തിലകര്‍ സ്ട്രീറ്റിലെ അന്തേവാസികള്‍

എത്രയോ കാലമായി ചെന്നെ നഗരത്തിന്റെ പല വഴികളിലൂടെ ഞാന്‍ കറങ്ങിക്കൊണ്ടേയിരിക്കുന്നു. മിക്കവരും ഇവിടം വിട്ടുപോയിക്കഴിഞ്ഞു. കോടമ്പാക്കത്തിന്റെ ഓരോ വളവു തിരിവുകളിലൂടെ സഞ്ചരിക്കുമ്പോഴും ഓര്‍മയില്‍ വരിക ഓരോ മുഖങ്ങളാണ്. ഓരോ കാലങ്ങളാണ്. ഒരു വളവു തിരിഞ്ഞുവരുമ്പോള്‍ അടുത്ത കവലയില്‍ ഇപ്പോഴും അവരൊക്കെയുണ്ടെന്ന് തോന്നിപ്പോകും. 

ജൂഡ് ഡൊമിനിക്‌
 

എറണാകുളം കലാഭവനില്‍ പുല്ലാങ്കുഴലില്‍ പരിശീലനം തുടരുന്നതിനിടയില്‍ ജൂഡ് ഡൊമിനിക് കോടമ്പാക്കത്തെത്തിയത് ചലച്ചിത്രഗാന രംഗത്തെ പുല്ലാങ്കുഴല്‍ വിദഗ്ധന്മാരായ ഗുണസിംഗിനേയോ നഞ്ചപ്പയെയോ ഒന്നും വെല്ലുവിളിക്കാനായിരുന്നില്ല, മരക്കച്ചവടത്തിനായിരുന്നു. സിനിമയെപ്പോലെ മരക്കച്ചവടത്തിനും കോടമ്പാക്കം പ്രശസ്തമായിരുന്നു. കോടമ്പാക്കം മുതല്‍ വടപളനി, സാലിഗ്രാമം, വിരുഗമ്പാക്കം, വത്സരവാക്കം എന്നിവിടങ്ങളിലൂടെ പോരൂര്‍ വരെ കടന്നുപോകുന്ന ആര്‍ക്കോഡ് റോഡിന്റെ ഇരുവശങ്ങളിലും നിരവധി ടിമ്പര്‍ ഡിപ്പോകള്‍ ഉണ്ടായിരുന്നു. 

മാസത്തില്‍ രണ്ടോ മൂന്നോ തവണ ഓരോ ലോഡ് മരവുമായി ജൂഡ് കോടമ്പാക്കത്തെത്തും. അതു വിതരണം ചെയ്ത് പണം വാങ്ങി തിരിച്ചു പോയി അടുത്ത ലോഡുമായി വീണ്ടുമെത്തും. ജൂഡിന്റെ സഹോദരീ ഭര്‍ത്താവ് മദിരാശിയില്‍ ടിമ്പര്‍ ബിസിനസുകാരനാണ്. ഒരിക്കല്‍ കുടുംബാവശ്യങ്ങള്‍ക്കായി അദ്ദേഹം നാട്ടിലേക്കു പോയപ്പോള്‍ ടിമ്പര്‍ ഡിപ്പോയുടെ ചുമതല ജൂഡ് ഏറ്റെടുത്തു. നാട്ടില്‍ പോയ  അളിയന്‍ തിരികെയെത്താന്‍ മാസങ്ങളോളം വൈകിയപ്പോള്‍ ജൂഡ് മദിരാശിയുമായി ഗാഢപ്രണയത്തിലായി. അതോടെ മരക്കച്ചവടം മതിയാക്കി ജൂഡ് പുതിയൊരു ബിസിനസ് തുടങ്ങി. ടെലിഫോണ്‍ എസ്.ടി.ഡി ബൂത്ത്. സെല്‍ഫോണൊച്ച സ്വപ്‌നത്തില്‍ പോലുമില്ലാത്ത കാലം. എസ്ടിഡി ബൂത്തിന്റെ പുഷ്‌കരകാലം. സാലിഗ്രാമം, വിരുഗമ്പാക്കം, തേനാംപേട്ട് എന്നിങ്ങനെ മദിരാശിയില്‍ മൂന്നിടത്ത് എസ്.ടി.ഡി ബൂത്തുകള്‍ സ്ഥാപിച്ച് ജൂഡ് ഒരു നര്‍മദാ സ്‌കൂട്ടറില്‍ അങ്ങനെ വിലസി നടന്നു. 

