുതല്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ജഡ്ജി നിയമനം നടത്താതെ കൊളീജിയവുമായി ഏറ്റുമുട്ടലിനിറങ്ങിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.