എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള ഒക്കല്‍ എന്ന കുഞ്ഞുഗ്രാമത്തിന് അടുത്തകാലം വരെ മലയാള സിനിമാഭൂപടത്തില്‍ കാര്യമായ സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം കഴിയുമ്പോള്‍ ഈ ഗ്രാമം ഒരു കുഞ്ഞുനടനെ തിരിച്ചറിയുകയായിരുന്നു, ആദിഷ് പ്രവീണിലൂടെ. മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ഒക്കല്‍ നമ്പിള്ളിയിലേക്ക് കൊണ്ടുവന്നത് ആദിഷ് പ്രവീണ്‍ എന്ന മൂന്നാം ക്ലാസുകാരൻ. കുഞ്ഞുദൈവം എന്ന സിനിമയിലെ തികവാര്‍ന്ന അഭിനയത്തിലൂടെ ദേശീയ പുരസ്കാരം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നു ഈ കുരുന്ന്. 

നമ്പിള്ളി തത്തുപാറ വീട്ടില്‍ പ്രവീൺ-രജനി ദമ്പതിമാരുടെ ഇളയമകനാണ് ആദിഷ്. ബെന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ആദിഷി‍െൻറ സിനിമാപ്രവേശം. ബെന്നിലെ ചാമി എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയിരുന്നു. ബെന്നില്‍ ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് സ്ക്രീന്‍ ടെസ്റ്റിന് ചെല്ലുകയും തുടര്‍ന്നു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചാമി എന്ന കഥാപാത്രത്തെ വിജയകരമായി അവതരിപ്പിച്ചതോടെ മലയാള സിനിമയില്‍ ആദിഷ് ത‍െൻറ സ്ഥാനം ഉറപ്പിച്ചു. ബെന്‍ എന്ന ചിത്രത്തില്‍ ഒരു കൂട്ടുകുടുംബത്തിലെ കുരുന്നിനെ അനായാസമായാണ് ആദിഷ് അവതരിപ്പിച്ചത്. ബെന്നിലെ പ്രകടനത്തിനുശേഷം കൈ നിറയെ ചിത്രങ്ങള്‍ ലഭിച്ചു. 

കോലുമിഠായി, ഒരു മുത്തശ്ശിഗദ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, അലമാര തുടങ്ങിയ ചിത്രങ്ങൾ ആദിഷി‍െൻറ കഴിവ് തെളിയിക്കുന്നതായിരുന്നു. ഒന്നരമാസം കൊണ്ടാണ് കുഞ്ഞുദൈവം ചിത്രീകരിച്ചത്.  ദേശീയ പുരസ്കാരം കുഞ്ഞുദൈവത്തി‍െൻറ സംവിധായകന്‍ ജിയോക്ക് സമര്‍പ്പിക്കുന്നുവെന്ന് ആദിഷ് പറയുന്നു.
മൂന്നാം ക്ലാസിൽ പഠിക്കുന്ന ആദിഷ് ആറാം ക്ലാസ് വിദ്യാർഥിയായാണ് ‘കുഞ്ഞുദൈവ’ത്തിൽ വേഷമിടുന്നത്. പ്രശസ്തർ മരിക്കണം, സ്കൂളിന് അവധി കിട്ടണം. അതാണ് കുട്ടിക്കഥാപാത്രത്തിന്‍റെ എപ്പോഴുമുള്ള ചിന്ത. അതിനായുള്ള പ്രാർഥന... ആദിഷിന്‍റെ കഥാപാത്ര സ്വഭാവമിതാണ്. ഇൗ കഥാപാത്രം എന്ത് പ്രാർഥിച്ചാലും ഫലിക്കുകയും ചെയ്യും. അങ്ങനെ സ്കൂളിന് അവധി കിട്ടും. അപ്പോഴാണ് അവിചാരിതമായി കുട്ടിയുടെ വല്യപ്പൻ മരിക്കുന്നത്. 
അത് അവന് തീരാവേദനയായി. ഇൗ ഇതിവൃത്തം വെറും മൂന്നാം ക്ലാസുകാരനായ ആദിഷ് അതിമനോഹരമായി അഭിനയിച്ച് ഫലിപ്പിച്ചുവെന്ന് സംവിധായകൻ ജിയോ സാക്ഷ്യപ്പെടുത്തുന്നു.

കാലടി ചെങ്ങൽ ജ്ഞാനോദയ സെന്‍ട്രല്‍ സ്കൂളിലെ വിദ്യാർഥിയാണ് ആദിഷ്. മാതാപിതാക്കളും സ്കൂള്‍ അധികൃതരും പൂര്‍ണപിന്തുണയാണ് ആദിഷിന് നല്‍കുന്നത്. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദൈവാനുഗ്രഹമാണ് ഈ നേട്ടത്തിനു പിന്നിലെന്നും ആദിഷി‍െൻറ മാതാപിതാക്കള്‍ പറയുന്നു. പ്ലസ് വണ്‍ വിദ്യാർഥിനിയായ സഹോദരി അശ്വനിക്കൊപ്പം അവാര്‍ഡ് വാങ്ങാന്‍ പോകാനുള്ള ഒരുക്കത്തിലാണ് ആദിഷ്. മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രത്തലാണ് ആദിഷ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Tags:    
News Summary - adish praveen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.