സാലിഗ്രാമത്ത് പ്രസാദ് സ്റ്റുഡിയോയുടെ മുന്നിലെ ജൂഡിന്റെ ബൂത്തില്‍ വൈകുന്നേരങ്ങളില്‍ എസ്.ടി.ഡി കോള്‍ വിളിക്കാന്‍ സിനിമാക്കാരുടെ വലിയ തിരക്കാണ്. ഗായകനായ പാലക്കാട്ടുകാരന്‍ മനോജ് കൃഷ്ണന്‍ വൈകുന്നേരങ്ങളില്‍ ജൂഡിന്റെ ബൂത്ത് സന്ദര്‍ശിക്കുക പതിവായി. പരിചയം സൗഹൃദമായി വളര്‍ന്നു. എസ്.പി വെങ്കിടേഷിന്റെയും ബോംബെ രവിയുടെയും അസിസ്റ്റന്റായിരുന്ന മനോജിന് ബൂത്തിന്റെ പരിസരത്തു തന്നെ ഒരു വീട് കണ്ടുപിടിക്കാന്‍ ജൂഡ് സഹായിച്ചു. അതാണ് നമ്പര്‍ 14, തിലകര്‍ സ്ട്രീറ്റ്. ഇതിന്റെ പരിസരത്താണ് ഔസേപ്പച്ചന്‍ താമസിക്കുന്നത്. ഒരു ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍ഭാഗം മുഴുവനും മനോജ് വാടകക്കെടുത്തു. മദിരാശിയില്‍ വരുമ്പോള്‍ മാത്രം താമസിക്കാനാണ് വീടെടുത്തത്. പലപ്പോഴും വീട് പൂട്ടിക്കിടക്കും. 

മനോജ്‌
 

ആയിടക്ക് 'ഇന്ത്യാ ടുഡേ'യില്‍ സബ് എഡിറ്ററായി ചേര്‍ന്ന ഹരീഷ് കടയപ്രത്ത് കെ.കെ. നഗറില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഒരു ബന്ധുവിനൊപ്പമായിരുന്നു താമസം. കൈതപ്രത്തിന്റെ സുഹൃത്തായ മനോജ് തന്റെ വീട്ടില്‍ താമസിക്കാന്‍ ഹരീഷിന് അനുവാദം നല്‍കി. ഹരീഷ് അതോടെ ജൂഡിന്റെ സുഹൃത്തായി. അക്കാലത്ത് സാലിഗ്രാമത്ത് താമസിച്ചിരുന്ന ഞാന്‍ ജൂഡിന്റെ ബൂത്തിനു മുന്നിലൂടെയാണ് ഇന്ത്യാ ടുഡേയിലേക്കു പോയിരുന്നത്. ജൂഡിന്റെ ബൂത്തില്‍ കാത്തിരിക്കുന്ന ഹരീഷിനെ എന്നും രാവിലെ ഓഫീസിലേക്ക് എന്റെ സ്‌കൂട്ടറില്‍ ഒപ്പം കൂട്ടുക പതിവായതോടെ ഞാനും ജൂഡിന്റെ സുഹൃത്തായി. വൈകുന്നേരങ്ങളില്‍ 'ഇന്ത്യാ ടുഡേ'യില്‍ നിന്ന് സാലിഗ്രാമേത്തക്കു പോകുന്ന ഞാനുള്‍പ്പെടെ ഹരശങ്കരന്‍, വേണുഗോപാല്‍, പി.കെ. ശ്രീനിവാസന്‍ തുടങ്ങിയവര്‍ക്കൊക്കെ ജൂഡിന്റെ എസ്.ടി.ഡി ബൂത്ത് ഒരിടത്താവളമായി.

