മലയാള സിനിമ ആകെ മാറി -ജോസ് തോമസ്

മുഖ്യധാരാ സിനിമയുടെ പാതയിലൂടെ സിനിമയിലെത്തിപ്പെട്ടതെങ്കിലും സമാന്തര സങ്കല്‍പങ്ങളുമായി സിനിമയെടുത്ത് തുടങ്ങിയ സംവിധായകനാണ് ജോസ് തോമസ്. ടി.എ റസാഖിന്‍റെ തിരക്കഥയില്‍ 'എന്‍റെ ശ്രീക്കുട്ടിക്കും' ലോഹിതദാസിന്‍റെ തിരക്കഥയില്‍ 'സാദരവും' സംവിധാനം ചെയ്‌തു. എന്നാൽ ഇവ പ്രതീക്ഷിച്ച് വിജയം നേടിയില്ല. പിന്നീട് കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, അടിവാരം, മീനാക്ഷി കല്ല്യാണം, മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, ടോക്യോ നഗരത്തിലെ വിശേഷങ്ങള്‍, സുന്ദരപുരുഷന്‍, സ്‌നേഹിതന്‍, യൂത്ത് ഫെസ്റ്റിവല്‍, ചിരട്ടകളിപ്പാട്ടങ്ങള്‍, മായാമോഹിനി, ശൃംഗാരവേലന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത് മുഖ്യധാരാ സംവിധായകർക്കൊപ്പം ഉയർന്നു. ഉദയ് കൃഷ്ണ-സിബി കെ. തോമസിന്‍റെ തിരക്കഥകളിലാണ് കൂടുതൽ ചിത്രങ്ങളും ഒരുക്കിയത്. എല്ലാ ചിത്രങ്ങളും ജനപ്രീതി പിടിച്ചുപറ്റി. ഒരു ഇടവേളക്ക് ശേഷം ബിജു മേനോനെ നായകനാക്കി 'സ്വർണ്ണക്കടുവ' എന്ന ചിത്രമൊരുക്കുന്ന തിരക്കിലാണ് ജോസ് തോമസ്. ഇടവേളയില്‍ അദ്ദേഹം 'മാധ്യമം' ഓണ്‍ലൈനോട് സംസാരിക്കുന്നു.

മുഖ്യധാരാ സിനിമയില്‍ തന്നെ വേറിട്ട പാത ആ്രഗഹിച്ചിരുന്ന താങ്കള്‍ എങ്ങനെയാണ് ചിരിപ്പടങ്ങളിലെത്തിപ്പെട്ടത്?

ടി.എ റസാഖിന്‍റെ തിരക്കഥയിലാണ് ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്നത്. പിന്നീട് ലോഹിതദാസിന്‍റെ തിരക്കഥയില്‍ 'സാദരം' എന്ന സിനിമ ചെയ്തു. അതിനു ശേഷമാണ് ഹ്യൂമർ ടൈപ്പ് സിനിമയിലേക്ക് മാറിയത്. ഒരിക്കലും ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത കഥകളും കഥാപാത്രങ്ങളുമൊക്കെയായിരുന്നു അവ. കെട്ടുകാഴ്ചയെന്നു വേണമെങ്കില്‍ പറയാം.  തമാശാ പ്രധാന്യമുള്ള കഥകളായിരുന്നു അക്കാലങ്ങളിൽ വിജയിച്ചത്. സിനിമ വിജയിക്കേണ്ടത് ഒരു സംവിധായകന്‍റെ കൂടി ആവശ്യമായതുകൊണ്ടാണ് അത്തരം സിനിമയിലേക്ക് മാറിയത്. അത് വിജയം കാണുകയും ചെയ്തു.

ലോഹിതദാസിന്‍റെ തിരക്കഥയില്‍ നിന്ന് ഉദയ് കൃഷ്ണ-സിബി കെ. തോമസിന്‍റെ തിരക്കഥകളിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?

