ഒാർമകൾ ഇവിടെ അധികപ്പറ്റാണ്​

ഒാർമകൾക്കും സൗഹൃദങ്ങൾക്കും കോടമ്പാക്കത്ത്​ തുമ്പികളുടെ ആയ​ുസാണ്​ എന്ന്​ പറയാറുണ്ട്​. നിറങ്ങളിലാടി പറന്നു നടക്കുന്ന തുമ്പികൾ അൽപായുസ്സായി ഒടുങ്ങുന്നതുപോലെ സൗഹൃദങ്ങളും പരിചയവും സ്​നേഹവുമൊക്കെ എത്രയോ ഏറെ കോടമ്പാക്കത്ത്​ നിലംതെറ്റി വീണിരിക്കുന്നു. കണ്ടുകണ്ടിരുന്നവർ പിന്നെ കാണു​േമ്പാൾ അപരിചിതത്വത്തി​​െൻറ പുതപ്പുമൂടി അകന്നുകളയും. ആദ്യമൊക്കെ അത്​ ഉള്ളിൽ ചില നീറ്റലുകൾ നൽകുമെങ്കിലും പിന്നെ കുറച്ച​ു അനുഭവിച്ചുകഴിയു​േമ്പാൾ ഒരു നിസ്സംഗതയായിരിക്കും ഇൗ അപരിചിതത്വങ്ങ​േളാട്​ തോന്നുക.

എ​​െൻറ അടുത്ത ബന്ധു മോഹനൻ കൊട്ടിയം പോളിടെക്നിക്കിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് കോളജിൽ നടന്ന ഒരു ചടങ്ങിൽ ലതികയെ പാടിക്കുകയും അന്നത്തെ കൊല്ലം സെഷൻസ്​ ജഡ്ജ്കുഞ്ഞിരാമൻ വൈദ്യർ ലതികയ്ക്ക് സമ്മാനം നൽകുകയും ചെയ്തിരുന്നു. നമുക്ക് പൂതപ്പാട്ടും ഗീതാഞ്ജലിയും മുക്കുറ്റിപ്പൂവുമൊക്കെ പാടിത്തന്ന വി.കെ.എസ്​ എന്ന വി.കെ. ശശിധരൻ അക്കാലത്ത് അവിടെ അധ്യാപകനാണ്. 

ഏഴുവയസ്സു മാത്രം പ്രായമുള്ള ലതികയുടെ പാട്ട് അന്ന് വി.കെ.എസ്​ ശ്രദ്ധിച്ചിരുന്നു. ശശി –ശിവൻ എന്ന പേരിൽ അദ്ദേഹം അടൂർ ഗോപാലകൃഷ്​ണ​​െൻറ ‘കാമുകി’ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചു കഴിഞ്ഞ കാലമായിരുന്നു അത്​. മറ്റൊരിക്കൽ കോളജ്​ അങ്കണത്തിൽ വി.കെ.എസ്​ സംഘടിപ്പിച്ച ഗാനമേളയിൽ ബ്രഹ്​മാനന്ദനോടൊപ്പം പാടാൻ ലതികയേയും ക്ഷണിച്ചു. കള്ളിച്ചെല്ലമ്മയിലെ ‘മാനത്തെക്കായലിൻ...’  പാടി പ്രശസ്​തനായിരുന്നു അക്കാലത്ത് ബ്രഹ്​മാനന്ദൻ. പിന്നീട് എൺപതുകളുടെ തുടക്കത്തിൽ ലതിക മദിരാശിയിൽ ആദ്യമായി ഒരു മലയാളം പരിപാടിയിൽ പങ്കെടുക്കുന്നതും ബ്രഹ്​മാനന്ദനോടൊപ്പമാണ്. കലൈവാണർ അരംഗത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പരിപാടി ഉദ്ഘാടനം ചെയ്തതാകട്ടെ സംഗീത ചക്രവർത്തി എം.എസ്​. വിശ്വനാഥനും.

