തൊഴിൽ പ്രശ്നം: വി.കെ സിങ് സൗദിയിൽ

ജിദ്ദ: പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിനായി സൗദിയിലെത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് സൗദി തൊഴില്‍ മന്ത്രി ഡോ. മുസർറജ് ഹഖബാനിയുമായി ചർച്ച നടത്തും. ജിദ്ദയിലെത്തിയ സിങ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുമായി പ്രാഥമിക ചര്‍ച്ച നടത്തി. കോണ്‍സുലേറ്റ് ആസ്ഥാനത്തെത്തുന്ന അദ്ദേഹം വിശദമായ ചര്‍ച്ച നടത്തും. ദുരിതത്തിലായ നൂറുകണക്കിന് തൊഴിലാളികളുടെ വിഷ‍യങ്ങൾ ചർച്ചയാകും. നേരത്തെ ലേബർ ക്യാമ്പ് സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റി. ശമ്പളവും മറ്റു ആനുകൂല്യവും വാങ്ങി നാട്ടിലേക്ക് പോകാൻ താൽപര്യമുള്ളവർക്കും മറ്റു കമ്പനിയിലേക്ക് ജോലി മാറാൻ കരുതുന്നവർക്കും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. തിരിച്ചറിയൽ കാർഡിന്‍റെ കാലാവധി കഴിഞ്ഞവർക്ക് സൗജന്യമായി പുതുക്കി നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായുള്ള ചർച്ചയിൽ നേരത്തെ അറിയിച്ചിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് വി.കെ സിങ് ജിദ്ദയിലെത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു. റിയാദില്‍ തങ്ങുന്ന മന്ത്രി നാളെ മദീനയിലെത്തി ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരെ സ്വീകരിക്കും.

സൗദിയിൽ മിക്ക കമ്പനികളും പൂട്ടി ഉടമകൾ മുങ്ങിയിരിക്കുകയാണ്. തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക കിട്ടാനുണ്ട്. കമ്പനിക്ക് സൗദി സർക്കാർ നൽകേണ്ട തുകയിൽ നിന്ന് തുക പിടിച്ചെടുത്ത് തൊഴിലാളികളുടെ കുടിശ്ശിക തീർക്കണമെന്ന് സൗദി തൊഴിൽ മന്ത്രാലയത്തോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.  

തൊഴിൽ നഷ്ടപ്പെട്ട വരുടെ ബന്ധുക്കൾ ഡൽഹിയിലെ ജന്തർ മന്തറിൽ ധർണ നടത്തുകയും സുഷമ സ്വരാജിന് പരാതി നൽകുകയും ചെയ്തിരുന്നു. റമദാന് ശേഷം വിഷയത്തിൽ ഇടപെടാമെന്ന് സുഷമ ഉറപ്പ് നൽകിയിരുന്നു. ഇതോടൊപ്പം സൗദി ഒാജർ കമ്പനിയിലെ തൊഴിലാളികൾ ജിദ്ദയിൽ തെരുവിലിറങ്ങുകയും വിഷയം പാർലമെന്‍റിൽവരെ ചർച്ചയാകുകയും ചെയ്തതോടെയാണ് കേന്ദ്രം ശക്തമായി വിഷയത്തിൽ ഇടപെട്ടത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.