ലോഹിതദാസിന്‍റെ തനിയാവര്‍ത്തനം മുതല്‍ അദ്ദേഹത്തിന്‍റെ അസോസിയേറ്റാണ്. ആ ബന്ധത്തില്‍ അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റില്‍ സുരേഷ് ഗോപിയെ വെച്ച് ചെയ്ത സാദരം എന്ന സിനിമ ആവറേജ് വിജയം മാത്രമായിരുന്നു. സുരേഷ്‌ഗോപി ആക്ഷന്‍ ഹീറോ ആയി വരുന്ന സന്ദര്‍ഭത്തില്‍ ഒരു കുടുംബ കഥ പറയുന്ന ചിത്രമായിരുന്നു അത്. പ്രതീക്ഷിച്ചത്ര വിജയം സാദരത്തിനുണ്ടായില്ല. പിന്നീട് വന്‍ഹിറ്റുകള്‍ ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഉദയകൃഷ്ണനെപോലുള്ളവരുടെ തിരക്കഥയില്‍ ഉദയപുരം സുല്‍ത്താന്‍ പോലുള്ള സിനിമകളെടുക്കുന്നത്. വീണ്ടും സുരേഷ് ഗോപിയെ വെച്ച് സുന്ദരപുരുഷന്‍ ചെയ്യുന്നത്. അന്നത്തെ ഒരു സാഹചര്യമതായിരുന്നു. ഇപ്പോള്‍ പ്രേക്ഷകര്‍ മാറി, സാഹചര്യം മാറി.

 

താങ്കള്‍ ചെയ്ത കെട്ടുകാഴ്ച സിനിമകളില്‍ നിന്ന് മലയാള സിനിമ ഇന്ന് ഒരുപാട് മുമ്പോട്ടു പോയില്ലേ

തീർച്ചയായും. രണ്ട് വർഷം കൊണ്ട് മലയാള സിനിമക്ക് വലിയ മാറ്റം വന്നു. ഒരുപാട് ചലച്ചിത്ര പ്രവര്‍ത്തകരും താരങ്ങളും വരികയും സിനിമാ സംസ്കാരം തന്നെ മാറുകയും ചെയ്തിട്ടുണ്ട്. ആ മാറ്റത്തിനനുസരിച്ച് നമ്മളും മാറുക എന്നതിന്‍റെ ഭാഗമാണ് കുറച്ചുകൂടി റിയലിസറ്റിക് ആയ സിനിമയുമായി വരാന്‍ പ്രേരിപ്പിക്കുന്നത്. ആദ്യകാലത്ത് ചെയ്ത റിയലിസ്റ്റിക് സിനിമ പോലെയല്ല. റിയലിസറ്റിക് കഥയില്‍ കുറച്ചു സ്വാഭാവിക ഹ്യൂമര്‍കൂടി ചേര്‍ന്നുള്ളതാണ് പുതിയ സിനിമയായ 'സ്വർണക്കടുവ'. സ്വാഭാവിക നര്‍മമാണ് ചിത്രത്തിലുള്ളത്.