 ലതികയുടെ വിവാഹവേളയില്‍ ചിത്ര

ചലച്ചിത്ര രംഗത്ത് തിരക്കിലായിരുന്നിട്ടും ജോൺസൺ, ശ്യാംതുടങ്ങിയ സംഗീത സംവിധായകർ കേരളത്തിലും കേരളത്തിനു പുറത്തും നിരവധി ഗാനമേളകൾ സംഘടിപ്പിച്ചിരുന്നു. ചിത്ര, ലതിക, ജയചന്ദ്രൻ, ഉണ്ണിമേനോൻ, കൃഷ്ണചന്ദ്രൻ തുടങ്ങിയ ഗായകരാണ് രണ്ടുപേരുടെയും ഗാനമേളകളിൽ പങ്കെടുത്തിരുന്നത്. കുവൈറ്റിലെ ഏറ്റവും വലിയ ബിസിനസുകാരനായ കെ.ടി.ബി മേനോ​​െൻറ മകളുടെ വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചു നടത്താൻ ഉറപ്പിച്ചപ്പോൾ വിവാഹാനന്തരം ജോൺസ​​െൻറ ഗാനമേളയും ഏർ​െപ്പടുത്തി. മദിരാശിയിൽ നിന്നും കേരളത്തിൽ നിന്നും വിദഗ്ധരായ വാദ്യോപകരണക്കാരെ അതിനായി കൊണ്ടുവന്നു. പക്ഷേ, ഫ്ലൂട്ട്​ വായിക്കാൻ ആരെയും കിട്ടിയില്ല. ആരെയെങ്കിലും അറിയാമോ എന്ന് ജോൺസൺ എന്നോടാണന്വേഷിച്ചത്​. ലതിക പങ്കെടുക്കുന്ന തമിഴ് ഗാനമേളകളിൽ ഫ്ലൂട്ട്​ വായിച്ചിരുന്ന നെപ്പോളിയനെ എനിക്കപ്പോൾ ഒാർമ വന്നു. ഞാൻ ജോൺസനു നെപ്പോളിയനെ പരിചയപ്പെടുത്തി. നെപ്പോളിയൻ നല്ല ഗായകൻ കൂടിയായിരുന്നു. ‘അന്ത ഏഴുനാൾകൾ’ എന്ന ചിത്രത്തിൽ ജയചന്ദ്രനും ജാനകിയും ചേർന്നു പാടിയ ‘കവിതൈ അരങ്കേറും നേരം...’ എന്ന ഗാനം ആ പാട്ടിലുള്ള പുല്ലാങ്കുഴലി​​െൻറ ഭാഗം വായിച്ചുകൊണ്ട് നെപ്പോളിയൻ ലതികയോടൊപ്പം വേദികളിൽ പാടുന്നത് അന്നൊരു പുതുമയും കൗതുകവുമായിരുന്നു.

ഉണ്ണിമേനോന്‍
 

നെപ്പോളിയൻ രണ്ടുദിവസം കൊണ്ട്  പാട്ടുകളുടെ നൊട്ടേഷൻ എഴുതിയെടുത്തു. പക്ഷേ, റെക്കോഡിംഗിൽ വായിച്ചു ശീലമില്ലാത്തതിനാൽ നൊട്ടേഷൻ നോക്കി വായിക്കാൻ നെപ്പോളിയനു ബുദ്ധിമുട്ടായിരുന്നു. തന്നെ ഒഴിവാക്കണമെന്ന് നെപ്പോളിയൻ എന്നോടഭ്യർത്ഥിച്ചു. പക്ഷേ, ഞാൻ അദ്ദേഹത്തിനു ധൈര്യം പകർന്നു. പാട്ടുകളെല്ലാം എ​​െൻറ പക്കലുണ്ടെന്നും അവ റെക്കോഡ്​ ചെയ്​തു നൽകാമെന്നും വായിക്കേണ്ട സ്​റ്റൈൽ ഞാൻ പറഞ്ഞുതരാമെന്നും ബാക്കിയുള്ള ദിവസങ്ങളിൽ അവ കേട്ട് പരിശീലിച്ചാൽ മതിയെന്നും ജോൺസനോടൊപ്പം വായിച്ചാൽ തുടർന്ന് അദ്ദേഹത്തി​​െൻറ റെക്കോഡിംഗുകളിൽ വായിക്കാൻ അവസരം ലഭിക്കുമെന്നും അതൊരു വഴിത്തിരിവായിരിക്കുമെന്നുമൊക്കെ ഞാൻ നെപ്പോളിയനെ പറഞ്ഞുബോധ്യപ്പെടുത്തി. രണ്ടുദിവസം മുമ്പേ വാദ്യോപകരണക്കാരെല്ലാം ഗുരുവായൂരിൽ സമ്മേളിച്ച് റിഹേഴ്​സൽ തുടങ്ങി. അപ്പോഴാണ് തബല ബാലനോടൊപ്പം രാജാമണി ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. രാജാമണി ഡോലക്ക് വായിക്കുകയായിരുന്നു. 