കമല്‍റാം സജീവ് 'ഇന്ത്യാ ടുഡേ'യിലെത്തി ഹരീഷിനൊപ്പം താമസമായതും ഇക്കാലത്താണ്. രാജാമണിയുടെ അസിസ്റ്റന്‍ന്റായ നടേശന്‍ (വിദ്യാധരന്‍ മാസ്റ്ററുടെ സഹോദരന്‍) അവിടെ താമസത്തിനെത്തിയതും ആയിടയ്ക്കാണ്. ഒപ്പം കാസര്‍കോട്ടു നിന്നെത്തിയ പ്രശാന്തും തിലകര്‍ സ്ട്രീറ്റിലെ അന്തേവാസിയായി. ചിത്രഭൂമിയില്‍ വല്ലപ്പോഴും സിനിമാ വാര്‍ത്തകള്‍ എഴുതുന്ന താല്‍ക്കാലിക ജോലിയിലായിരുന്ന പ്രശാന്തിനെ ഒന്നു സഹായിക്കാനായി സി.ഒ ആന്റോയും നടേശനും ഞാനും കോറസ് പാടാന്‍ പങ്കെടുക്കുന്ന ഒരു തെലുങ്ക് റെക്കോഡിംഗിന് പാടാനറിയാത്ത പ്രശാന്തിനെയും ഒപ്പം കൂട്ടി. പത്തു ഗായകര്‍ക്കിടയില്‍ പാടാനറിയാത്ത ഒരാളെ കണ്ടുപിടിക്കാതെ ഞങ്ങള്‍ സൂക്ഷിച്ചു. ഏഴു ദിവസത്തെ റെക്കോഡിംഗിന് 7000 രൂപ പ്രശാന്തിനു ലഭിച്ചു.

'സൂര്യാ' ടിവിയിലെ സബ് എഡിറ്റര്‍ സുനില്‍ ബേബി, ന്യൂസ് റീഡര്‍ ജോജു ജോസഫ് എന്നിവരും താമസിയാതെ അവിടെ താമസക്കാരായി. തിലകര്‍ സ്ട്രീറ്റില്‍ പത്രപ്രവര്‍ത്തകര്‍ ഒത്തുചേരുമ്പോള്‍ വാര്‍ത്താ പ്രാധാന്യമുള്ള സമകാലിക ചര്‍ച്ചകള്‍ക്കാകും മുന്‍ഗണന. ഫിലിം ജേര്‍ണലിസ്റ്റ് ഹരി നീണ്ടകരയും മിക്ക ദിവസങ്ങളിലും അവിടെയുണ്ടാകും. ഒന്നിലും സജീവമായി ഇടപെടാതെ എന്നാല്‍ എല്ലാവരുമായും സഹകരിച്ച് ഒതുങ്ങിമാറി ഇരിക്കുന്ന ചെറുപ്പക്കാരനെ ആദ്യം എനിക്കു മനസ്സിലായില്ല. പിന്നീടാണ് അദ്ദേഹം ഡിഗ്രി കഴിഞ്ഞ് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് (സി.പി.എല്‍)എടുത്ത് ജോലി അന്വേഷിക്കുന്ന രാജേഷ് പണിക്കരാണെന്ന് മനസ്സിലായത്. ഫെഌയിങ് ക്ലബില്‍ പരിശീലനത്തിലായിരുന്ന രാജേഷ് തമിഴ് നടന്‍ അജിത് ഉള്‍പ്പെടെയുള്ള നിരവധി ചെറുപ്പക്കാരെ വിമാനം പറപ്പിക്കുന്ന പരിശീലകന്‍ കൂടിയായിരുന്നു.