സിനിമയുടെ വിജയച്ചേരുവ ഹ്യൂമറാണോ?
ഹ്യൂമര്‍ എക്കാലത്തും ജനങ്ങള്‍ ഇഷ്ടപ്പെടും. തമാശ യാഥാര്‍ഥ്യബോധത്തോടെ കാണിച്ചാല്‍ ജനങ്ങള്‍ സ്വീകരിക്കും. ചിരിക്കുകയെന്നതും ചിരിപ്പിക്കുകയെന്നതും മനുഷ്യന്‍റെ മാത്രം പ്രത്യേകതയാണ്. കോമഡി കൂടുതലും ഉണ്ടാകുന്നത് മണ്ടത്തരത്തില്‍ നിന്നാണ്. ഒരു കഥാപാത്രത്തിന്‍റെ പൊങ്ങച്ചത്തില്‍ നിന്നും വിഡ്ഢിത്തത്തില്‍ നിന്നും കോമഡിയുണ്ടാകാറുണ്ട്. പട്ടിണിയില്‍ നിന്ന് കോമഡിയുണ്ടാകാറുണ്ട്. നാടോടിക്കാറ്റ് പോലുള്ള സിനിമയില്‍ പശുവിന് വാങ്ങിയ പിണ്ണാക്കെടുത്ത് കഴിച്ചു എന്ന് വരുമ്പോള്‍ പട്ടിണിയുടെ ആഴം വ്യക്തമാണെങ്കിലും ഒരു കോമഡിയുണ്ടായിരുന്നു. തമാശകള്‍ സൃഷ്ടിക്കപ്പെടുന്നത് അങ്ങനെയൊക്കെയാകാം. ഞാന്‍ ഈ സിനിമയില്‍ സ്വാഭാവിക ഹാസ്യം ചെയ്യുന്നത് പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു ഹീറോയിലൂടെയാണ്. ശരിക്കും പറഞ്ഞാല്‍ ഒരു നെഗറ്റീവ് കാരക്ടറാണ്. അവസാനത്തില്‍ മാത്രമാണ് ജീവിതയാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പോസിറ്റീവായി ചിന്തിക്കുന്നത്. അയാള്‍ ഇടപെടുന്ന സാഹചര്യങ്ങള്‍ നര്‍മങ്ങളിലൂടെ കടന്നുപോവുകയാണ്. കഥ പറയാന്‍ ഉപയോഗിക്കുന്ന മാര്‍ഗമായിട്ടാണ് നര്‍മം. അല്ലാതെ തമാശ സൃഷ്ടിക്കാന്‍ വേണ്ടി തമാശയുണ്ടാക്കുന്നതല്ല. മറ്റു സിനിമകളില്‍ തമാശക്ക് വേണ്ടി മാത്രം സന്ദർഭങ്ങളുണ്ടാക്കിയിട്ടുണ്ട്. കഥ പറയുമ്പോള്‍ മേമ്പൊടിക്ക് വേണ്ടി മാത്രമാണ് നര്‍മം ചേർത്തത്.

ന്യൂ ജെന്‍ സിനിമകള്‍ കഥയില്ലായ്മയിലേക്ക് പോയി എന്ന ആരോപണം ശരിയാണോ?

ന്യൂ ജെന്‍ എന്ന പ്രയോഗം തന്നെ ശരിയല്ല. അങ്ങനെയെങ്കില്‍ പഴയ കാലത്ത് ന്യൂ ജെന്‍ സിനിമകള്‍ ചെയ്തിട്ടുള്ളവരാണ് ഭരതനും പത്മരാജനും. പത്മരാജന്‍റെ ഒരിടത്തൊരു ഫയല്‍വാന്‍, പെരുവഴിയമ്പലം, തിങ്കളാഴ്ച നല്ല ദിവസം ഒക്കെ അക്കാലത്തെ ന്യൂ ജെന്‍ സിനിമകളായിരുന്നു. പത്മരാജന്‍റെ തിരക്കഥയിൽ ഭരതന്‍ ചെയ്ത ലോറി എന്ന ചിത്രവും ന്യൂ ജെന്‍ സിനിമകളായിരുന്നു. പക്ഷേ അന്നൊന്നും ആരും അതിനെ ന്യൂ ജെന്‍ സിനിമ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് മാത്രം.

അന്നത്തെ ന്യൂ ജെനും ഇന്നത്തെ ന്യൂ ജെനും തമ്മിലുള്ള വ്യത്യാസമുണ്ടോ‍?