ജോൺസ​​െൻറയും തബല ബാല​​െൻറയും സഹായിയായി ആദ്യമായാണ് രാജാമണി ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. രാജാമണിയുടെ തലവര മാറ്റിയ പരിപാടിയായിരുന്നു അത്. ജോൺസ​​െൻറ പിന്നീടുള്ള കമ്പോസിംഗിനും റെക്കോഡിംഗിനും പങ്കെടുക്കാനുള്ള രാജവീഥിയാണ് രാജാമണിക്കു തുറന്നു കിട്ടിയത്. നൊട്ടേഷൻ എഴുതാനും കണ്ടക്ട്ചെയ്യാനും കമ്പോസ്​ ചെയ്യാനുമൊക്കെ ജോൺസൻ നൽകിയ പരിശീലനം പിൽക്കാലത്ത് രാജാമണിയെ അറിയപ്പെടുന്ന സംഗീത സംവിധായകനാക്കി. പക്ഷേ, അവസാന നാളുകളിൽ ജോൺസ​​െൻറ ചിത്രങ്ങൾ തട്ടിയെടുത്താണ് രാജാമണി ഗുരുദക്ഷിണ നൽകിയതെന്ന യാഥാർത്ഥ്യം ഒരു അപ്രിയസത്യമായി കോടമ്പാക്കത്ത് നിലനിൽക്കുന്നു.

നെപ്പോളിയന്‍
 

ഗുരുവായൂർ പരിപാടി കഴിഞ്ഞതോടെ നെപ്പോളിയൻ രക്ഷപ്പെട്ടു. ജോൺസ​​െൻറ സ്​ഥിരം പുല്ലങ്കുഴൽവാദകനായി നെപ്പോളിയൻ. അങ്ങനെ ധാരാളം മലയാള ചിത്രങ്ങൾക്ക് നെപ്പോളിയൻ ഫ്ലൂട്ട്​ വായിച്ചു. യേശുദാസി​​െൻറ തരംഗിണിയിൽ ഒരിക്കൽ ജോൺസ​​െൻറ റെക്കോഡിംഗിന് ഓർക്കസ്​ട്ര മുഴുവൻ റിഹേഴ്സൽ നോക്കിക്കഴിഞ്ഞ് യേശുദാസിനെ കാത്തിരിക്കുകയാണ്​. അടുത്ത റെക്കോഡിംഗിന് മറ്റു സ്​റ്റുഡിയോകളിൽ എത്തേണ്ടവരാണ്​ മിക്കവരും. വളരെ വൈകിയെത്തിയ യേശുദാസ്​ പാട്ട് തെറ്റിക്കാൻ തുടങ്ങിയതോടെ ഓർക്കസ്​ട്രക്കാർ കൂടുതൽ അസ്വസ്​ഥരായി. ഓർക്കസ്​ട്രയാണ്​ തെറ്റിക്കുന്നതെന്ന് ഒരവസരത്തിൽ യേശുദാസ്​ കുറ്റപ്പെടുത്തിയത് രംഗം വഷളാക്കി. ഓർക്കസ്​ട്ര ശരിക്കാണുവായിക്കുന്നത്, താങ്കൾ തെറ്റാതെ പാടാൻ ശ്രമിക്ക് എന്നൊരു കമൻറ്​ ഏതോ മൂലയിൽ നിന്നുയർന്നു. യേശുദാസ്​ ക്ഷുഭിതനായി. ആരാണതു പറഞ്ഞത് എന്നായി അദ്ദേഹം. ഉടൻ വന്നു മറുപടി ‘ഞാനാണ്...’  നെപ്പോളിയൻ! ഒരു നിമിഷത്തേക്ക് എല്ലാം സ്​തംഭിച്ചു. പക്ഷേ,  ഒന്നും സംഭവിച്ചില്ല. നെപ്പോളിയൻ പറഞ്ഞതു ശരിയാണെന്നു ജോൺസൺ കൂടി അംഗീകരിച്ചതോടെ അന്തരീക്ഷം തണുത്തു മരവിച്ചു.