പാലക്കാട് ശ്രീറാം
 

നടേശന്‍ എത്തിയതോടെ തിലകര്‍ സ്ട്രീറ്റിലെ 14-ാം നമ്പര്‍ വീട് സന്ധ്യാ വേളകളില്‍ സംഗീതസാന്ദ്രമായി. ഗായകനും സംഗീതജ്ഞനുമായ പാലക്കാട് ശ്രീറാം, പോള്‍സണ്‍ (സംഗീത സംവിധായകന്‍ കീരവാണിയുടെ ഗിറ്റാറിസ്റ്റ്), ഫഌട്ടിസ്റ്റ് കമലാകര്‍, ജോണ്‍സന്റെയും രാജാമണിയുടെയും കീബോഡ് പ്ലെയറായ ബിജു പൗലോസ് തുടങ്ങിയവരോടൊപ്പം ഞാനും അവിടെ നിത്യസന്ദര്‍ശകനായി. ഹിന്ദുസ്ഥാനി സംഗീതജ്ഞ മധുറാണിയുടെ 'ഇന്‍തസാര്‍' ഗസല്‍ ആദ്യമായി കേട്ടത് അവിടെവച്ചാണ്. അവരുടെ ആലാപനത്തിലെ വികാരതീവ്രത ആസ്വാദനത്തിന്റെ പരമോന്നതിയിലെത്തിച്ച് നമ്മെ കണ്ണീരണിയിക്കും. ആ ഗാനങ്ങള്‍ക്ക് സാന്ദ്രമായ ശബ്ദത്തില്‍ ഇന്ത്യയുടെ മഹാനടന്‍ ദിലീപ്കുമാര്‍ നല്‍കുന്ന വിവരണം കൂടിയാകുമ്പോള്‍ പിന്നെ പറയാനുമില്ല. പാട്ടു കേട്ട് കണ്ണീരൊഴുക്കി വിങ്ങുന്ന എന്നെയും പോള്‍സണെയും നടേശനെയും നോക്കി ആരോ ചോദിച്ചു - 'അല്ല, അതിന്  നിങ്ങള്‍ക്ക് ഉര്‍ദു കേട്ടാല്‍ മനസ്സിലാകുമോ?'  അര്‍ത്ഥം കൂടി മനസ്സിലായിരുന്നെങ്കില്‍ ആ നിമിഷം ഞങ്ങള്‍ കെട്ടിത്തൂങ്ങിച്ചത്തേനെ. അത്രയ്ക്ക് ഹൃദയദ്രവീകരണ ശേഷിയുള്ള നാദലഹരിയാണ് മധുറാണിയുടെ ആലാപനത്തില്‍ അവിടമാകെ പരന്നൊഴുകിയത്.

നടേശ്​ ശങ്കർ
 

നടേശന്‍ ഒഴികെ മറ്റുള്ളവരെല്ലാം പകല്‍ സമയങ്ങളില്‍ തിരക്കിലായിരിക്കും. രാജാമണിക്ക് റെക്കോഡിങ് ഉള്ളപ്പോള്‍ മാത്രമാണ് നടേശനു തിരക്ക്. ജോലിയില്ലാത്ത ദിവസങ്ങളില്‍ നടേശന്‍ ഒറ്റയ്ക്കിരുന്ന് ബോറടിച്ചു മുഷിയും. ഒരിക്കല്‍ ഹരി നീണ്ടകര കടന്നുവന്നപ്പോള്‍ ഹര്‍മോണിയത്തില്‍ പുതിയ പാട്ടുകള്‍ മെനഞ്ഞെടുക്കുന്ന നടേശനെയാണു കണ്ടത്. ശബ്ദമുണ്ടാക്കാതെ അദ്ദേഹം പാട്ടു കേട്ടിരുന്നു. ഇടയ്ക്ക് ഹര്‍മോണിയത്തിനു മുകളിലിരിക്കുന്ന മാതൃഭൂമി പേപ്പര്‍ കണ്ട് ഹരി ഞെട്ടി! ബോറടിച്ചു നിവൃത്തിയില്ലാതെ പേപ്പറില്‍ കണ്ട ഒരു വാര്‍ത്തയ്ക്ക് ഈണം പകരുകയാണ് നടേശന്‍! ഉടന്‍ തന്റെ ബാഗില്‍ നിന്ന് അപ്പന്‍ തച്ചേത്ത് എഴുതിയ പത്ത് ശ്രീകൃഷ്ണ ഭക്തിഗാനങ്ങള്‍ ഹരി നടേശനു നല്‍കി. ചുട്ടുെവന്ത മരുഭൂമിയില്‍ മരുപ്പച്ച കണ്ടതു പോലെ നടേശന്‍ തുള്ളിച്ചാടി.