മേക്കിങില്‍ മാത്രമാണ് വ്യത്യാസം. ഡിജിറ്റല്‍ മേക്കിങ് വന്നതോടെ മോണിറ്റര്‍ വെച്ച് കാണാമെന്നായി. പണ്ടൊക്കെ ഞങ്ങള്‍ സിനിമ ചെയ്യുമ്പോള്‍ അതിനൊരു വ്യാകരണമുണ്ടായിരുന്നു. അതിന്റെ ഒഴുക്ക് നഷ്ടപ്പെടാതിരിക്കത്തക്ക രീതിയില്‍ ഷോട്ടുകളെടുത്തിരുന്നു. ന്യൂ ജെന്‍ പിള്ളേര് വന്ന് അതിനെ തകിടം മറിച്ച് നേരെ ജമ്പ് കട്ടിലേക്ക് തിരിഞ്ഞു. ഒരേ സീനിലുള്ള ആര്‍ട്ടിസ്റ്റ് അടുത്ത സീന്‍ ആരംഭിക്കുമ്പോഴും അതേ സീനില്‍ തന്നെ തുടരുക, താളം ഇല്ലാത്ത തരത്തില്‍ ഷോട്ടുകളെടുക്കുക ഇതൊക്കെയാണ് ന്യൂ ജെന്‍ രീതികള്‍. കഥാപരമായി നോക്കുകയാണെങ്കില്‍ എല്ലാ കാലവും പ്രണയവും പ്രതികാരവും മറ്റുമൊക്കെത്തന്നെയാണ്. സംഭാഷണത്തിന്റെ രീതികളും മാറി. പണ്ട് കൂടുതല്‍ നാടകീയതയുണ്ടായിരുന്നു. ഇപ്പോള്‍ അത് മാറി കുറച്ചുകൂടി നാച്വറലായി. അതൊക്കെ എനിക്കിഷ്ടമാണ്.

ലോഹിതദാസിനെ പോലുള്ളവര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ നല്ല കഥകളും വിജയങ്ങളും ഉണ്ടാകുമായിരുന്നില്ലേ?

എനിക്ക് സംശയമുണ്ട്. കേരളത്തില്‍ പണത്തിന്‍റെ കുത്തൊഴുക്ക് വരികയും ഇപ്പോള്‍ കാണുന്ന തലമുറ ദാരിദ്ര്യമെന്തെന്നറിയാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. മുമ്പ് തുലാഭാരം എന്ന സിനിമ പട്ടിണികൊണ്ട് കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയാത്ത ഒരു അമ്മയുടെ കഥയായിരുന്നെങ്കില്‍ ഇന്നത് ഏല്‍ക്കില്ല. ജീവിതഗന്ധി എന്ന് ഉദ്ദേശിക്കുന്നത് ഇന്നത്തെ ജീവിതവുമായി ബന്ധപ്പെട്ട് പോകുന്ന കഥയാകണം. ഇന്നത്തെ കാലത്ത് പട്ടിണിയുടെ കഥ പറഞ്ഞാല്‍ പ്രേക്ഷകർ കൂവും. പണ്ട് ഒരു മരണവീട്ടില്‍ നമ്മള്‍ ചെന്നാല്‍ വാവിട്ടു കരയുന്ന ബന്ധുക്കളെ കാണാമായിരുന്നു. ഇന്ന് മരണവീട്ടില്‍ ആഘോഷത്തിന്റെ അവസ്ഥയാണ്. അത് ജീവിതത്തില്‍ വന്ന മാറ്റമാണ്. ആ മാറ്റം സ്വാഭാവികമായി സിനിമയിലുമുണ്ടാകും. അത് നമ്മള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. പഴയത് ജീവിത ഗന്ധിയാണ് എന്നെല്ലാം പറഞ്ഞാലും ഈ കാലഘട്ടത്തിന്റെ മാറ്റം സിനിമയിലും സാഹിത്യത്തിലുമുണ്ടാകും. ഞാനും അത്തരം മാറ്റങ്ങള്‍ സിനിമയില്‍ പരീക്ഷിക്കുന്നതില്‍ വിമുഖത കാണിക്കാറില്ല.

ക്ലൈമാക്‌സിനെകുറിച്ച് താങ്കളുടെ സങ്കല്‍പം എന്താണ്?