പ്രശസ്​ത മ്യൂസിക് കണ്ടക്ടറായ ജയ്ശേഖർ മലയാളത്തിലും തമിഴിലും വളരെ തിരക്കുള്ള സംഗീതജ്​ഞനായിരുന്നു. കണ്ണൂർ രാജൻ, എ.ടി. ഉമ്മർ, ശ്യാം, എസ്.​പി. വെങ്കിടേഷ്​ ത​ുടങ്ങിയവർക്കെല്ലാം ജയ്ശേഖർ അസിസ്​റ്റാൻറായിരുന്നിട്ടുണ്ട്​. ത​​െൻറ റെക്കോഡിംഗുകൾക്ക് അദ്ദേഹവും നെപ്പോളിയനെ പ്രയോജനപ്പെടുത്താൻ തുടങ്ങി. ജയ്ശേഖർ ഇളയരാജയുടെ കണ്ടക്ടറായപ്പോൾ നെപ്പോളിയനെയും ഒപ്പംകൂട്ടി. തുടക്കം മുതൽ ഇളയരാജയോടൊപ്പം ഫ്ലൂട്ട്​വായിച്ചിരുന്ന രാജയുടെ ഉറ്റ സുഹൃത്തു കൂടിയായ സുധാകറിനെ പ്രതിഫലം കൂട്ടി ചോദിച്ചതി​​െൻറ പേരിൽ പുറത്താക്കിയ സാഹചര്യം കൂടിയായിരുന്നു അത്. ഉയരങ്ങൾ എത്തിപ്പിടിച്ച നെപ്പോളിയനെ രാജ പിന്നീട് ഗായകനുമാക്കി. ‘അരുൾമൊഴി’ എന്ന പേരിൽ രാജയുടെ നിരവധി ഗാനങ്ങൾ നെപ്പോളിയൻ പാടി. ത​​െൻറ അഭാവത്തിൽ പാട്ടുകൾ റെക്കോഡ്​ ചെയ്യാൻ പോലും ഇളയരാജ നെപ്പോളിയനെയാണ്ചുമതലപ്പെടുത്തിയത്​.

തബല ബാലനും രാജാമണിയും
 

സത്യൻ അന്തിക്കാടി​​െൻറ ‘മനസ്സിനക്കരെ’ എന്ന ചിത്രത്തി​​െൻറ റെക്കോഡിംഗ് സാലിഗ്രാമത്തെ പ്രസാദ്​ ലാബ് തിയറ്ററിൽ നടക്കുന്നു. ഇളയരാജയാണ് സംഗീത സംവിധായകൻ. ‘ഇന്ത്യാടുഡേ’ക്കു വേണ്ടി ഒരഭിമുഖത്തിനായി ഞാൻ സത്യൻ അന്തിക്കാടിനെ കാണാൻ തിയറ്റിറിലെത്തി. ഉള്ളിലേക്ക് ആർക്കും പ്രവേശനമില്ല. െപ്രാഡക്ഷൻ മാനേജരോട് എ​​െൻറ ഉദ്ദേശ്യം അറിയിച്ചു. ‘നടക്കില്ല, അദ്ദേഹം രാജാസാറിനൊപ്പം ഇരിക്കുകയാണ്. റെക്കോഡിംഗ് കഴിഞ്ഞേ കാണാൻ പറ്റൂ. വൈകുന്നേരമാകും..’  മാനേജർ ഗൗരവത്തിലാണ്. ‘ഇന്ത്യാടുഡേ’യിൽ നിന്ന് ബാബു എന്നൊരാൾ കാത്തിരിക്കുന്നു എന്ന് ഒന്നറിയിക്കാമോ? ഞാൻ വിനീതനായി. അതു നോക്കാമെന്നായി മാനേജർ. വിവരം അറിഞ്ഞതും മാനേജർക്കൊപ്പം സത്യൻ പുറത്തുവന്നു. ഡോക്ടർ ബാലകൃഷ്​ണ​​െൻറ  സഹായിയായി സത്യൻ പ്രവർത്തിക്കുന്ന കാലംമുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. 

ഇൻറർവ്യു കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോൾ ഇളയരാജയുടെ കൂടെ വാദ്യോപകരണങ്ങൾ വായിക്കുന്ന എ​​െൻറ പല സുഹൃത്തുക്കളെയും കണ്ടു. അവർ അടുത്തുവന്നു കുശലാന്വേഷണങ്ങൾ നടത്തി. തമാശകൾ പറഞ്ഞു. പൊട്ടിച്ചിരിച്ചു. കൂട്ടത്തിൽ നെപ്പോളിയനും ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന്​ അപ്പോൾ എന്നെ അറിയുമായിരുന്നില്ല. സംസാരിക്കാനോ പരിചയമുള്ള ഭാവം കാണിക്കാനോ പോലും അദ്ദേഹം തയാറായില്ല. ചിലപ്പോൾ ശരിക്കും അയാൾ ​എന്നെ മറന്നുപോയതാവാം. കാരണം, കോടമ്പാക്കത്ത്​ പലപ്പോഴും ഒാർമകൾ ഒരു അധികപ്പറ്റാണ്​..
 

Tags:    
News Summary - kodampakkam-stories-movies-malayalam-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.