ഓരോ ദിവസവും കമ്പോസ് ചെയ്ത പാട്ടുകള്‍ വൈകുന്നേരത്തെ സൗഹൃദ സദസ്സില്‍ നടേശന്‍ മനംമറന്നു പാടി. ദിവസങ്ങള്‍ക്കകം മനോഹരമായ പത്തു ഭക്തിഗാനങ്ങള്‍ റെഡിയായി. പാട്ടുകള്‍ കേട്ട ജൂഡിന്റെ മനസ്സിലെ സംഗീതാരാധകന്‍ ഉണര്‍ന്നു. മൂന്നു ടെലിഫോണ്‍ ബൂത്തുകളിലെ കളക്ഷന്‍ എല്ലാ ദിവസവും കുമിഞ്ഞുകൂടുകയാണ്. ബില്ല് മാസാവസാനം അടച്ചാല്‍ മതിയല്ലോ. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അമ്പിളി, അരുന്ധതി എന്നീ ഗായികമാരും നടേശനും പാടിയ പത്തു പാട്ടുകള്‍ റെക്കോഡ് ചെയ്തു. രാജാമണിയുടെ അസിസ്റ്റന്റ് നടേശനെ ഇക്കുറി രാജാമണി അസിസ്റ്റ് ചെയ്തു. കസറ്റിന് 'കൗസ്തുഭം' എന്നു പേരുമിട്ടു. 

അമ്പിളി, ജൂഡ്, നടേശന്‍, അരുന്ധതി
 

റെക്കോഡിങ് കഴിഞ്ഞാലുടന്‍ ഏതെങ്കിലും കസറ്റ് കമ്പനിക്കാര്‍ കൗസ്തുഭം കൊത്തിയെടുത്ത് വിതരണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ജൂഡ്. പക്ഷേ, പ്രതീക്ഷയ്ക്കു മങ്ങലേറ്റു. കാത്തിരുന്നു മടുത്തപ്പോള്‍ കസറ്റ് കുറേക്കൂടി ആകര്‍ഷകമാക്കാന്‍ എം.ജി. ശ്രീകുമാറിനെ കൂടി പാടിക്കാന്‍ തീരുമാനിച്ചു. ശ്രീകുമാറിന് പാട്ടുകള്‍ വളരെ ഇഷ്ടപ്പെട്ടു. അതുവരെയുള്ള ചെലവ് ജൂഡിനു നല്‍കി കസറ്റ് അദ്ദേഹം സ്വന്തമാക്കി. ജൂഡിന്റെയും നടേശന്റെയും ലാഭം സ്‌നേഹവും നന്ദിയും മാത്രം. എങ്കിലും നടേശന്റെ സംഗീത സംവിധാന സ്വപ്‌നം പൂവണിഞ്ഞു. 'ആന്ദോളനം' എന്ന തന്റെ ആദ്യ ചിത്രത്തിന് നടേശന്‍ സംഗീത സംവിധാനം നിര്‍വഹിച്ചതും നമ്പര്‍ 14, തിലകര്‍ സ്ട്രീറ്റിലാണ്. 

