പൗരത്വ നിയമ ഭേദഗതി ലോക്സഭയില്‍ സര്‍ക്കാര്‍ വെട്ടിലായി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്‍റില്‍ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതി ബില്‍ വിവാദത്തില്‍. വര്‍ഗീയച്ചുവയുള്ളതിനാല്‍ വിശദമായി പരിശോധിക്കാതെ പാസാക്കാന്‍ പാടില്ളെന്ന പ്രതിപക്ഷ ആവശ്യത്തെതുടര്‍ന്ന് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് രേഖകളില്ലാതെ പൗരത്വം നല്‍കുന്നതാണ് ബില്‍. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രൈസ്തവ വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെല്ലാം ആറു വര്‍ഷം കഴിഞ്ഞാല്‍ പൗരത്വം ലഭിക്കും.
ബംഗ്ളാദേശില്‍നിന്ന് ഇന്ത്യയിലത്തെിയ ഹിന്ദുക്കളെ ‘കുടിയേറ്റക്കാ’രായാണ് സംഘ്പരിവാര്‍ കാണുന്നത്. അവിടെനിന്ന് ഇവിടെയത്തെിയ മുസ്ലിംകളെ ‘നുഴഞ്ഞുകയറ്റക്കാ’രായും വിശേഷിപ്പിക്കുന്നു. പൗരത്വം അനുവദിക്കുന്നതിന് വര്‍ഗീയ അടിസ്ഥാനം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമഭേദഗതിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ബില്‍ പരിഗണിച്ച് പാസാക്കുന്നത് ലോക്സഭയുടെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബി.ജെ.ഡി അംഗം ഭര്‍തൃഹരി മെഹ്താബാണ് ആദ്യം എതിര്‍പ്പുയര്‍ത്തിയത്. തൊട്ടുപിന്നാലെ കോണ്‍ഗ്രസ്, സി.പി.എം, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുടെ എം.പിമാരും ബില്‍ തിരക്കിട്ടു പാസാക്കുന്നതിനെ എതിര്‍ത്തു. ഇതോടെ ബില്‍ പാസാക്കാനുള്ള നീക്കം തല്‍ക്കാലം മരവിപ്പിക്കേണ്ടി വന്നു. സഭാ സമിതിയുടെ പഠനത്തിന് വിടണമെന്നാണ് അംഗങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ സര്‍ക്കാറിന് എതിര്‍പ്പില്ളെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

ഇരയാക്കപ്പെട്ടവര്‍ക്ക് അഭയം നല്‍കുക എന്ന മാനദണ്ഡപ്രകാരമാണ് നിയമഭേദഗതിയെന്നാണ് സര്‍ക്കാര്‍ ന്യായീകരിക്കുന്നത്. മുസ്ലിം മേധാവിത്വമുള്ള ഈ മൂന്നു രാജ്യങ്ങളിലും ഇരയാക്കപ്പെട്ടുവെന്ന അവകാശമുന്നയിക്കാന്‍ മുസ്ലിംകള്‍ക്ക് കഴിയില്ല. ഇരയാക്കപ്പെടുന്നുവെന്നാണെങ്കില്‍, ഇന്ത്യയില്‍ അഭയം തേടാന്‍ അവസരമുണ്ടെന്ന വാദവും സര്‍ക്കാറിലുള്ളവര്‍ മുന്നോട്ടു വെക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.