ഓരോ കഥക്കും അനുയോജ്യമായ രീതിയിലാണ് ക്ലൈമാക്‌സ്. എന്റെ മുൻ ചിത്രങ്ങൾ സംഘട്ടനങ്ങളിലാണ് അവസാനിച്ചത്. എന്നാല്‍ പുതിയ സിനിമയില്‍ എന്താണ് ജീവിതമെന്ന് തിരിച്ചറിയുന്നതാണ് ക്ലൈമാക്‌സ്. മുമ്പ് നായകൻ പ്രതികാരം ചെയ്ത് പരാജയപ്പെടുത്തി വിജയശ്രീലാളിതനായിട്ട് പോകുന്നതായിരുന്നു ക്ലൈമാക്‌സ്. എന്നാല്‍ ദിലീപിനെ വെച്ച് ചെയ്ത ഉദയപുരം സുല്‍ത്താനില്‍ ക്ലൈമാക്‌സില്‍ സംഘട്ടനമൊന്നുമില്ല . മുസ്‌ലിം യുവാവിന് ഹിന്ദു യുവതിയെ മുത്തച്ഛന്‍ കൈ പിടിച്ചു കൊടുക്കുന്നിടത്താണ് ക്ലൈമാക്‌സ്. ഓരോ കഥക്കും അനുയോജ്യമായ രീതിയിലായിരിക്കും ക്ലൈമാക്‌സ്. എന്നു നിന്റെ മൊയ്തീനെപോലെ ഒന്നിക്കാതിരുന്നാല്‍ അതും ആ കഥ അര്‍ഹിക്കുന്ന ഒരു ക്ലൈമാക്‌സാണ്. അപ്പോള്‍ കഥയുടെ ആവശ്യകതയാണ് ക്ലൈമാക്‌സ് നിര്‍ണയിക്കുന്നത്. അത് പ്രേക്ഷകരുടെ ആവശ്യത്തിനും ആഗ്രഹത്തിനുമാകണം. കഥ പറയുമ്പോള്‍ അത് വേണമെന്നില്ല. എന്നാല്‍ സിനിമയാകുമ്പോള്‍ പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ കൂടി കണക്കിലെടുക്കണം. അതാണ് ഒരു സംവിധായകന്‍റെ വിജയം.

'സ്വർണ്ണക്കടുവ'യിലെ രംഗം
 

താങ്കളുടെ നായകർ
സുന്ദരപുരുഷനില്‍ സുരേഷ് ഗോപിക്ക് പകരം ദിലീപോ ജയറാമോ ആയിരുന്നെങ്കില്‍ പടം വിജയിക്കുമായിരുന്നു എന്ന ആരോപണമുണ്ടായിരുന്നു. സീരിയസ് വേഷം ചെയ്യുന്ന സുരേഷ് ഗോപിയെകൊണ്ട് ഹ്യൂമര്‍ ചെയ്യിക്കുന്നതിലുള്ള ത്രില്‍ ആണ് അന്ന് ഞാന്‍ കണ്ടത്. ആക്ഷന്‍ ചെയ്തുകൊണ്ടിരുന്ന സുരേഷ് ഗോപിയെകൊണ്ട് എങ്ങനെ ഹ്യൂമര്‍ ചെയ്യിപ്പിക്കാം എന്നായിരുന്നു പരീക്ഷിച്ചത്. ഒരര്‍ഥത്തില്‍ മലയാളത്തിലെ എല്ലാ താരങ്ങളും അസാമാന്യ പ്രതിഭകളാണ്. അതേ സമയം ഒരു കഥയാലോചിക്കുമ്പോള്‍ ആ കഥാപാത്രത്തിന് കൂടുതല്‍ യോജിക്കുന്നയാളെ കാസ്റ്റ് ചെയ്യും. ഈ പടം ആലോചിച്ചപ്പോള്‍ ബിജു മേനോനല്ലാതെ  മലയാളത്തില്‍ ഈ കഥാപാത്രം ചെയ്യാന്‍ അനുയോജ്യര്‍ വേറെയില്ല. അതിനാലാണ് ബിജുമേനോനുവേണ്ടി ഒന്നരവര്‍ഷത്തോളം കാത്തിരിക്കാൻ തീരുമാനിച്ചത്. ദിലീപിനെ വെച്ച്  ഈ സിനിമ ചെയ്യണമെങ്കില്‍ ചെയ്യാം. പക്ഷേ പ്രേക്ഷകര്‍ പെട്ടെന്ന് സ്വീകസ്വീകരിക്കണമെന്നില്ല. എന്ന്കരുതി ദിലീപ് മോശം നടനല്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.