കരാട്ടെ മാസ്റ്ററായ 'സാമ്രോയ്' സ്റ്റാന്‍ലി ഡിക്രൂസ് ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചപ്പോള്‍ തന്റെ സുഹൃത്തായ പത്രപ്രവര്‍ത്തകന്‍ സുന്ദര്‍ദാസിനോട് ഒരു സംഗീത സംവിധായകനെ നിര്‍ദ്ദശിക്കാന്‍ ആവശ്യപ്പെട്ടു. നടേശനെയാണ് അദ്ദേഹം ശിപാര്‍ശ ചെയ്തത്. തന്റെ ഹര്‍േമാണിയവുമായി സാമ്രോയിയുടെ വീട്ടിലെത്തി നടേശന്‍ മനോഹരമായപാട്ടുകള്‍ ചിട്ടപ്പെടുത്തി. കമ്പോസിങ് കഴിഞ്ഞ് റെക്കോഡിങ്ങിനായി കാത്തിരിക്കുന്നതിനിടയില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ സാമ്രോയ് രായ്ക്കുരാമാനം സ്ഥലം വിട്ടു. തന്റെ വീട്ടുസാധനങ്ങളുടെ കൂട്ടത്തില്‍ നടേശന്റെ ഹര്‍മോണിയവും ലോറിയില്‍ കയറ്റിയാണ് സാമ്രോയ് മുങ്ങിയത്. വര്‍ഷങ്ങളോളം രാജാമണിയുടെ സഹായിയായും ജോണ്‍സന്റെ ട്രാക്ക് ഗായകനായും കോറസ് പാടിയും മദിരാശിയില്‍ തങ്ങിയ നടേശന്‍ തന്റെ കഴിവുകള്‍ക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിക്കാത്ത നിരാശയില്‍ നാട്ടിലേക്കു മടങ്ങി. പ്രിയനന്ദനന്റെ 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്ന ചിത്രമുള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് പില്‍ക്കാലത്ത് നടേശന്‍ സംഗീതം പകര്‍ന്നു. ഭക്തിഗാനങ്ങള്‍ സംവിധാനം ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍ തൃശൂരിലുള്ള നടേഷ് ശങ്കര്‍.

ഹരീഷ് കടയപ്രത്ത്,                          കമല്‍റാം സജീവ്
 

'ഇന്ത്യാ ടുഡേ'യില്‍ നിന്ന് ഏഷ്യാനെറ്റിലേക്കു ചേക്കേറിയ ഹരീഷ് കടയപ്രത്ത് ഇപ്പോള്‍ പത്രപ്രവര്‍ത്തകനായി കോഴിക്കോട്ടുണ്ട്. കമല്‍റാം സജീവ് ഇന്ന് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിന്റെ എഡിറ്ററാണ്. സൂര്യാ ടി.വി വിട്ട സുനില്‍ ബേബി മീഡിയാ വണ്‍ ചാനലിലെ പ്രൊഡ്യൂസറായി. ജോജു ജോസഫ് പല ചാനലുകളിലും മാറിമാറി ന്യൂസ് റീഡറായി തുടരുന്നു. പ്രശാന്ത് കാനത്തൂര്‍ മാതൃഭൂമിയുടെ ചെന്നൈ എഡിഷന്റെ ബ്യൂറോ ചീഫാണ്. ഒരു മികച്ച ഡോക്യുമെന്ററി സംവിധായകന്‍ കൂടിയാണ് പ്രശാന്ത്. രാജേഷ് പണിക്കര്‍ ജെറ്റ് എയര്‍വെയ്‌സില്‍ ക്യാപ്റ്റനായി ലോകം മുഴുവന്‍ പറന്നു നടക്കുന്നു. പോള്‍സണ്‍ ജോലി തേടി ഗള്‍ഫില്‍ പോയി. ബിജു പൗലോസ്, പാലക്കാട് ശ്രീറാം തുടങ്ങിയവര്‍ സംഗീതരംഗത്ത് തിരക്കിലാണ്. 

ഇന്റീരിയര്‍ ഡെക്കറേഷനില്‍ വിദഗ്ധനായ ജൂഡ് ഡൊമിനിക് കുടുംബസമേതം കെ.കെ. നഗറിലുണ്ട്. ഹരി നീണ്ടകര എറണാകുളത്ത് പനമ്പള്ളി നഗറില്‍ വിശ്രമജീവിതം നയിക്കുന്നു. ഗായകന്‍ മനോജ് കൃഷ്ണന്‍ സുഹൃത്തുക്കളെയാകെ ദുഃഖത്തിലാഴ്ത്തി ഒരു വര്‍ഷം മുമ്പ് അകാലചരമം പ്രാപിച്ചു. എല്ലാത്തിനും സാക്ഷിയായി തിലകര്‍ സ്ട്രീറ്റിലെ 14-ാം നമ്പര്‍ വീട് ഇപ്പോഴും മാറ്റങ്ങളൊന്നുമില്ലാതെ നിലകൊള്ളുന്നു. 

Tags:    
News Summary - kodampakkam stories-movies-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.