ഇനി മാതൃസൗഹൃദ തൊഴിലിടങ്ങള്‍ മാതൃത്വ ആനുകൂല്യ ബില്‍ രാജ്യസഭ കടന്നു

ന്യൂഡല്‍ഹി: തൊഴിലിടങ്ങള്‍ മാതൃസൗഹൃദമാക്കുന്നതിനുള്ള നിയമഭേദഗതിയായ ‘മാതൃത്വ ആനുകൂല്യ ബില്‍ 2016’ രാജ്യസഭ പാസാക്കി. അമ്മമാര്‍ക്കുള്ള പ്രസവാനുകൂല്യങ്ങള്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കും വാടക ഗര്‍ഭത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കുന്ന അമ്മമാര്‍ക്കും (കമീഷനിങ് മദര്‍) ലഭ്യമാക്കുന്നതാണ് നിയമഭേദഗതി. പ്രസവാവധി പൂര്‍ണ ശമ്പള ആനുകൂല്യങ്ങളോടെ ആറുമാസമാക്കി ഉയര്‍ത്തി. എന്നാല്‍, വാടകക്ക് ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് പ്രസവാവധി ലഭിക്കില്ല. 1961ലെ പ്രസവാനുകൂല്യ നിയമം ഭേദഗതി ചെയ്താണ് തൊഴിലിടങ്ങള്‍ മാതൃസൗഹൃദമാക്കിയത്. കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് തൊട്ടുപിറ്റേന്നാണ് രാജ്യസഭ ബില്‍ പാസാക്കിയത്. സര്‍ക്കാര്‍ ന്യൂനപക്ഷമായ രാജ്യസഭയുടെ കടമ്പ കടന്ന ബില്‍ ഇനി സര്‍ക്കാറിന് ഭൂരിപക്ഷമുള്ള ലോക്സഭയിലേക്കാണ് പോകുന്നത്. ലോക്സഭ ബില്‍ പാസാക്കി രാഷ്ട്രപതി മേലൊപ്പു ചാര്‍ത്തുന്നതോടെ നിയമം പ്രാബല്യത്തിലാകും. അതിനായി സര്‍ക്കാര്‍ നിലവിലുള്ള ചട്ടങ്ങളിലും ഭേദഗതി കൊണ്ടുവരും.

ഒരു സ്ഥാപനത്തില്‍ നിയമിക്കുന്ന ഏതൊരു സ്ത്രീയെയും മാതൃത്വ ആനുകൂല്യ ബില്‍ പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ രേഖാമൂലവും ഇമെയില്‍ വഴിയായും അറിയിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. ശമ്പളാനുകൂല്യങ്ങളോടെ പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിക്കും. എന്നാല്‍, മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കും വാടക ഗര്‍ഭത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കുന്ന അമ്മമാര്‍ക്കും അനുവദിക്കുന്ന പ്രസവാവധി 12 ആഴ്ചയായിരിക്കും. മറ്റൊരു സ്ത്രീക്ക് വേണ്ടി വാടകക്ക് ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന സ്ത്രീക്ക് പ്രസവാവധിക്ക് നിയമത്തില്‍ വ്യവസ്ഥയില്ല. വാടക ഗര്‍ഭധാരണം നടത്തുന്ന വനിതകള്‍ക്കു അവധി ലഭിക്കാന്‍ ബില്ലില്‍ വ്യവസ്ഥയില്ളെന്ന് സതീഷ് ചന്ദ്ര എം.പി ചൂണ്ടിക്കാട്ടി. എം.പിമാരായ കനിമൊഴിയും ഡെറിക് ഒബ്രിയനും ഈ ന്യൂനത ശരിവെച്ചു. രാജ്യത്തെ18 ലക്ഷം ജീവനക്കാര്‍ക്ക് ഇതിന്‍െറ ആനുകൂല്യം ലഭിക്കുമെന്നു നിയമഭേദഗതി സഭയില്‍ അവതരിപ്പിച്ച കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു.

24 ആഴ്ചത്തെ മാതൃത്വ അവധിയാണ് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ശിപാര്‍ശ. കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം എട്ടുമാസത്തെ അവധിയാണ് നിര്‍ദേശിച്ചിരുന്നത്. പ്രസവാവധി വെറും അവധിയല്ളെന്നും വനിതകളുടെ ഏറ്റവും സമ്മര്‍ദമേറിയ കാലഘട്ടമാണെന്നും കേന്ദ്രമന്ത്രി മേനക ഗാന്ധി പറഞ്ഞു. അസംഘടിത മേഖലയിലെ വനിതകള്‍ക്ക് നിയമഭേദഗതി ഗുണം ചെയ്യില്ളെന്ന് സി.പി.ഐ നേതാവ് ഡി. രാജ ചൂണ്ടിക്കാട്ടി. പ്രസവാവധി ഒരു വര്‍ഷമാക്കണമെന്ന് എം.പിമാരായ ജയ ബച്ചന്‍, വിജില സത്യനാഥ്, അശോക് സിന്ധാര്‍ഥ് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു. പിതാക്കന്മാര്‍ക്കു കൂടി അവധി ആനുകൂല്യം ലഭിക്കുന്ന വിധത്തില്‍ ഭേദഗതി വേണമെന്ന് അനു ആഗ എം.പി ആവശ്യപ്പെട്ടു.

മാതൃസൗഹൃദ നിയമഭേദഗതി

  • നിയമം പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകം.
  • രണ്ടു കുട്ടികളെ വരെ പ്രസവിക്കുന്നതിനാണ് ആറുമാസത്തെ അവധി ആനൂകൂല്യം.
  • രണ്ടില്‍ കൂടുതല്‍ പ്രസവിക്കുന്ന അമ്മമാര്‍ക്ക് അവധി 12 ആഴ്ച മാത്രം.
  • മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാര്‍ക്ക് 12 ആഴ്ച അവധി
  • വാടകഗര്‍ഭത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കുന്ന അമ്മമാര്‍ക്കും 12 ആഴ്ച അവധി.
  • വാടകക്ക് ഗര്‍ഭം ധരിച്ച് പ്രസവിക്കുന്ന സ്ത്രീക്ക് പ്രസവാവധിയില്ല
  • കുട്ടികളെ പരിചരിക്കുന്ന അമ്മമാര്‍ക്ക് ജോലിയുടെ സ്വഭാവം അനുസരിച്ച് പ്രസവാവധിക്ക് ശേഷം വീട്ടിലിരുന്ന് ജോലി ചെയ്യാം
  • 50ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അല്ളെങ്കില്‍ നിശ്ചിത ദൂരപരിധിയില്‍ കുട്ടികളെ പരിചരിക്കുന്നതിന് ക്രഷ്
  • മറ്റു ഇടവേളകള്‍ക്ക് പുറമെ ജോലിസമയത്ത് നാല് തവണ അമ്മമാര്‍ക്കു ഈ ക്രഷില്‍ പോയി കുഞ്ഞിനെ കാണാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.